19 വര്‍ഷമായി നാട്ടില്‍ പോകാത്ത മലയാളി റിയാദില്‍ നിര്യാതനായി

റിയാദ്: 19 വര്‍ഷമായി നാട്ടില്‍ പോകാതെ കഴിഞ്ഞിരുന്ന മലയാളി ഹൃദയാഘാതം മൂലം റിയാദില്‍ നിര്യാതനായി. തൃശൂര്‍ ഇരിഞ്ഞാലക്കുട വട്ടപ്പറമ്പില്‍ ശങ്കരന്‍-ദേവകി ദമ്പതികളുടെ മകന്‍ കൃഷ്ണന്‍ ബാബു (55) ആണ് നീണ്ട വര്‍ഷങ്ങള്‍ക്കൊടുവില്‍ നാടുകാണാതെ മരണത്തിന് കീഴടങ്ങിയത്. 29 വര്‍ഷം മുമ്പാണ് ഇദ്ദേഹം സൗദിയിലത്തെിയത്. തുടക്കത്തില്‍ നാട്ടില്‍ പോയിരുന്നു. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. 19 വര്‍ഷം മുമ്പാണ് ഏറ്റവും ഒടുവില്‍ നാട്ടില്‍ പോയി മടങ്ങി വന്നത്. പിന്നീട് രണ്ടു വര്‍ഷം കഴിഞ്ഞതോടെ ഇഖാമയുടെ കാലാവധി കഴിഞ്ഞു. ഇഖാമയില്ലാതെ 17 വര്‍ഷമാണ് റിയാദില്‍ കഴിഞ്ഞത്. ഒരാഴ്ച മുമ്പ് റിയാദിലെ റൗദയില്‍ വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഉടന്‍ തന്നെ സനദ് ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ കഴിഞ്ഞതിനെ തുടര്‍ന്ന് 2500 റിയാല്‍ ബില്ലായിരുന്നു. സംഭവം നാട്ടിലറിഞ്ഞ് തോമസ് ഉണ്ണിയാടന്‍ എം.എല്‍.എ നോര്‍ക കണ്‍സള്‍ട്ടന്‍റ് ശിഹാബ് കൊട്ടുകാടിനെ വിവരം അറിയിക്കുകയായിരുന്നു. ശിഹാബ് ആശുപത്രി അധികൃതരുമായി സംസാരിച്ചതിനെ തുടര്‍ന്ന് ബില്‍ തുക പകുതിയാക്കാന്‍ അവര്‍ സമ്മതിച്ചു. ഒ.ഐ.സി.സി നേതാവ് മജീദ് ചിങ്ങോയി ഈ തുക അടച്ച്് മൃതദേഹം ശുമൈസി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. രേഖകളൊന്നും ലഭ്യമല്ലാത്തതിനാല്‍ തുടര്‍ നടപടികള്‍ക്ക് ഏറെ പ്രയാസം നേരിട്ടു. ഒടുവില്‍ ഇയാളുടെ മുറിയില്‍ നിന്ന് കാലാവധി കഴിഞ്ഞ പാസ്പോര്‍ട്ട് ലഭിച്ചു. ഇതുവെച്ച് എംബസി സഹായത്തോടെ ഇ.സി ശരിയാക്കി. നാടുകടത്തല്‍ കേന്ദ്രത്തില്‍ നിന്ന് എക്സിറ്റ് അടിച്ച് കിട്ടിയിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയായതിനാല്‍ മൃതദേഹം വൈകാതെ നാട്ടിലേക്ക് കൊണ്ടുപോകും.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.