ഖത്തർ സമ്പദ് വ്യവസ്ഥക്ക് ഉണർവേകാൻ ലോകകപ്പ്

ദോഹ: മിഡിലീസ്റ്റിലെയും അറബ് ലോകത്തെയും പ്രഥമ ഫിഫ ലോകകപ്പ് ഫുട്ബാൾ ടൂർണമെൻറ് ഖത്തറിന്‍റെ സാമ്പത്തിക മേഖലക്ക് ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കും വലിയ ഉണർവുണ്ടാക്കുമെന്ന് സാമ്പത്തിക നിരീക്ഷകരും ഗവേഷണ കേന്ദ്രങ്ങളും അന്താരാഷ്ട്ര ഏജൻസികളും വ്യക്തമാക്കുന്നു. ലോകം കടുത്ത സാമ്പത്തിക പ്രതിസന്ധിയും പണപ്പെരുപ്പവും നേരിടുന്നുവെന്ന സന്ദർഭത്തിലാണ് ഖത്തറിന്‍റെ സാമ്പത്തിക മേഖലക്ക് ശോഭനമായ ഭാവി പ്രവചിച്ചിരിക്കുന്നത്.

ആഗോള സാമ്പത്തിക വ്യവസ്ഥക്ക് അത്ര ശുഭകരമല്ലാത്ത ഭാവിയാണുള്ളതെങ്കിലും ഖത്തർ നേരെ വിപരീത ദിശയിലാണ് സഞ്ചരിക്കുന്നത്. അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്) റിപ്പോർട്ടുകൾ പ്രകാരം ഖത്തറിന്‍റെ ജി.ഡി.പി 4.9 ശതമാനം വർധിക്കും. പ്രകൃതിവാതക വിലയിലുണ്ടായ വലിയ വർധനവും ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കുന്നതുമാണ് ഇതിന് പിന്നിലെ പ്രധാന ഘടകങ്ങളെന്നും ഐ.എം.എഫ് ചൂണ്ടിക്കാട്ടുന്നു.

ഈയിടെ പ്രസിദ്ധീകരിക്കപ്പെട്ട റിപ്പോർട്ട് പ്രകാരം ലോകകപ്പിൽ നിന്നും നേരിട്ട് ഖത്തർ സാമ്പത്തിക മേഖലക്ക് 800 കോടി റിയാലിന്‍റെ (220 കോടി ഡോളർ) വരുമാനം കണക്കാക്കുന്നുണ്ട്. 2022 മുതൽ 2035 വരെയുള്ള കാലയളവിലെ ദീർഘകാല വരുമാനം 990 കോടി റിയാലും (270 കോടി ഡോളർ) ആയിരിക്കുമെന്നും പ്രസ്തുത റിപ്പോർട്ടിൽ പറയുന്നു.

ലോകകപ്പിന് ഖത്തർ ആതിഥ്യം നേടിയത് മുതൽ സർക്കാറും സ്വകാര്യ മേഖലയും അടിസ്ഥാന സൗകര്യ വികസന പ്രവൃത്തികളും മറ്റു സേവന പദ്ധതികളും പൂർത്തിയാക്കുന്നതിന് അശ്രാന്ത പരിശ്രമത്തിലാണെന്ന് ഖത്തരി ബിസിനസ്മെൻ അസോസിയേഷൻ ചെയർമാൻ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി ഖത്തർ വാർത്ത ഏജൻസിയോട് പറഞ്ഞു. ഖത്തർ ദേശീയ വിഷൻ 2030ന്‍റെ ലക്ഷ്യങ്ങൾ പരമാവധി നേടിയെടുക്കുന്നതിനുള്ള സുവർണാവസരമാണ് ലോകകപ്പ് ഫുട്ബാൾ ടൂർണമെന്‍റെന്നും റോഡുകൾ, പാലങ്ങൾ, വിമാനത്താവളം, മെട്രോ, ഹൗസിങ്, ടൂറിസം, ഫ്രീസോൺ തുടങ്ങിയവക്കായി ഇതിനകം 200 ബില്യൻ ഡോളർ ഖത്തർ ചെലവഴിച്ചെന്നും ടൂർണമെൻറിനുശേഷം ഇവയെല്ലാം ഖത്തർ സാമ്പത്തിക മേഖലക്ക് പ്രയോജനപ്പെടുമെന്നും ശൈഖ് ഫൈസൽ ബിൻഖാസിം ആൽഥാനി വിശദീകരിച്ചു.

വിദേശ നിക്ഷേപം ആകർഷിക്കുന്നതിൽ ലോകകപ്പ് ഫുട്ബാൾ വലിയ ഘടകമാണെന്നും ഇതിന്‍റെ ഭാഗമായാണ് വിദേശ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ രാജ്യം കൈക്കൊണ്ടിരിക്കുന്നതെന്നും വ്യക്തമാക്കിയ ശൈഖ് ഫൈസൽ ആൽഥാനി, ഇതെല്ലാം രാജ്യത്തിന്‍റെ ഭാവിക്ക് വലിയ നിക്ഷേപമായും വിനോദസഞ്ചാര കേന്ദ്രമായും പ്രതിഫലിക്കുമെന്നും സൂചിപ്പിച്ചു.

മുൻകാല ലോകകപ്പ് അനുഭവത്തിന്‍റെ വെളിച്ചത്തിൽ തയാറാക്കിയ റിപ്പോർട്ടുകൾ പ്രകാരം വലിയ ഖത്തരി കമ്പനികളുടെ ബ്രാൻഡുകൾ ആഗോള തലത്തിൽ മുന്നിലെത്തുമെന്ന് പ്രവചിക്കുന്നു.

ആഗോള തലത്തിൽ ഏഴാമതായിരുന്ന ജർമൻ ബ്രാൻഡുകൾ 2006ലെ ലോകകപ്പിനുശേഷം ഒന്നാം റാങ്കിലെത്തിയതായും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ലോകകപ്പിനെത്തുന്ന 15 ലക്ഷം വരുന്ന കളിപ്രേമികൾക്ക് മികച്ച ടൂറിസം അനുഭവം നൽകുന്നതോടെ വിനോദസഞ്ചാര മേഖലക്കും ലോകകപ്പ് വലിയ മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    
News Summary - World Cup to wake up Qatar's economy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.