ജീവിതത്തിൽ ഏറ്റവും മനോഹരമായ ഓർമകൾ സമ്മാനിച്ചാണ് 2022 കടന്നുപോവുന്നത്. ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് ഖത്തർ വേദിയൊരുക്കുമ്പോൾ വർഷങ്ങളായി അതിനുള്ള തയാറെടുപ്പിലായിരുന്നു ഞാനും. ഫിഫ അറബ് കപ്പ് ഉൾപ്പെടെ ലോകകപ്പിന് മുമ്പുനടന്ന വിവിധ കായിക ചാമ്പ്യൻഷിപ്പുകളിൽ വളന്റിയർ എന്ന നിലയിൽ ഭാഗമായാണ് ലോകകപ്പിനൊരുങ്ങിയത്.
മാർച്ച്, ഏപ്രിൽ മാസത്തിലായി നടന്ന ഫിഫ കോൺഗ്രസ്, ലോകകപ്പ് നറുക്കെടുപ്പ് ചടങ്ങിന്റെ വളന്റിയർ ദൗത്യത്തോടെയായിരുന്നു ലോകകപ്പ് തയാറെടുപ്പിലേക്ക് സജീവമായത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അതിഥികൾക്കും സൂപ്പർതാരങ്ങൾക്കുമുള്ള സേവനങ്ങളായിരുന്നു ഫിഫ കോൺഗ്രസിലെ ജോലി. തൊട്ടുപിന്നാലെ വളന്റിയർമാരെ തിരഞ്ഞെടുക്കാനുള്ള പയനിയർ വളൻറിയർ സംഘത്തിൽ ഇടം ലഭിച്ചത് വലിയൊരു ഭാഗ്യമായിരുന്നു.
20,000ത്തോളം വളന്റിയർമാരെ അഭിമുഖം നടത്താനും തെരഞ്ഞെടുപ്പ് നടപടികൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന പയനിയർ ടീമിന്റെ ഭാഗമായി മൂന്നുമാസത്തോളം ജോലിചെയ്തു. ട്രെയിനിങ് സപ്പോർട്ടിങ് ടീമിലും പ്രവർത്തിച്ചത് വലിയൊരു അനുഭവമായിരുന്നു. വളൻറിയർമാരാവാൻ സന്നദ്ധരായെത്തിയ 87 രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരെ അഭിമുഖം നടത്താനും അവരുടെ തെരഞ്ഞെടുപ്പിൽ ഭാഗമാവാനും കഴിഞ്ഞു.
മൂന്നുമാസത്തെ ഈ ദൗത്യത്തിന് ശേഷം ലോകകപ്പ് വളൻറിയർ എന്ന നിലയിൽ ആദ്യം യൂനിഫോം ഏറ്റുവാങ്ങിയവരിൽ ഒരാളായി പുതിയ ജോലിയിൽ പ്രവേശിക്കുകയായിരുന്നു. ഖത്തർ മ്യൂസിയം വളൻറിയർ, കളികാണാൻ വരുന്ന ഇന്ത്യക്കാരെ സഹായിക്കുന്നതിന് ഇന്ത്യൻ എംബസിയുടെ കീഴിലുള്ള ഐ.സി.സി വളൻറിയർ ടീം അംഗം എന്നീ നിലകളിലും ഒരേസമയം പ്രവർത്തിച്ചു.
ജീവിതത്തിലെ എറ്റവും ഭാഗ്യവും അഭിമാനകരവുമായ കാലമായിരുന്നു ലോകകപ്പ് വളൻറിയർ ഡ്യൂട്ടി. ലുസൈൽ സ്റ്റേഡിയത്തിലും അൽ ബെയ്ത് സ്റ്റേഡിയത്തിലുമായി ലോകകപ്പ് മത്സര വേളയിൽ ജോലിയെടുത്തു. വി.ഐ.പി ഏരിയയിലെ ജോലിയായതിനാൽ ഒരുപാട് ലോകതാരങ്ങളെയും വിശിഷ്ട വ്യക്തികളെയും അരികിൽനിന്ന് കാണാനും അവർക്ക് സേവനം നൽകാനുമുള്ള അവസരം കൂടിയായിരുന്നു.
പല ദേശക്കാരും ഭാഷക്കാരുമായി ഇടപഴകാനും അവർക്ക് സേവനം നൽകാനും കഴിഞ്ഞു. ലയണൽ മെസ്സിയടക്കമുള്ള നിരവധി പ്രശസ്തരായവർക്കൊപ്പം ഓർമയിൽ സൂക്ഷിക്കാനുള്ള ചിത്രങ്ങൾ പകർത്താൻ കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.