ദോഹ: 2022 ലോകകപ്പിലെ പ്രധാന സ്റ്റേഡിയങ്ങളിലൊന്നായ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ ആദ്യ ഔദ്യോഗിക മത്സരം അരങ്ങേറി. ക്യു.എൻ.ബി സ്റ്റാർസ് ലീഗിെൻറ ആദ്യ മത്സരമാണ് സ്റ്റേഡിയത്തിൽ നടത്തിയത്. അൽ ഖർതിയ്യാത്തും അൽസദ്ദുമാണ് പോരടിച്ചത്. ജയം അൽ സദ്ദിനായിരുന്നു. വിയ്യാ റിയലിൽനിന്ന് അൽ സദ്ദിലേക്ക് കൂടുമാറിയെത്തിയ സാൻഡി കസോർളയെന്ന സ്പാനിഷ് താരത്തിെൻറ ഡബ്ൾ മികവിൽ അൽ ഖർതിയ്യാത്തിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് സ്റ്റാർസ് ലീഗിെൻറ ആദ്യ മത്സരത്തിൽ അൽ സദ്ദ് പരാജയപ്പെടുത്തിയത്. ബഗ്ദാദ് ബുനജാഹ്, അക്റം അഫീഫ് എന്നിവർ ഓരോ ഗോൾ വീതം നേടി.
ഈ വർഷം ജൂണിലാണ് ലോകകപ്പിനായുള്ള മൂന്നാമത്തെ സ്റ്റേഡിയം സുപ്രീം കമ്മിറ്റി ലോകത്തിന് സമർപ്പിച്ചത്. കോവിഡ്- 19 കാരണം ഒാൺലൈനിലൂടെ നടന്ന പ്രൗഢമായ ചടങ്ങിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയാണ് സ്റ്റേഡിയത്തിെൻറ ഉദ്ഘാടനം നിർവഹിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം നടന്ന ക്യു.എൻ.ബി സ്റ്റാർസ് ലീഗിെൻറ ആദ്യ മത്സരമാണ് സ്റ്റേഡിയത്തിലെ പ്രഥമ ഔദ്യോഗിക മത്സരമായി അവതരിപ്പിച്ചത്. മരുഭൂമിയിലെ വജ്രമെന്നറിയപ്പെടുന്ന എജുക്കേഷൻ സിറ്റി സ്റ്റേഡിയം കഴിഞ്ഞ വർഷം ഫിഫ ക്ലബ് ലോകകപ്പിനോടനുബന്ധിച്ച് ഉദ്ഘാടനം തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു. 40,000 ഇരിപ്പിടങ്ങളാണ് സ്റ്റേഡിയത്തിെൻറ ശേഷി. ഫിയ ഫെൻവിക് ഇറിബാറൻ ആർക്കിടെക്റ്റ്സാണ് സ്റ്റേഡിയം രൂപകൽപന ചെയ്തത്.
നേരത്തേ, ഗൾഫ് ഓർഗനൈസേഷൻ ഫോർ റിസർച്ച് ആൻഡ് ഡെവലപ്മെൻറ് നൽകുന്ന റിപ്പോർട്ട് പ്രകാരമുള്ള ആഗോള സുസ്ഥിരതാ വിലയിരുത്തൽ സംവിധാനത്തിെൻറ (ജി.എസ്.എ.എസ്) പഞ്ചനക്ഷത്ര പദവി സ്റ്റേഡിയത്തെ തേടിയെത്തിയിരുന്നു. പഞ്ചനക്ഷത്ര പദവി നേടുന്ന ആദ്യ ലോകകപ്പ് സ്റ്റേഡിയവും കൂടിയാണ് എജുക്കേഷൻ സിറ്റി സ്റ്റേഡിയം. ദോഹ നഗരത്തിൽനിന്ന് ഏഴ് കിലോമീറ്റർ മാത്രം അകലെയുള്ള സ്റ്റേഡിയത്തിലേക്ക് റോഡ് മാർഗമോ ദോഹ മെേട്രാ ഗ്രീൻ ലൈൻ വഴിയോ എത്തിച്ചേരാം. പുറമെ, ട്രാം സർവിസും സൈക്കിൾ പാതയും സജ്ജമാക്കുന്നുണ്ട്. തദ്ദേശീയ സാങ്കേതികവിദ്യയിലൂടെ രൂപപ്പെടുത്തിയ ശീതീകരണ സംവിധാനവും സ്റ്റേഡിയത്തിൽ സജ്ജമാക്കിയിട്ടുണ്ട്. കൂടാതെ സമീപത്തുതന്നെ പരിശീലന പിച്ചുകളും ഗോൾഫ് കോഴ്സ്, റീട്ടെയിൽ ഔട്ട്ലെറ്റുകൾ എന്നിവയും തയാറായിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.