എണ്ണയുല്‍പാദനം നാലു ശതമാനം കുറക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സമ്മതിച്ചതായി സൂചന

റിയാദ്: സൗദിയുള്‍പ്പെടെ ഒപെകിലെ ഗള്‍ഫ് രാജ്യങ്ങള്‍ എണ്ണയുല്‍പാദനത്തില്‍ നാലു ശതമാനം കുറവ് വരുത്താന്‍ സമ്മതിച്ചതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. റഷ്യന്‍ എണ്ണ മന്ത്രിയുമായി ജി.സി.സിയിലെ എണ്ണ മന്ത്രിമാര്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായതെന്നാണ് സൂചന. 
കഴിഞ്ഞ ദിവസം റിയാദില്‍ ചേര്‍ന്ന ജി.സി.സി മന്ത്രിമാരുടെ യോഗത്തിലേക്ക് സൗദിയുടെ ക്ഷണപ്രകാരമാണ് റഷ്യയുടെ മന്ത്രി അലക്സാണ്ടര്‍ നൊവാക് എത്തിയത്. അദ്ദേഹത്തിന്‍െറ സാന്നിധ്യത്തിലാണ് ചര്‍ച്ചകള്‍ നടന്നത്. 
ഒക്ടോബര്‍ 28, 29 തിയതികളില്‍ വിയന്നയില്‍ നടക്കുന്ന ഒപെക് രാജ്യങ്ങളുടെയും മറ്റ് എണ്ണയുല്‍പാദക രാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുക്കുന്ന സാങ്കേതിക സമിതി യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കപ്പെടുമെന്നാണ് കരുതുന്നത്. നവംബര്‍ 30ന് വിയന്നയില്‍ നടക്കുന്ന സമ്പൂര്‍ണ യോഗത്തിലാണ് അന്തിമ പ്രഖ്യാപനമുണ്ടാവുക. എണ്ണ വില പിടിച്ചു നിര്‍ത്തുന്നതിന്‍െറ ഭാഗമായി ഉല്‍പാദനം കുറക്കാന്‍ കഴിഞ്ഞ മാസം അള്‍ജീരിയയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായിരുന്നു. എന്നാല്‍ ഓരോ രാജ്യങ്ങളും എത്ര ശതമാനം വീതം കുറക്കണമെന്ന കാര്യത്തില്‍ തീരുമാനമായിരുന്നില്ല. ഈ സാഹചര്യത്തിലാണ് നാലു ശതമാനം കുറക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. 
ഒപെകിലെ പ്രധാന അംഗ രാജ്യങ്ങള്‍ ഉല്‍പാദനം കുറക്കാന്‍ സമ്മതിച്ചാല്‍ എല്ലാ രാജ്യങ്ങളും ഇതിന് തയാറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം, എണ്ണയുല്‍പാദനം കുറക്കുമെന്ന കാര്യത്തില്‍ റഷ്യ ഇതുവരെ സൂചനകളൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ ഉല്‍പാദനം നിലവിലുള്ള അവസ്ഥയില്‍ സ്ഥിരപ്പെടുത്താന്‍ റഷ്യ സന്നദ്ധമാണെന്നാണ് സൂചന. അതിനിടെ ഉല്‍പാദനം കുറക്കില്ളെന്ന് ഇറാഖ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഉല്‍പാദനം കുറക്കുകയാണെങ്കില്‍ എല്ലാവരും കുറക്കണമെന്നാണ് ഒപെക് അംഗങ്ങളുടെ നിലപാട്. 
എന്നാല്‍ ഇറാന്‍, ലിബിയ, നൈജീരിയ എന്നീ രാജ്യങ്ങളെ ഇതില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് പൊതുവായ ധാരണയുണ്ടെന്ന് ഒപെക് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു. 12 രാജ്യങ്ങളുള്ള ഒപെക് അംഗങ്ങള്‍ക്കു പുറമെ റഷ്യ, അസര്‍ബൈജാന്‍, ഖസാകിസ്ഥാന്‍, ഒമാന്‍, ഈജിപ്ത്, ബഹ്റൈന്‍, കൊളംബിയ, മെക്സികോ, ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, ബൊളീവിയ, നോര്‍വേ, കാനഡ എന്നീ രാജ്യങ്ങള്‍ക്കും യോഗത്തിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.