ദോഹ: ഈവർഷം നവംബർ-ഡിസംബറുകളിലായി നടക്കുന്ന ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ഖത്തറിന്റെ തയാറെടുപ്പുകളെ ഒരിക്കൽകൂടി പ്രശംസിച്ച് ഫിഫ പ്രസിഡൻറ് ജിയാനി ഇൻഫാൻറിനോ. ഖത്തറിലെ അടിസ്ഥാന സൗകര്യങ്ങളും താമസ സംവിധാനങ്ങളും മറ്റു സൗകര്യങ്ങളും ലോകകപ്പിനായെത്തുന്ന ഫുട്ബാൾ ആരാധകർക്ക് അവിസ്മരണീയ അനുഭവങ്ങളായിരിക്കും സമ്മാനിക്കുകയെന്നും ഇൻഫാൻറിനോ പറഞ്ഞു. എല്ലാ രാജ്യങ്ങളും ഇവിടെയുണ്ട്. എല്ലാവരും ലോകകപ്പിനുവേണ്ടിയുള്ള തയാറെടുപ്പിലാണ്. ഖത്തറിൽ ലോകകപ്പിനായുള്ള മുഴുവൻ സ്റ്റേഡിയങ്ങളും ഒരു വർഷം മുമ്പുതന്നെ സർവസജ്ജമായിട്ടുണ്ട്. ഇത് തീർത്തും അസാധാരണമാണ്.
ഈ മേഖലയിൽ പതിറ്റാണ്ടുകളായി രംഗത്തുണ്ട്. ലോകകപ്പിനായുള്ള തയാറെടുപ്പിൽ ഖത്തറിനെപോലെ ഇതിനുമുമ്പ് വേറൊരു രാജ്യത്തെയും കണ്ടിട്ടില്ല. ദിവസങ്ങൾ പിന്നിടുംതോറും ഞങ്ങൾ ലോകകപ്പിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ഏകദേശം 20 ലക്ഷത്തോളം സന്ദർശകരെ വിമാനത്താവളം മുതൽ താമസകേന്ദ്രങ്ങൾ, ഗതാഗത സംവിധാനങ്ങളിലേക്ക് സ്വാഗതം ചെയ്യാൻ അക്ഷമരായി കാത്തിരിക്കുകയാണ്. ലോകകപ്പിനെത്തുന്ന എല്ലാവർക്കും എന്തെങ്കിലും വിശേഷപ്പെട്ടത് നൽകാൻ തയാറായിക്കഴിഞ്ഞു -ഇൻഫാൻറിനോ വ്യക്തമാക്കി.
ആരാധകർക്കുള്ള താമസകേന്ദ്രങ്ങളടക്കം എല്ലാ സൗകര്യങ്ങളും നേരേത്തതന്നെ തയാറായിക്കഴിഞ്ഞു. ഹോട്ടലുകൾ, വില്ല-ഫ്ലാറ്റ് തുടങ്ങിയ റെസിഡൻഷ്യൽ യൂനിറ്റുകൾ, ടെൻറുകൾ, ക്രൂയിസ് ഷിപ്പുകൾ തുടങ്ങി വൈവിധ്യവും വ്യത്യസ്തവുമായ താമസ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. താമസകേന്ദ്രങ്ങൾ ബുക്ക് ചെയ്യുന്നതിനായി സംഘാടകർ ഔദ്യോഗിക സംവിധാനം ആരംഭിച്ചിട്ടുണ്ട്.
മരുഭൂമിയിലൊരുക്കുന്ന ടെൻറുകൾ ഈ ലോകകപ്പിന്റെ സവിശേഷതയായിരിക്കും. മരുഭൂമിയിലെ താമസം വേറിട്ട അനുഭവമായിരിക്കും. സുന്ദരമായ ഹോട്ടലുകളും നിരവധിയുണ്ട്. ആരാധകരുടെ താമസം സംബന്ധിച്ച് ആശങ്കക്ക് വകയില്ല. മതിയായ താമസസൗകര്യങ്ങളുണ്ട്. ഖത്തർ 2022 ലോകകപ്പ് ജി.സി.സിയുടെയും മിഡിലീസ്റ്റിന്റേതുമായിരിക്കും. ലോകകപ്പിന് അഞ്ചു മാസങ്ങൾ മാത്രം ബാക്കിയിരിക്കെ, നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിന് ഇതാദ്യമായാണ് മിഡിലീസ്റ്റും അറബ് ലോകവും ആതിഥ്യം വഹിക്കുന്നത്. ലോകകപ്പിനെത്തുന്നവർക്ക് മേഖലയെ കുറിച്ച് കൂടുതൽ അറിയുന്നതിനും മനസ്സിലാക്കുന്നതിനും കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെയുണ്ടായ മാറ്റങ്ങൾ നേരിട്ടറിയുന്നതിനുമുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. ഫിഫ ഒരു കായിക സംഘടനയാണ്. എന്നാൽ ഫുട്ബാളും ലോകകപ്പും അതിനേക്കാൾ മുകളിലാണ്.
ഭൂമിയിലെ ഏറ്റവും മികച്ച കായികപ്രദർശനമെന്നതിനേക്കാളുപരി ശക്തമായ സാമൂഹിക സ്വാധീനം കൊണ്ടുവരുന്നതിനുള്ള പ്രാപ്തി കൂടി ഓരോ ലോകകപ്പ് ടൂർണമെൻറിനുമുണ്ട്. ഫിഫ പ്രസിഡൻറ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.