ദോഹ: ശൈഖ് അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി സ്ട്രീറ്റിൽനിന്ന് ആരംഭിച്ച് അൽ മഷാഫിലേക്കുള്ള രണ്ടു കിലോമീറ്റർ ദൈർഘ്യത്തിൽ വുകൈർ സ്ട്രീറ്റിലെ സുപ്രധാന ഭാഗത്തെ വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാൽ അറിയിച്ചു.
ഗ്രേറ്റർ ദോഹയുടെ തെക്കു ഭാഗത്തുള്ള റോഡ് വിപുലീകരണ, നവീകരണ പദ്ധതികളുടെ ഭാഗമായി (ഘട്ടം-2) രണ്ട് റൗണ്ട്എബൗട്ടുകൾ സിഗ്നൽ നിയന്ത്രിത ഇന്റർസെക്ഷനുകളാക്കി മാറ്റുന്നതിനു പുറമേയാണ് വുകൈർ റോഡിലെ വികസനപ്രവർത്തനങ്ങൾ.
2022 ഒക്ടോബറിൽ പ്രദേശത്തെ 12 കിലോമീറ്റർ റോഡുകളുടെ വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി നേരത്തേ അശ്ഗാൽ അറിയിച്ചിരുന്നു. അൽ ജനൂബ് സ്റ്റേഡിയത്തിന് പടിഞ്ഞാറു ഭാഗത്തുള്ള വുകൈർ റോഡിന്റെ പ്രധാന ഭാഗങ്ങൾ വികസിപ്പിക്കുന്നതും ഇതിലുൾപ്പെടും. എട്ട് ഇന്റർസെക്ഷനുകളും ഇതോടൊപ്പം വികസിപ്പിച്ചു. റോഡുകളുടെ ശേഷി വർധിപ്പിക്കുകയും പ്രദേശത്തെ ഗതാഗതനിയന്ത്രണം സുഗമമാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വക്റ ആശുപത്രി, വക്റ ഹെൽത്ത് സെന്റർ, വാണിജ്യ കേന്ദ്രങ്ങൾ, കായികസൗകര്യങ്ങൾ എന്നിവയും അൽ ജനൂബ് സ്റ്റേഡിയവും മറ്റു സേവനസൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളുമുൾപ്പെടെ നിരവധി സൗകര്യങ്ങൾക്കായി വുകൈർ റോഡ് ഉപയോഗിക്കുന്നതിനാൽ വികസന പ്രവർത്തനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് അശ്ഗാൽ ഉദ്യോഗസ്ഥ എൻജി. മുനീറ അൽ മുഹന്നദി പറഞ്ഞു.
ശൈഖ് അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച് അൽ മഷാഫിലേക്ക് നീളുന്ന രണ്ടു കിലോമീറ്റർ റോഡിന്റെ വികസനപ്രവർത്തനത്തിൽ നാലു കിലോമീറ്റർ സർവിസ് റോഡ് വികസനവും ഉൾപ്പെടും.
ഹെൽത്ത് സെന്റർ റൗണ്ട്എബൗട്ട്, വക്റ ആശുപത്രി റൗണ്ട്എബൗട്ട് എന്നീ രണ്ട് റൗണ്ട്എബൗട്ടുകളാണ് സിഗ്നൽ നിയന്ത്രിത ഇന്റർസെക്ഷനുകളാക്കി മാറ്റിയത്.
ഇന്റർസെക്ഷനുകളിൽ ഒന്നിലധികം സ്ട്രീറ്റുകളും പദ്ധതിയുടെ ഭാഗമായി കൂട്ടിച്ചേർത്തു. കൂടാതെ, ലൈറ്റിങ് സംവിധാനങ്ങൾ വികസിപ്പിക്കുന്നതോടൊപ്പം 110 തെരുവുവിളക്കുകളും പ്രദേശത്ത് സ്ഥാപിച്ചു.
2022 ഒക്ടോബറിൽ വുകൈർ റോഡിലെയും വുകൈർ, മഷാഫ് പ്രദേശങ്ങളിലെയും പ്രധാന നവീകരണ, അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങളും പൂർത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.