ദോഹ: ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്തശേഷം അനധികൃതമായി മറിച്ചുവിൽപന നടത്താൻ ശ്രമിക്കുന്നവർ ശ്രദ്ധിക്കുക. ഫിഫ നിർദേശിച്ച മാർഗങ്ങളിലല്ലാതെ ടിക്കറ്റ് വിൽപന നടത്തുകയോ, കൈമാറുകയോ ചെയ്താൽ 250,000 റിയാൽവരെ പിഴ ചുമത്തുമെന്ന് ഖത്തർ നീതിന്യായ മന്ത്രാലയം അറിയിപ്പിൽ വ്യക്തമാക്കി. ഫിഫ വെബ്സൈറ്റിലെ ടിക്കറ്റ് സംബന്ധിച്ച നിർദേശങ്ങൾ വ്യക്തമാക്കിയാണ് മന്ത്രാലയം അനധികൃത വിൽപനക്കും കൈമാറ്റത്തിനും കനത്ത തുക പിഴ ഈടാക്കുമെന്ന് വ്യക്തമാക്കിയത്. എന്നാൽ, ടിക്കറ്റ് സ്വന്തമാക്കിയയാൾക്ക് തങ്ങളുടെ അതിഥികൾക്കായി സൗജന്യമായോ അല്ലെങ്കിൽ മുഖവില മാത്രം ഈടാക്കിയോ ടിക്കറ്റ് നൽകാം. അതേസമയം, അതിഥിയെന്ന നിലയിൽ ടിക്കറ്റ് ലഭിച്ചയാൾക്ക് അത് ഒരു കാരണവശാലും കൈമാറാൻ അനുവാദമില്ല. അതിഥികൾക്ക് ടിക്കറ്റ് ഉപയോഗിക്കാൻ കഴിയുന്നില്ലെങ്കിൽ പ്രധാന ടിക്കറ്റ് അപേക്ഷകന് തിരികെനൽകണമെന്ന് ഫിഫ ടിക്കറ്റിങ് നിയമം നിർദേശിക്കുന്നു. മറ്റൊരു അതിഥിക്കായി ടിക്കറ്റ് വീണ്ടും നൽകാൻ പ്രധാന അപേക്ഷകന് മാത്രമേ അനുമതിയുള്ളൂ. ലോകകപ്പ് ആതിഥേയത്വവുമായി ബന്ധപ്പെട്ട 2021 നിയമം (10) ചട്ടം അനുസരിച്ചാണ് അനധികൃത വിൽപനക്ക് രണ്ടരലക്ഷം പിഴ ചുമത്താൻ തീരുമാനിച്ചത്.
ഫിഫ നിർദേശം അനുസരിച്ച് നേരിട്ടോ അല്ലൊതെയോ ഓൺലൈൻ വഴിയും ടിക്കറ്റുകൾ വിൽക്കുകയോ വിൽപന വാഗ്ദാനം ചെയ്യുകയോ ലേലം വാഗ്ദാനം ചെയ്യുകയോ അല്ലെങ്കിൽ കൈമാറ്റത്തിനോ ശ്രമിക്കരുത്.
പരസ്യങ്ങൾ, പ്രമോഷനുകൾ, മത്സരങ്ങൾ, ഹോട്ടൽ, ഫ്ലൈറ്റ്, ഹോസ്പിറ്റാലിറ്റി അല്ലെങ്കിൽ യാത്ര പാക്കേജുകളുടെ ഭാഗമായി സമ്മാനങ്ങൾ, റാഫിൾ നറുക്കെടുപ്പ് എന്നിവ ഫിഫ ടിക്കറ്റിങ്ങിന്റെ അനുമതിക്കും നിബന്ധനകൾക്കും വിധേയമായി ആയിരിക്കണമെന്നും വ്യക്തമാക്കുന്നു.
അനുവദനീയമല്ലാത്ത രീതിയിൽ കൈമാറുന്ന ടിക്കറ്റുകൾ സാധുതയുള്ളതല്ലെന്നും ഇവ അറിയിപ്പ് കൂടാതെ എപ്പോൾ വേണമെങ്കിലും റദ്ദാക്കപ്പെടാമെന്നും ഫിഫ വെബ്സൈറ്റിൽ നിർദേശിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.