ദോഹ: ഖത്തർ ലോകകപ്പ് ഫുട്ബാളിന്റെ ഉജ്ജ്വല വിജയത്തിനു പിന്നിൽ പ്രവർത്തിച്ചവർക്ക് അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ അഭിനന്ദനം. ലോകകപ്പിന്റെ സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ബോർഡ് ഓഫ് ഡയറക്ടർ യോഗത്തിൽ അധ്യക്ഷത വഹിച്ചുകൊണ്ടാണ് അമീർ ലോകകപ്പ് സംഘാടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെയെല്ലാം അഭിനന്ദിച്ചത്. അമിരി ദിവാനിൽ വ്യാഴാഴ്ച രാവിലെയായിരുന്നു സുപ്രീം കമ്മിറ്റിയിലെ പ്രധാനികൾ യോഗം ചേർന്നത്.
ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനി, അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ആൽഥാനി, സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൽ അൽ തവാദി എന്നിവരും യോഗത്തിൽ പങ്കെടുത്തു. ലോകകപ്പ് ഫുട്ബാളിന്റെ സംഘാടനത്തിൽ പങ്കാളികളായ മുഴുവൻ ദേശീയ ഏജൻസികളെയും സ്ഥാപനങ്ങളെയും അമീർ പ്രശംസിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ, പൗരന്മാർ, താമസക്കാർ എന്നിവരുടെ പങ്കാളിത്തത്തെയും സേവനങ്ങളെയും അദ്ദേഹം യോഗത്തിൽ അഭിനന്ദിച്ചു.
ടൂർണമെന്റ് സംഘാടനം സംബന്ധിച്ച സമ്പൂർണ റിപ്പോർട്ട് യോഗത്തിൽ ചർച്ചചെയ്യുകയും ലോകകപ്പ് ആതിഥേയത്വത്തിലൂടെ രാജ്യം നേടിയ നേട്ടങ്ങളെക്കുറിച്ചുള്ള വിശകലനവും അമീറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നടന്നു.കൂടാതെ, ടൂർണമെന്റിനായി ഒരുക്കിയ വിവിധ പൈതൃക പദ്ധതികളിൽനിന്നുള്ള നേട്ടങ്ങളും വിശകലനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.