രണ്ടും മൂന്നും വർഷം ഗൾഫിൽ തനിച്ച് തൊഴിലെടുത്ത്, അതിനിടയിൽ രണ്ടോ മൂന്നോ മാസം അവധിക്ക് നാട്ടിലെത്തി കുടുംബ ജീവിതം നയിക്കുന്ന പ്രവാസം ഇന്ന് മാറിത്തുടങ്ങി. പുതിയ കാലത്ത് കുടുംബസമേതം പല വിദേശരാജ്യങ്ങളിലുമായി തൊഴിലെടുക്കുകയും, കാനഡയിലും യൂറോപ്പിലും അമേരിക്കയിലുമെത്തി പൗരത്വം സ്വീകരിക്കലുമെല്ലാം ഇന്ത്യക്കാർക്കിടയിൽ പതിവായി മാറുകയാണ്. സുഖകരമായ കുടുംബ ജീവിതത്തിനിടയിൽ, വിദേശത്ത് കഴിയുന്ന ഭാര്യമാർ ചിലപ്പോൾ കുടുംബ പ്രശ്നങ്ങളെയും അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.
വിദേശങ്ങളിൽ വിവിധ തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയരാവുകയും ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നത് കൂടിവരുന്നതായി പല റിപ്പോർട്ടുകളും സൂചന നൽകുന്നു. അതുപോലെ, നാട്ടിൽവെച്ച് വിവാഹം ചെയ്ത് വിദേശങ്ങളിലേക്ക് തിരിച്ചുവന്നു പിന്നീട് ഭാര്യമാരെ സംരക്ഷിക്കാതെ വരുക, വിദേശത്ത് നിലവിൽ പങ്കാളിയുണ്ടായിരിക്കെ പ്രസ്തുത വിവരം മറച്ചുവെച്ച് വഞ്ചനാപരമായ ഉദ്ദേശ്യത്തോടെ ഇന്ത്യയിൽവെച്ച് വിവാഹം കഴിച്ച് പിന്നീട് ഉപേക്ഷിക്കുക. കുട്ടികളുമായി ഇടപഴകാൻ അമ്മമാരെ അനുവദിക്കാതിരിക്കുക. ഭാര്യ നൽകുന്ന വിവാഹ മോചന കേസുകൾ സാങ്കേതിതത്വത്തിന്റെയും നിയമകുരുക്കുകളിലൂടെയും അനിശ്ചിതമായി നീട്ടികൊണ്ടുപോവുക...
ഇങ്ങനെയുള്ള നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ദേശീയ വനിത കമീഷനു കീഴിൽ എൻ.ആർ.ഐ വനിത സെൽ പ്രവർത്തിക്കുന്നുണ്ട്. ലോക്കൽ പൊലീസ്, ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ഇന്ത്യൻ എംബസികൾ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക. ഇത്തരം പരാതികൾ ലഭിച്ചാൽ പരാതി രജിസ്റ്റർ ചെയ്ത് അതിന്റെ മെറിറ്റ് വിലയിരുത്തി പരാതി നൽകിയ ആൾക്ക് നിയമപരമായ കാര്യങ്ങളിലും മറ്റും കൗൺസലിങ് അടക്കമുള്ള സഹായങ്ങൾ പ്രാഥമികമായി നൽകും. പിന്നീട് ആവശ്യമായ കേസുകളിൽ അനുരജ്ഞന ചർച്ചക്ക് വഴിയൊരുക്കി പ്രശ്നപരിഹാര സാധ്യത തേടും. ഇതിനുശേഷം ഉചിതമായ ഇടപെടലുകളും നടത്തും.
ഇന്ത്യയുമായി 43 രാജ്യങ്ങൾ ക്രിമിനൽ നിയമപരമായ പരസ്പര സഹായ ഉടമ്പടി ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം സംവിധാനങ്ങളും പ്രശ്നപരിഹാരത്തിനുവേണ്ടി പ്രയോജനപ്പെടുത്തുന്നുണ്ട്.
ഇത്തരം കേസുകൾ കൈകാര്യം ചെയ്യുന്നതിനായി ഓരോ കേസിനും 4000 യു.എസ് ഡോളർ വരെ ചെലവഴിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. 2019-2022 നുമിടയിൽ 2056 പരാതികളാണ് ഇപ്രകാരം വനിത എൻ.ആർ.ഐ സെല്ലിന് ലഭിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ പല നിയമങ്ങളും കൃത്യസമയത്ത് നിയമപരമായ നടപടികൾ സ്വീകരിക്കാൻ പ്രയാസമുണ്ടാകുന്നതും റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും ഏറെപ്പേർക്ക് ആശ്വാസകരമായ നടപടികൾ ലഭിക്കുന്നുണ്ട്.
2019 ൽ എൻ.ആർ. ഐ വിവാഹവുമായി ബന്ധപ്പെട്ട സമഗ്ര ബിൽ ‘The registration of Marriage of Non Resident Indians’ രാജ്യസഭയിൽ അവതരിപ്പിക്കുകയും ഐക്യകേണഠ്യന പാസാക്കുകയും ചെയ്തതാണ്. പ്രസ്തുത ബിൽ ലോക്സഭയുടെ പരിഗണയിലുമാണ്. ഈ ബിൽ ആദ്യം രാജ്യസഭയിൽ പാസാക്കിയതിനാൽ നിർബന്ധമായും ലോകസഭയിലും പരിഗണിക്കപ്പെടേണ്ടതാണ്. കാലതാമസം ഇക്കാര്യത്തിൽ ഉണ്ടായത് പരിഹരിക്കെപ്പടേണ്ടതുണ്ട്.
സ്ത്രീശാക്തീകരണത്തിനായുള്ള പതിനാലാമത് പാർലമെന്ററി സമിതിയുടെ ശിപാർശ പ്രകാരം 2008 മുതൽ നിലവിൽ വന്ന ഈ സംവിധാനം ഗൾഫ് രാജ്യങ്ങളിൽനിന്നുള്ളവർ പ്രയോജനപ്പെടുത്തുന്നത് താരതമ്യേന കുറവാണ്.
പരാതികൾ താഴെക്കാണുന്ന ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത് നൽകാവുന്നതാണ്.
https://ncwapps.nic.in/nricellcms/ frmNewUserRegistration.aspx
NRI Cell, National Commission for women
Plot No. 21, Jasola Institutional Area,
New Delhi -110 025, nricell-ncw@nic.in
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.