ദോഹ: ചില്ലുകൂട്ടിൽ ഒരു ടെന്നിസ് പോരാട്ടം. ടെന്നിസിലെ സ്കോറിങ് നിയമങ്ങളും സ്ക്വാഷിന്റെ കളി രീതികളുമെല്ലാമായി ആവേശം തുടിക്കുന്ന വേൾഡ് പാഡെൽ ചാമ്പ്യൻഷിപ്പിന് വേദിയൊരുക്കി ഖത്തർ. വിവിധ ലോകകായിക മേളകൾക്ക് വേദിയായ ഖത്തറിൽ പാഡെൽ ടെന്നിസിന്റെ വേൾഡ് ചാമ്പ്യൻഷിപ്പിന് തിങ്കളാഴ്ച ഖലീഫ ഇന്റർനാഷണൽ ടെന്നിസ് ആൻഡ് സ്ക്വാഷ് കോപ്ലക്സിൽ തുടക്കമായി.
നവംബർ രണ്ടുവരെ നീണ്ടുനിൽക്കുന്ന ചാമ്പ്യൻഷിപ്പിൽ പുരുഷ, വനിതാ വിഭാഗങ്ങളിലായി 32 ടീമുകളാണ് മത്സരിക്കുന്നത്. 11 തവണ ചാമ്പ്യന്മാരായ അർജന്റീനയും നിലവിലെ ചാമ്പ്യന്മാരായ സ്പെയിനുമാണ് പുരുഷ വിഭാഗത്തിലെ കിരീട ഫേവറിറ്റ്. 12ാം കിരീടം ലക്ഷ്യമിടുന്ന അർജന്റീനക്ക് ഗ്രൂപ് ‘എ’യിൽ ബെൽജിയം, ഇറ്റലി, അമേരിക്ക എന്നിവരാണ് എതിരാളികൾ.
ആതിഥേയരായ ഖത്തർ ഗ്രൂപ് ‘സി’യിൽ ഫ്രാൻസ്, ചിലി, ഉറുഗ്വായ് ടീമുകൾക്കൊപ്പം മത്സരിക്കുന്നു. സ്പെയിൻ, പരഗ്വേ, മെക്സികോ, യു.എ.ഇ (ഗ്രൂപ് ബി), പോർചുഗൽ, ബ്രസീൽ, നെതർലൻഡ്സ്, സ്വീഡൻ (ഗ്രൂപ് ഡി) എന്നിങ്ങനെയാണ് പുരുഷ വിഭാഗത്തിലെ മറ്റു ടീമുകൾ. വനിതകളിൽ സ്പെയിനാണ് നിലവിലെ ജേതാക്കൾ.
യൂറോപ്യൻ ജേതാക്കൾകൂടിയായ അവർതന്നെ ഇത്തവണയും കിരീട പ്രതീക്ഷയിലുള്ളത്. ദുബൈയിൽ നടന്ന അവസാന ലോകചാമ്പ്യൻഷിപ്പിൽ അർജന്റീനയായിരുന്നു റണ്ണേഴ്സ് അപ്പ്. ആദ്യദിനത്തിൽ നടന്ന മത്സരങ്ങളിൽ അർജന്റീന, സ്പെയിൻ, പോർചുഗൽ ടീമുകൾ വിജയത്തോടെ തുടക്കം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.