എണ്ണക്ക് റെക്കോഡ് വിലയിടിവ്;  പ്രതിസന്ധി തുടരുമെന്ന് വിദഗ്ധര്‍

റിയാദ്: അന്താരാഷ്ട്ര വിപണിയില്‍ എണ്ണക്ക് റെക്കോര്‍ഡ് വിലയിടിവ്. അസംസ്കൃത എണ്ണക്ക് ബാരലിന് 39 അമേരിക്കന്‍ ഡോളറാണ് ഇപ്പോഴത്തെ വില. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടക്കുള്ള ഏറ്റവും കുറഞ്ഞ വിലയാണ് വെള്ളിയാഴ്ച രേഖപ്പെടുത്തിയത്. 
2008 ഡിസംബറിന് ശേഷം അസംസ്കൃത എണ്ണ വില ഇത്രയും താഴുന്നത് ഇതാദ്യമാണ്. ഉല്‍പാദനവും വിപണന ഡിമാന്‍ഡും തമ്മിലുള്ള അസന്തുലിതത്വമാണ് വിലയിടിവിന് മുഖ്യകാരണമെന്നും 2016 ആദ്യ പാദം വരെ പ്രതിസന്ധി തുടരാന്‍ സാധ്യതയുണ്ടെന്നുമാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. 
എണ്ണ വിപണിയില്‍ നിലവിലുള്ള ശേഖരം ആവശ്യത്തിലധികമാണെന്നതിനാലാണ് പ്രതിസന്ധി തുടരുന്നതെന്നും ഇതേ ഉല്‍പാദനം തുടര്‍ന്നാല്‍ വിലയിടിവ് മാസങ്ങളോളം നീണ്ടുനിന്നേക്കുമെന്നും അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി മുന്നറിയിപ്പ് നല്‍കി. 2016 ആദ്യ പാദം വരെ താഴ്ന്ന വില തുടരാനാണ് സാധ്യതയെന്ന് ജെ.പി.സി എനര്‍ജി പെട്രോളിയം കമ്പനി മേധാവി റിച്ചാര്‍ഡ് ജൂറി പറഞ്ഞു. 
വിലയിടിവ് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എണ്ണ ഉല്‍പാദകര്‍ക്ക് 2016 പ്രതീക്ഷയുടെ വര്‍ഷമല്ളെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ വിപണിയില്‍ ഡിമാന്‍ഡ് വര്‍ധിക്കാന്‍ സാധ്യതയുള്ളൂ എന്നതാണ് അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സിയുടെ പ്രവചനം. ഗള്‍ഫ് രാജ്യങ്ങള്‍ അടുത്ത വര്‍ഷത്തെ ബജറ്റ് തയ്യാറാക്കുന്ന വേളയില്‍ അനുഭവപ്പെടുന്ന എണ്ണ വില പ്രതിസന്ധി സര്‍ക്കാര്‍ പദ്ധതികളെയും സ്വകാര്യ മേഖലയെയും ഏത് നിലക്ക് ബാധിക്കുമെന്നതിന്‍െറ ചിത്രം വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തമാവുമെന്നാണ് കരുതുന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.