ദോഹ: ഫുട്ബാൾ ലോകത്തിന് ഭാഗ്യപരീക്ഷണത്തിന്റെ ദിനമായിരുന്നു ചൊവ്വാഴ്ച. പ്രത്യേകിച്ച്, ഖത്തറിലെ ഫുട്ബാൾ പ്രേമികൾക്ക്. ലോകകപ്പ് മത്സരങ്ങൾക്ക് ടിക്കറ്റും ബുക്ക് ചെയ്ത് കാത്തിരുന്ന 1.70 കോടി ജനങ്ങൾക്കിടയിൽനിന്ന് ഭാഗ്യപരീക്ഷണം വിജയിച്ചവരാവാനുള്ള പ്രാർഥനകൾ. ജനുവരി 19 മുതൽ ഫെബ്രുവരി എട്ടുവരെ നീണ്ട റാൻഡം നറുക്കെടുപ്പിന്റെ ഫലങ്ങൾ ചൊവ്വാഴ്ചയോടെയാണ് ഫിഫ പുറത്തുവിട്ടത്. ഫിഫ വെബ്സൈറ്റിലെ തങ്ങളുടെ ലോഗിൻ പേജ് വഴി ടിക്കറ്റ് സ്റ്റാറ്റസ് അറിഞ്ഞുതുടങ്ങിയവർ പിന്നെ പരസ്പരം ചോദിച്ചുകൊണ്ടിരുന്നത് ടിക്കറ്റ് കിട്ടിയോ എന്ന് മാത്രം.
ടിക്കറ്റ് ലഭിച്ച് ലോകകപ്പ് ഗാലറിയിലിരുന്ന് കാണാൻ ഭാഗ്യം ലഭിച്ചവർ ആഘോഷമാക്കിയപ്പോൾ, കൂട്ടമായി ബുക്ക് ചെയ്തിട്ടും ഒന്നും ലഭിക്കാത്തവരുടെ നിരാശയും പങ്കുവെക്കപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 1.70 കോടി ടിക്കറ്റിനാണ് ബുക് ചെയ്തത്. ഉദ്ഘാടനമത്സരം മുതൽ ഗ്രൂപ് റൗണ്ട് വരെ നീണ്ട 64 മത്സരങ്ങൾക്കായി ആദ്യഘട്ടം നീക്കിവെച്ചത് 10 ലക്ഷം ടിക്കറ്റുകളും. തിരഞ്ഞെടുക്കപ്പെട്ടവർക്ക് വിസ കാര്‍ഡ് ഉപയോഗിച്ച് പണമടച്ച് ഉടൻ ടിക്കറ്റ് സ്വന്തമാക്കാവുന്നതാണ്. ഖത്തർ റസിഡന്റായവർ ആതിഥേയ കാണികൾ എന്നനിലയിൽ ഏറെയും പരിഗണിക്കപ്പെട്ടു.
എന്നാൽ, ഇന്ത്യയിൽനിന്നും മറ്റും വിദേശ രാജ്യങ്ങളിൽനിന്നും ബുക്ക് ചെയ്ത മലയാളികളിൽ കുറച്ചുപേർക്ക് മാത്രമാണ് ടിക്കറ്റുകൾ ലഭിച്ചത്. നേരത്തെ ബുക്ക് ചെയ്തവരിൽ ആദ്യ പത്തിൽ ഇന്ത്യക്കാരുണ്ടായിരുന്നു. ആതിഥേയരായ ഖത്തറില്‍നിന്നാണ് കൂടുതല്‍ പേര് മത്സരം കാണാന്‍ അപേക്ഷിച്ചത്. അര്‍ജന്റീന, ബ്രസീല്‍, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഇന്ത്യ, മെക്സികോ, സൗദി അറേബ്യ, യു.എ.ഇ എന്നീ രാജ്യങ്ങളാണ് ടിക്കറ്റ് ബുക്കിങ്ങില്‍ ആദ്യ പത്തിലുള്ളത്. ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ഫൈനല്‍ മത്സരം കാണാനാണ് കൂടുതല്‍ അപേക്ഷകരുള്ളത്. 18 ലക്ഷം പേര്.
30 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ലഭ്യമാക്കുന്ന വിശ്വ ഫുട്ബാൾ മേള എന്ന റെക്കോഡും 2022 ഖത്തർ ലോകകപ്പിനുണ്ട്. നവംബർ 21 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ലോകകപ്പിന്റെ മുഴുവൻ മത്സരങ്ങൾക്കുമായി 30 ലക്ഷം ടിക്കറ്റുകളാണ് വിൽപനക്കുണ്ടാവുക. ആകെ ടിക്കറ്റിന്റെ മൂന്നിലൊന്ന് മാത്രമാണ് ഒന്നാംഘട്ടത്തിൽ കാണികൾക്ക് ലഭ്യമാക്കുന്നത്. ഏപ്രിൽ ഒന്നിന് ടീം നറുക്കെടുപ്പ് കഴിയുന്നതിന് പിന്നാലെ രണ്ടാം ഘട്ട ടിക്കറ്റ് ബുക്കിങ് ഓപ്പണാവും.
'ഫൈനലിന് ഫാമിലി ടിക്കറ്റ്'
1998ൽ സിനദിൻ സിദാന്റെ ഫ്രഞ്ചുപട കനകകിരീടത്തിൽ മുത്തമിടുന്ന ടി.വിയിലെ കാഴ്ച ഇന്നും ഓർമയിലുണ്ട്. അന്ന് കണ്ടുതുടങ്ങിയ സ്വപ്നമാണ് ഒരു ലോകകപ്പ് മത്സരം. പിന്നീട് നടന്ന ലോകകപ്പുകളെല്ലാം വിടാതെതന്നെ ടി.വിയിൽ കണ്ടു. ഒടുവിൽ ഖത്തറിൽ ലോകകപ്പ് എത്തിയപ്പോഴും സ്വപ്നമായിരുന്നു സ്റ്റേഡിയത്തിൽ മത്സരം കാണുകയെന്നത്.
കൂട്ടുകാർക്കും കുടുംബത്തിനുമായി 50ൽ ഏറെ ടിക്കറ്റുകൾ ബുക്ക് ചെയ്തു. ഒടുവിൽ റാൻഡം ഫലം വന്നപ്പോൾ, ഡിസംബർ 18ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിന് കുടുംബസമേതം കളികാണാൻ ടിക്കറ്റ് ലഭിച്ചു. അന്ന് അർജന്റീന കൂടി കപ്പുയർത്തുന്നത് കാണാനായാൽ ഇരട്ടിസന്തോഷമായി. ഗ്രൂപ് റൗണ്ടിലേതുൾപ്പെടെ 25ഓളം ടിക്കറ്റുകൾ കൂടി ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഹമദ് മെഡിക്കൽ കോർപറേഷനിൽ ജോലിചെയ്യുന്ന കോഴിക്കോട് മേപ്പയ്യൂർ സ്വദേശി ഇസ്മായിൽ.
(ഇസ്മായിലും ഭാര്യ ഷംനയും മക്കൾക്കൊപ്പം)
1986ൽ ഡീഗോ മറഡോണ കപ്പുയർത്തിയ മെക്സികോ ലോകകപ്പ് കാണുമ്പോൾ ആറാം ക്ലാസിൽ പഠിക്കുകയായിരുന്നു. അന്നു മുതൽ ഓരോ ലോകകപ്പും വിടാതെ ടി.വിയിൽ കാണുമ്പോൾ സ്വപ്നമായിരുന്നു സ്റ്റേഡിയത്തിൽ ഒരു മത്സരം കാണുകയെന്നത്. ഖത്തറിൽ ലോകകപ്പ് എത്തിയപ്പോൾ, ടിക്കറ്റ് നേടുകയായിരുന്നു ലക്ഷ്യം. ബുക്കിങ് ആരംഭിച്ചപ്പോൾ 10 മത്സരങ്ങൾക്കായി 58 ടിക്കറ്റുകൾ ബുക്ക് ചെയ്തു.
ഇപ്പോൾ നറുക്കെടുപ്പ് പൂർത്തിയായതോടെ എട്ട് മത്സരങ്ങൾക്കായി 48 ടിക്കറ്റുകളും ലഭിച്ചത് ഇരട്ടിമധുരമായി. ഉദ്ഘാടന മത്സരവും ഫൈനലും ഒഴികെ എല്ലാം ലഭിച്ചു. ഇനി ആവേശത്തോടെ കളികാണാനുള്ള കാത്തിരിപ്പാണ് ഹമദിൽ ജോലി ചെയ്യുന്ന ഒറ്റപ്പാലം സ്വദേശി സക്കീർ ഹുസൈൻ.
(സക്കീർ ഹുസൈൻ കുടുംബത്തിനൊപ്പം)
അറബ് കപ്പും അമീർ കപ്പും ഉൾപ്പെടെ ഖത്തറിൽ പന്തുരുളുന്ന ഒരുവിധം മത്സരങ്ങൾക്കെല്ലാം പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യമായ നംഷീർ ഗാലറിയിലെത്താറുണ്ട്. അപ്പോഴെല്ലാം സ്വപ്നമായിരുന്നു ലോകകപ്പിലേക്ക് ഒരു ടിക്കറ്റ്. 1998 ലോകകപ്പിൽ നെതർലൻഡ്സും അർജന്റീനയും തമ്മിലെ വാശിയേറിയ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന്റെ നാളിൽ നെഞ്ചിൽ കൂടിയതാണ് അർജന്റീനയെന്ന ആവേശം.
അന്ന് മുതൽ കാണുന്ന സ്വപ്നം ലുസൈൽ സ്റ്റേഡിയത്തിൽ സാക്ഷാത്കരിക്കട്ടെയെന്ന പ്രാർഥനയിലാണ് നംഷീർ ബഡേരി. അതിനുള്ള ഭാഗ്യമാണ് ലോകകപ്പിന്റെ ഫൈനലിന് ലഭിച്ച അഞ്ചു ടിക്കറ്റുകളെന്നാണ് കടുത്ത അർജന്റീന ആരാധകനായ നംഷീറിന്റെ വിശ്വാസം. ഇതിനുപുറമെ, കുടുംബത്തിനൊപ്പം ഒരു ക്വാർട്ടർ ഫൈനൽ മത്സരത്തിനുള്ള നാല് ടിക്കറ്റും ലഭിച്ചിട്ടുണ്ടെന്ന് ഖത്തറിൽ ഫാർമസിസ്റ്റായി ജോലി ചെയ്യുന്ന ഫറൂഖ് സ്വദേശി നംഷീർ പറയുന്നു.
(നംഷീർ ബഡേരി)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.