റിയാദ്: കേരളത്തിലും സൗദിയിലും അവധിക്കാലം വരാനിരിക്കെ വീണ്ടും വിമാന ടിക്കറ്റ് റീഫണ്ടിങ് തട്ടിപ്പ്. ബത്ഹയിലെ ട്രാവല്‍ ഏജന്‍സി ജീവനക്കാരന്‍ ഇടപാടുകാര്‍ അറിയാതെ അവരുടെ വിമാന ടിക്കറ്റുകള്‍ റീഫണ്ട് ചെയ്ത് പണവുമായി മുങ്ങി. കഴിഞ്ഞ മൂന്നുവര്‍ഷമായി സീസണ്‍ കാലത്ത് നടക്കുന്ന തട്ടിപ്പിന്‍െറ ആവര്‍ത്തനമാണ് കഴിഞ്ഞ ദിവസമുണ്ടായത്. നിരവധി യാത്രക്കാര്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത ടിക്കറ്റുകളാണ് മലയാളിയായ ജീവനക്കാരന്‍ റീഫണ്ട് ചെയ്തത്. ഇവരില്‍ ചിലര്‍ യാത്രക്കൊരുങ്ങി വിമാനത്താവളത്തില്‍ ചെന്നപ്പോഴാണ് തങ്ങളുടെ ടിക്കറ്റുകള്‍ റദ്ദാക്കിയ വിവരം അറിഞ്ഞത്. ഇവരുടന്‍ ടിക്കറ്റെടുത്ത ബത്ഹയിലെ ഏജന്‍സിയില്‍ എത്തി. അപ്പോഴേക്കും ടിക്കറ്റ് നല്‍കിയ ജീവനക്കാരന്‍ സ്ഥലം വിട്ടിരുന്നു. യാത്രക്കാര്‍ക്ക് പുറമെ ഈ ഏജന്‍സിയുമായി ടിക്കറ്റ് വില്‍പനക്ക് കരാറുണ്ടായിരുന്ന പ്രമുഖ ഏജന്‍സികളും ചതിയില്‍ പെട്ടെന്നാണ് വിവരം. ടിക്കറ്റെടുത്ത വകയില്‍ ഏജന്‍സികള്‍ക്കും വന്‍ തുക കൊടുക്കാനുണ്ടത്രെ. മൂന്നുവര്‍ഷത്തിനിടെ ബത്ഹയിലുണ്ടായ മൂന്നാമത്തെ സംഭവമാണിത്. ബത്ഹ ശാറ ദരക്തറിലും ശാറ റെയിലിലും പ്രവര്‍ത്തിച്ചിരുന്ന രണ്ട് ഏജന്‍സികളാണ് ഇതിന് മുമ്പ് തട്ടിപ്പ് നടത്തിയത്. ഇതില്‍ രണ്ടാമത്തെ സംഭവത്തില്‍ 75ലക്ഷം റിയാലുമായി മുങ്ങിയ ട്രാവല്‍ ഏജന്‍സി ജീവനക്കാരന്‍ കന്യാകുമാരി ജില്ലയിലെ ചെമ്പരത്തിവിളയില്‍ സ്വദേശി മില്‍ട്ടനെ ട്രാവല്‍ ഏജന്‍സി ഉടമയുടെ പരാതിയില്‍ കഴിഞ്ഞ മാസം നവംബറില്‍ കേരള പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു.
കേരളത്തിലെ സ്കൂള്‍ അവധിക്കാലമായ ഏപ്രില്‍, മേയ് മാസങ്ങളും സൗദിയിലെ അവധിക്കാലമായ ജൂലൈ, ആഗസ്റ്റ് മാസങ്ങളും ലക്ഷ്യമാക്കി മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്ന കുടുംബങ്ങളടക്കമുള്ള മലയാളികളാണ് തട്ടിപ്പിനിരയായ അധികം പേരും. ടിക്കറ്റ് കണ്‍ഫേം ചെയ്ത ഇ-ടിക്കറ്റ് പ്രിന്‍െറടുത്ത് യാത്രക്കാരന് നല്‍കിയശേഷമാണ് തട്ടിപ്പ്. ഇ-ടിക്കറ്റായതിനാല്‍ റദ്ദാക്കലും റീഫണ്ടിങ്ങും എളുപ്പമാണ്. എന്നാല്‍ തങ്ങള്‍ക്ക് കിട്ടിയ ‘കണ്‍ഫേം സ്റ്റാറ്റസ്’ രേഖപ്പെടുത്തിയ ടിക്കറ്റില്‍ വിശ്വസിച്ചാണ് യാത്രക്കാര്‍ വിമാനത്താവളത്തിലേക്ക് പുറപ്പെടുക. അവധിക്ക് നാട്ടില്‍ പോയവരുടെ മടക്ക ടിക്കറ്റുകള്‍ റീഫണ്ട് ചെയ്ത സംഭവമുണ്ടായിട്ടുണ്ട്. ഇന്‍റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) അംഗീകാരമില്ലാത്ത സ്ഥാപനങ്ങളിലാണ് ഇത്തരം തട്ടിപ്പ് അരങ്ങേറുന്നതെന്നാണ് ടിക്കറ്റിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. അയാട്ട അംഗീകാരമുള്ള ഏജന്‍സികള്‍ക്ക് മാത്രമേ നേരിട്ട് ടിക്കറ്റ് ഇഷ്യൂ ചെയ്യാനുള്ള അനുമതിയുള്ളൂ. അംഗീകാരം ഇല്ലാത്ത ഏജന്‍സികള്‍ അംഗീകാരമുള്ള സ്ഥാപനങ്ങളുടെ ഗാരന്‍റിയില്‍ റിസര്‍വേഷന്‍ സംവിധാനം സ്ഥാപിച്ചാണ് ടിക്കറ്റ് വില്‍പന നടത്തുന്നത്. സ്വാഭാവികമായും അംഗീകാരമുള്ള ഏജന്‍സിയുടെ അക്കൗണ്ടാണ് ഇതിന് വേണ്ടി ഉപയോഗിക്കുക. അനധികൃത ഏജന്‍സി മുങ്ങുമ്പോള്‍ അംഗീകൃത ഏജന്‍സികള്‍ കുടുങ്ങുന്നതും പണ നഷ്ടം അനുഭവിക്കുന്നതും ഇങ്ങനെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.