ദോഹ: ഏഷ്യൻ മേഖല ലോകകപ്പ് ഫുട്ബാൾ പ്ലേ ഓഫ് മത്സരങ്ങൾക്ക് ഖത്തർ വേദിയാവും. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനം. ഏഷ്യൻ മേഖല യോഗ്യത മത്സരങ്ങളുടെ മൂന്നാം റൗണ്ടിൽനിന്നും ഗ്രൂപ് 'എ', 'ബി'വിഭാഗങ്ങളിൽനിന്നുള്ള മൂന്നാം സ്ഥാനക്കാർ മത്സരിക്കുന്ന നാലാം റൗണ്ട് മത്സരത്തിന് ജൂൺ ഏഴിന് ഖത്തർ വേദിയാവും. ഈ മത്സരത്തിലെ വിജയികളാവും ഇന്റർകോണ്ടിനെന്റൽ പ്ലേ ഓഫിൽ തെക്കൻ അമേരിക്കൻ മേഖലയിൽനിന്നുള്ള അഞ്ചാം സ്ഥാനക്കാരുമായി ഏറ്റുമുട്ടുക. ഈ മത്സരത്തിനും ഖത്തറാണ് വേദി. ഇതിനു പുറമെ, കോൺകകാഫ് മൂന്നാം റൗണ്ടിലെ നാലാം സ്ഥാനക്കാരും, ഒഷ്യാനിയ ഫൈനൽ വിജയിയും തമ്മിലെ പ്ലേ ഓഫിനും ഖത്തർതന്നെ വേദിയാവും. ജൂൺ 13, 14 തീയതികളിലാവും ലോകകപ്പ് വേദികളിൽ ഈ മത്സരം.
ഏഷ്യൻ മേഖലയിൽനിന്നും ഗ്രൂപ് 'എ'യിൽനിന്നും ഇറാനും സൗത്ത് കൊറിയയുമാണ് നിലവിൽ നേരിട്ട് ലോകകപ്പിന് യോഗ്യത നേടിയത്. യു.എ.ഇ, ലബനാൻ, ഇറാഖ് ടീമുകൾ തമ്മിലാണ് ഇപ്പോൾ മൂന്നാം സ്ഥാനത്തിനായി മത്സരിക്കുന്നത്.
ഗ്രൂപ്പ് 'ബി'യിൽ ലോകകപ്പ് യോഗ്യത ഉറപ്പിക്കാൻ മത്സരം കനക്കുകയാണ്. സൗദി അറേബ്യ (19 പോയന്റ്), ജപ്പാൻ (18), ആസ്ട്രേലിയ (15) ടീമുകളാണ് മുന്നിൽ. ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ട് ഖത്തറിലേക്ക് ടിക്കറ്റുറപ്പിക്കുമ്പോൾ മൂന്നാം സ്ഥാനക്കാരാവും പ്ലേ ഓഫിനെത്തുക. എന്തായാലും ഖത്തറിലെ ഫുട്ബാൾ ആരാധകർക്ക് ജൂൺ യോഗ്യത പോരാട്ടങ്ങളുടെ ത്രില്ലർ സീസൺ ആയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.