ജുബൈൽ: സൗദിയിൽ വിദേശ തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം. കഴിഞ്ഞ മൂന്നു വർഷത്തിനിടെ 10.5 ലക്ഷം വിദേശികൾക്കാണ് രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ഇല്ലാതായത്. 2018 മുതൽ 2021 മൂന്നാം പാദത്തിന്റെ അവസാനം വരെയുള്ള 45 മാസ കാലയളവിലാണ് ഇത്രയും വിദേശ സ്ത്രീ പുരുഷ തൊഴിലാളികൾ സൗദി തൊഴിൽ വിപണി വിട്ടത്. സർക്കാർ രേഖകളുടെ അടിസ്ഥാനത്തിൽ സ്വരൂപിച്ച റിപ്പോർട്ടിലാണ് ഈ കണക്കുകളുള്ളത്. രാജ്യത്തെ സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് 2017 ജൂലൈ മുതൽ പ്രതിമാസ ലെവി ഏർപ്പെടുത്തിയതാണ് ഇതിന് പ്രധാന കാരണമായത്. തൊഴിലുടമകൾക്കാണ് ലെവി അടക്കാനുള്ള ബാധ്യത. ഒരു ജീവനക്കാരനുള്ള പ്രതിമാസ ലെവി തുടക്കത്തിൽ 200 റിയാലായിരുന്നു. 2018 ൽ 400 ഉം 2019 ൽ 600 ഉം 2020 മുതൽ 800 ഉം റിയാലായി ഉയർത്തിയിരുന്നു. ലെവി നിലവിൽ വരും മുമ്പ് രാജ്യത്തെ വിദേശ തൊഴിലാളികളുടെ എണ്ണം 10.42 ദശലക്ഷമായിരുന്നു. ലെവി വന്നതോടെ ഈ കണക്ക് ഓരോ വർഷവും കുറയാൻ തുടങ്ങി.
2021 മൂന്നാം പാദത്തിന്റെ അവസാനത്തോടെ ഏകദേശം 9.36 ദശലക്ഷത്തിലെത്തി. ഇതേ കാലയളവിൽ സ്വദേശികളായ പുരുഷ-സ്ത്രീ തൊഴിലാളികളുടെ എണ്ണം 5.66 ശതമാനം വർധിക്കുകയും ചെയ്തു. ഏകദേശം 1,79,000 സൗദി പുരുഷന്മാരും സ്ത്രീകളും പുതുതായി ജോലി നേടി. ഇതോടെ മൊത്തം സൗദി തൊഴിലാളികളുടെ എണ്ണം 33.4 ലക്ഷമായി ഉയർന്നു. 2017 ൽ ഇത് 31.6 ലക്ഷമായിരുന്നു. ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിൽ (ഗോസി) അംഗമായ സൗദി പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം ഇതേ കാലയളവിൽ 7.73 ശതമാനം വർധിച്ചു. ഇൻഷുറൻസ് ഡേറ്റാബേസ് സംവിധാനത്തിന് വിധേയരായ മൊത്തം തൊഴിലാളികളുടെ എണ്ണം ഏകദേശം 21.4 ലക്ഷമായി ഉയർന്നു. സർക്കാർ സിവിൽ സർവിസ് മേഖലയിൽ നിയമിതരായ സൗദി പുരുഷന്മാരുടെയും സ്ത്രീകളുടെയും എണ്ണം ഏകദേശം 26,000 ആയി വർധിച്ചു. സർക്കാർ സർവിസിലുള്ള ആകെ സ്വദേശി ജീവനക്കാരുടെ എണ്ണം നിലവിൽ 12.1 ലക്ഷമായി മാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.