മദ്യം പടിക്കു പുറത്താക്കിയ ലോകകപ്പ്; ഖത്തർ ഐഡിയ കൊള്ളാമെന്ന് ന്യൂസിലൻഡും

ദോഹ: ലോകകപ്പ് ഫുട്ബാൾ വേളയിൽ കാണികളുടെയും ഫിഫയുടെയുമെല്ലാം പ്രശം​സ നേടിയതായിരുന്നു ഖത്തറിലെ കുടുംബ സൗഹൃദാന്തരീക്ഷം. മദ്യം പടിക്ക് പുറത്താക്കി, സ്റ്റേഡിയങ്ങളിലും പൊതു ഗതാഗത സംവിധാനങ്ങളിലും പൊതു ഇടങ്ങളിലുമെല്ലാം സ്ത്രീകൾക്ക് സുരക്ഷിതത്വം പകർന്ന ലോകകപ്പിന്റെ നല്ല മാതൃകകൾ പിൻപറ്റാനാണ് ഇപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ശ്രമങ്ങൾ. കളിയുത്സവം കഴിഞ്ഞതിനു പിന്നാലെ, ഖത്തറിന്റെ വിജയകരമായ ഘടകങ്ങളിൽ ഒന്നായ മദ്യരഹിത ​ആശയവും പലരും കടമെടുക്കുന്നു.

കുടുംബസൗഹൃദ ആശയവും മദ്യരഹിത വേദിയും വരാനിരിക്കുന്ന ന്യൂസിലൻഡിലെ വനിത ലോകകപ്പിലും നടപ്പാക്കണമെന്ന് ആവശ്യമുയരുന്നു. മദ്യപാനം പരിമിതപ്പെടുത്തുന്നതിലൂടെയോ, കുട്ടികൾ ഉൾപ്പെടുന്ന കുടുംബങ്ങൾക്ക് നിശ്ചിത മേഖലകൾ വിപുലീകരിച്ചോ അവരുടെ ആസ്വാദനം കൂടുതൽ സുരക്ഷിതവും മെച്ചപ്പെടുത്താനും കഴിയുമെന്ന് ഡിഅഡിക്ഷൻ മെഡിസിനിലെ വിദഗ്ധൻ പ്രഫസർ ഡഗ് സെൽമൻ നിർദേശിക്കുന്നു.

ആൽക്കഹോൾ രഹിതമോ നിയന്ത്രിതമോ ആയ പ്രദേശങ്ങൾ കൂടുതൽ സൃഷ്ടിക്കപ്പെടുന്നത് കുടുംബങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വവും എല്ലാവർക്കുമായി ആസ്വാദന സാഹചര്യം വഴിയൊരുക്കുകയും ചെയ്യുമെന്ന് പ്രഫസർ സെൽമൻ പറയുന്നു. വരുന്ന ജൂലൈ മാസത്തിലാണ് ഫിഫ വനിത ലോകകപ്പ് ഫുട്ബാളിന് ന്യൂസിലൻഡ് വേദിയാവുന്നത്.

ഖത്തറിലെ ലോകകപ്പ് ഫുട്‌ബാൾ സുരക്ഷയിലും കുടുംബങ്ങളുൾപ്പെടുന്ന കാണികളുടെ സംരക്ഷണത്തിലും പരക്കെ പ്രശംസിക്കപ്പെട്ടിരുന്നു. കുടുംബങ്ങൾക്ക് ആശങ്കകളില്ലാതെ പങ്കെടുക്കാനുള്ള സൗഹൃദാന്തരീക്ഷം ഖത്തർ ലോകകപ്പിലൂടെ ലഭിച്ചിരുന്നു.

സ്‌റ്റേഡിയങ്ങൾക്ക് സമീപത്തും പരിസരത്തുമായി മദ്യം വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തിയ ഫിഫയുടെയും അധികൃതരുടെയും നീക്കം സമൂഹത്തിലുടനീളം പ്രത്യേകിച്ച് കുടുംബങ്ങളിൽനിന്നും സ്ത്രീകളിൽനിന്നും പ്രശംസ നേടിയിരുന്നു. വേദികളിലും ഫാൻസോണുകളിലും മദ്യത്തിന്റെ ലഭ്യത നേരത്തെ സംഘാടകർ ഉറപ്പുനൽകിയിരുന്നെങ്കിലും അവസാന നിമിഷം സ്റ്റേഡിയങ്ങൾക്കുസമീപത്ത് നിന്നും മദ്യവിൽപന നീക്കം ചെയ്ത തീരുമാനം കാണികളുടെ സുരക്ഷക്ക് മുൻഗണന നൽകിയിരുന്നു.

Tags:    
News Summary - World Cup banned alcohol; New Zealand also said that the Qatar idea is good

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.