തടവുകാരെ അതത് രാജ്യങ്ങള്‍ക്ക്  കൈമാറുന്നത് പരിഗണിക്കണമെന്ന് ശൂറ 

റിയാദ്: വിവിധ കേസുകളില്‍ സൗദിയില്‍ തടവുശിക്ഷ അനുഭവിക്കുന്ന വിദേശികളെ അവരവരുടെ രാജ്യങ്ങള്‍ക്ക് കൈമാറുന്ന കാര്യം പരിഗണിക്കണമെന്ന് ശൂറ കൗണ്‍സിലില്‍ നിര്‍ദേശം.  ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍റ് പബ്ളിക് റിലേഷന്‍െറ കഴിഞ്ഞവര്‍ഷത്തെ സ്ഥിതി വിവരകണക്കുകള്‍ പരിശോധിച്ച കഴിഞ്ഞ ശൂറ കൗണ്‍സില്‍ യോഗത്തിലാണ് ഈ അഭിപ്രായം ഉയര്‍ന്നത്. വിവിധ രാജ്യങ്ങളുമായി തടവുകാരെ കൈമാറുന്ന കരാര്‍ ഉണ്ടാക്കിയാല്‍ ജയില്‍ വകുപ്പിന്‍െറ അമിതഭാരം കുറയ്ക്കാം. ഒപ്പം പ്രതിവര്‍ഷം ശതകോടി റിയാലിനടുത്ത് തുക ലാഭിക്കുകയുമാകാം. ഓരോ തടവുകാരനും പ്രതിമാസം 4,000 റിയാല്‍ വെച്ച് പൊതുബജറ്റില്‍ നിന്ന് ചെലവുപോകുന്നുണ്ടെന്ന് ശൂറ അംഗം അമീര്‍ ഖാലിദ് അല്‍ സൗദ് പറഞ്ഞു. 31,000 വിദേശ തടവുകാരാണ് നിലവില്‍ സൗദി ജയിലുകളിലുള്ളത്. ഒരുശതകോടി റിയാലാണ് ഇവര്‍ക്കായി വര്‍ഷാവര്‍ഷം ചെലവിടുന്നത്. തടവുകാരെ അതാത് രാജ്യങ്ങള്‍ക്ക് കൈമാറി ബാക്കി ശിക്ഷ അവിടെ അനുഭവിക്കുന്ന അവസ്ഥ വന്നാല്‍ ഈ തുക രാജ്യത്തിന് ലാഭിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വനിതകളുടെ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് വനിത അന്വേഷണ ഉദ്യോഗസ്ഥരുടെ അഭാവം സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ശൂറയിലെ വനിത അംഗമായ അമല്‍ അല്‍ ശാമാന്‍ ചൂണ്ടിക്കാട്ടി. വനിതകള്‍ക്കെതിരെ 433 അതിക്രമകേസുകളാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായത്. മോശം പെരുമാറ്റത്തിന് 399 കേസുകളും. കുട്ടികളുമായി ബന്ധപ്പെട്ട 2,300 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും അവര്‍ സൂചിപ്പിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.