ദോഹ: എതിരാളികളുടെ ഗോൾ പോസ്റ്റിലേക്ക് ഒരു ഷോട്ടു പോലും ഉതിർക്കാനാവാതെ ഇന്ത്യ കീഴടങ്ങി. ലോകകപ്പ് യോഗ്യതമത്സരത്തിൽ വ്യാഴാഴ്ച രാത്രി അൽ സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ ഖത്തറിനെതിരെ ഇന്ത്യ ഒരു ഗോളിന് പരാജയപ്പെട്ടെങ്കിലും ഗോൾവല കാത്ത ഗുർപ്രീത് സിങ്ങും പ്രതിരോധകോട്ട തീർത്ത സന്തോഷ് ജിങ്കനും താരങ്ങളായി. ഗുർപ്രീതിെൻറ തകർപ്പൻ പ്രകടനം ഇല്ലായിരുന്നുവെങ്കിൽ അഞ്ചുഗോളെങ്കിലും ഇന്ത്യൻ വലയിൽ വീഴുമായിരുന്നു. ചില ഒറ്റപ്പെട്ട നീക്കങ്ങൾ നടത്തിയതൊഴിച്ചാൽ കളി ഖത്തറിെൻറ കാലിലായിരുന്നു.
ഇന്ത്യൻ നീക്കങ്ങൾ പലതും പാതിയിൽ നിന്നുപോയി. പാസുകൾ എതിരാളികളുടെ കാലിൽ വിശ്രമിച്ചു. നിരവധി മുന്നേറ്റങ്ങളാണ് ഖത്തർ നടത്തിയത്. സന്തോഷ് ജിങ്കെൻറ നേതൃത്വത്തിലുള്ള പ്രതിരോധനിര ഏറെ പണിപ്പെട്ടാണ് പലതും തടഞ്ഞത്. ഗുർപ്രീത് സിങ് മികച്ച സേവുകളിലൂടെ അധികഗോളുകൾ വഴങ്ങാതെ കാത്തു. പലപ്പോഴും പരുക്കൻ കളി പുറത്തെടുത്ത ഇന്ത്യൻ താരങ്ങൾക്ക് റഫറിയുടെ മുന്നറിയിപ്പുകൾ കിട്ടിക്കൊണ്ടേയിരുന്നു. പരിധിവിട്ട പരിശീലകൻ ഇഗോൾ സ്റ്റിമാകും റഫറിയുടെ നാവിെൻറ ചൂടറിഞ്ഞു. 33ാം മിനിറ്റിൽ അബ്ദുൽ അസീസ് ഹാതിമാണ് ഖത്തറിൻെറ വിജയഗോൾ നേടിയത്. ഗ്രൂപ് ഇയിൽ ഏഴു കളികളിൽ മൂന്ന് സമനിലകളുമായി ഇന്ത്യക്ക് മൂന്ന് പോയൻറാണ് സമ്പാദ്യം. ആറ് ജയവും ഒരു സമനിലയുമടക്കം 19 പോയൻറ് നേടിയ ഖത്തറാണ് ഗ്രൂപ്പിൽ ഒന്നാമത്.
ഗ്രൂപ് ഇയിൽ ഇന്നലെ മറ്റൊരു മത്സരത്തിൽ അഫ്ഗാനിസ്താനു ബംഗ്ലാദേശും തമ്മിൽ ഓരോ ഗോൾ വീതം അടിച്ച് പോയൻറ് പങ്കിട്ടെടുത്തു. ഇന്ത്യയിൽ നടക്കേണ്ടിയിരുന്ന ഖത്തർxഇന്ത്യ പോരാട്ടം കോവിഡ് കാരണം ബയോബബിൾ പ്രകാരം ഖത്തറിലേക്ക് മാറ്റുകയായിരുന്നു. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ മിനിറ്റ് മുതൽ തന്നെ ഫെലിക്സ് സാഞ്ചസിൻെറ അന്നാബി ടീം ഇന്ത്യൻ പോസ്റ്റിൽ നിരന്തരം സമ്മർദമുയർത്താൻ തുടങ്ങിയിരുന്നു. ആദ്യ മിനിറ്റിൽ പ്രതിരോധ താരം അബ്ദുൽ കരീം ഹസൻ ബോക്സിന് പുറത്തുനിന്നും തൊടുത്തുവിട്ട ഷോട്ട് നേരിയ വ്യത്യാസത്തിന് പുറത്തുപോയി. നാലാം മിനിറ്റിൽ ഹസൻ വീണ്ടും ലക്ഷ്യത്തിലേക്ക് ഹെഡർ ചെയ്തെങ്കിലും പോസ്റ്റിന് താഴെ അടിയുറച്ച് നിന്ന ഗുർപ്രീത് സിങ് സന്ധു തട്ടിയകറ്റി.
പ്രതിരോധത്തിൽ തൂങ്ങിക്കളിച്ച ഇന്ത്യ, ഇടക്ക് ഗ്ലാൻ മാർട്ടിൻസ്, ബിബിൻ സിങ്, സുരേഷ് സിങ് വാങ്ജം എന്നിവരിലൂടെ കൗണ്ടർ അറ്റാക്കിങ് നടത്താൻ ശ്രമിച്ചെങ്കിലും ഖത്തർ പ്രതിരോധത്തിൽ തട്ടിത്തെറിച്ചു. 15ാം മിനിറ്റിൽ ഖത്തർ ഗോളിനടുത്തെത്തി. യൂസുഫ് അബ്ദുറസാഖിൽ നിന്നും അബ്ദുൽ അസീസ് ഹാതിം സ്വീകരിച്ച പന്ത്, വോളിയിലൂടെ ലക്ഷ്യത്തിലേക്ക് പായിച്ചെങ്കിലും ബാർ വിലങ്ങുതടിയായി. 18ാം മിനിറ്റിൽ ഇന്ത്യയുടെ പ്രതിരോധതാരം രാഹുൽ ഭെകെ രണ്ടാം മഞ്ഞകാർഡ് കണ്ട് പുറത്തുപോയതോടെ ഇന്ത്യൻ നിര പത്ത് പേരിലേക്ക് ചുരുങ്ങി. എന്നിട്ടും ഗുർപ്രീതിൻെറ ഒറ്റയാൾ പോരാട്ടവും സന്തോഷ് ജിങ്കെൻറ നേതൃത്വത്തിലുള്ള പ്രതിരോധവും ഇന്ത്യയെ വൻ തോൽവിയിൽ നിന്നും ഇന്ത്യയെ രക്ഷിച്ചു.
33ാം മിനിറ്റിലാണ് ഖത്തർ കാത്തിരുന്ന ഗോളെത്തിയത്. മുഹമ്മദ് മുൻതാരിയുടെ ഷോട്ടിൽ റീബൗണ്ടിൽ പന്ത് ലഭിച്ചത് മാർക്ക് ചെയ്യപ്പെടാതിരുന്ന ഹാതിമിനായിരുന്നു. ഹാതിമിൻെറ ആദ്യ ശ്രമത്തിൽ തന്നെ പന്ത് വലയിലെത്തി. തുടരെത്തുടരെ ആക്രമണങ്ങളിലൂടെ ആദ്യ പകുതി അവസാനിക്കുന്നതുവരെയും രണ്ടാം പകുതിയിലും ഖത്തർ ഇന്ത്യൻ ബോക്സിൽ നിരന്തരം സമ്മർദമുയർത്തിയെങ്കിലും സന്തോഷ് ജിങ്കെൻറ നേതൃത്വത്തിലുള്ള ഇന്ത്യൻ പ്രതിരോധവും ഗുർപ്രീതും ലീഡ് ഒന്നിലൊതുക്കി.
രണ്ടാം പകുതിയിൽ സുനിൽ ഛേത്രിയെ പിൻവലിച്ച് ഉതാന്ദ സിങ്ങിനെ ഇറക്കിയെങ്കിലും ഖത്തറിന് ഭീഷണിയുയർത്താനായില്ല. മലയാളി താരമായ ആഷിഖ് കുരുണിയൻ ആദ്യ ഇലവനിൽ തന്നെ സ്ഥാനം കണ്ടെത്തിയപ്പോൾ, സഹൽ അബ്ദുസ്സമദ് രണ്ടാം പകുതിയിൽ പകരക്കാരെൻറ റോളിലിറങ്ങി. ഏക ഗോളിൻെറ വിജയം സന്തോഷം നൽകുന്നതാണെന്നും ജയത്തിലൂടെയുള്ള മൂന്ന് പോയൻറ് ഏറെ നിർണായകമാണെന്നും ഖത്തർ പരിശീലകൻ ഫെലിക്സ് സാഞ്ചസ് പറഞ്ഞു. കൂടുതൽ ഗോളടിക്കാൻ ശ്രമിച്ചെങ്കിലും ഇന്ത്യയുടെ പ്രതിരോധം മികച്ചതായിരുന്നുവെന്നും പോരാട്ടം ഏറെ കടുപ്പമേറിയതായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജൂൺ ഏഴിന് വൈകീട്ട് 5ന് ഇന്ത്യ ബംഗ്ലാദേശിനെയും രാത്രി എട്ടിന് ഖത്തർ ഒമാനെയും നേരിടും. 15ന് വൈകീട്ട് അഞ്ചിന് ഇന്ത്യ അഫ്ഗാനെയും നേരിടും. അൽ സദ്ദിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയമാണ് വേദി. ഖത്തറിന് പിറകിൽ 12 പോയൻറുമായി ഒമാനാണ് ഗ്രൂപ് ഇയിൽ രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.