ദോഹ: ആദ്യ രണ്ടു ഘട്ടങ്ങളിലും ലോകകപ്പിന് ടിക്കറ്റ് ലഭിക്കാത്ത ആരാധകർ നിരാശപ്പെടേണ്ടെന്ന് ഫിഫ. ഇവർക്കായി മൂന്നാം ഘട്ട ടിക്കറ്റ് വിൽപന അധികം വൈകാതെ ആരംഭിക്കുമെന്ന് ഫിഫ വെബ്സൈറ്റ് വഴിയുള്ള സന്ദേശത്തിൽ അറിയിച്ചു.
ആദ്യ രണ്ടു ഘട്ടങ്ങളിലും റാൻഡം നറുക്കെടുപ്പിലൂടെയാണ് ടിക്കറ്റ് അനുവദിച്ചതെങ്കിൽ മൂന്നാം ഘട്ടത്തിൽ ആദ്യമെത്തുന്നവർക്ക് ആദ്യം (ഫസ്റ്റ് കം ഫസ്റ്റ്) എന്ന നിലയിലാവും ടിക്കറ്റുകൾ അനുവദിക്കുക. വെബ്സൈറ്റ് വഴി വിൽപന ആരംഭിക്കുമ്പോൾ ഏറ്റവും വേഗത്തിൽ ടിക്കറ്റ് ബുക്ക് ചെയ്ത് പണമടക്കുന്നവർക്കാവും ലഭിക്കുക. ടിക്കറ്റ് ലഭ്യതയുടെ അടിസ്ഥാനത്തിൽകൂടിയായിരിക്കും മൂന്നാം ഘട്ടത്തിലെ വിൽപന പുരോഗമിക്കുകയെന്ന് ഫിഫ പ്രസ്താവനയിൽ അറിയിച്ചു. ടിക്കറ്റ് വിൽപന ആരംഭിച്ചാൽ, വേഗത്തിൽ വിറ്റഴിയുമെന്നും ആവശ്യമുള്ള ആരാധകർക്ക് വെബ്സൈറ്റ് സന്ദർശിച്ച് തങ്ങളുടെ അപേക്ഷ സമ
ർപ്പിക്കാൻ ജാഗ്രത പാലിക്കണമെന്നും വ്യക്തമാക്കി. മൂന്നു ഘട്ടങ്ങളിലായി ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റ് വിൽപന പുരോഗമിക്കുമെന്നായിരുന്നു ഫിഫ നേരത്തേതന്നെ അറിയിച്ചത്. ജനുവരി 19 മുതൽ മാർച്ച് 29 വരെയായിരുന്നു ഒന്നാം ഘട്ടം വിൽപന. റാൻഡം നറുക്കെടുപ്പിലൂടെയും ശേഷം ചുരുങ്ങിയ ദിവസം ഫസ്റ്റ് കം ഫസ്റ്റ് എന്ന നിലയിലും വിൽപന പൂർത്തിയാക്കി. ഈ ഘട്ടത്തിൽ 8.04 ലക്ഷം ടിക്കറ്റുകളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ആരാധകർക്കായി ലഭ്യമാക്കിയത്.ഏപ്രിൽ അഞ്ചു മുതൽ 28 വരെയായിരുന്നു രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ്. മേയ് 31ന് പുറത്തുവിട്ട റാൻഡം നറുക്കെടുപ്പിന്റെ അടിസ്ഥാനത്തിൽ ജൂൺ 17 വരെയായിരുന്നു ഈ ടിക്കറ്റിന് പണം അടക്കാൻ ആരാധകർക്ക് നൽകിയ സമയം. രണ്ടു ദിവസം അധികം നൽകിയാണ് ഈ നടപടി പൂർത്തിയാക്കിയത്. രണ്ടാം ഘട്ടത്തിൽ വിറ്റഴിച്ച ആകെ ടിക്കറ്റുകൾ എത്രയെന്ന് ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.