മദീന ഖുര്‍ആന്‍ പ്രിന്‍റിങ് കോംപ്ളക്സില്‍ 1300 ജീവനക്കാരെ പിരിച്ചുവിട്ടു

മദീന: മദീനയിലെ കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്‍റിങ് കോംപ്ളക്സ് ജീവനക്കാരുടെ കരാര്‍ പുതുക്കുന്നില്ളെന്ന് കാണിച്ച് കമ്പനി ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി. പ്രിന്‍റിങ് കോംപ്ളക്സിലെ തൊഴിലുകളുടെ കരാര്‍ ഏറ്റെടുത്ത് നടത്തുന്നത് ‘സൗദി ഓജര്‍’ കമ്പനിയായിരുന്നു . സെപ്റ്റംബര്‍ മുതല്‍ കരാര്‍ അവസാനിപ്പിക്കുന്നതായി കാണിച്ചാണ് ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കിയത്. 
ഇതോടെ പ്രിന്‍റിങ് കോംപ്ളക്സില്‍ ജോലിചെയ്തിരുന്ന 1300 ഓളം വിവിധ ഗ്രേഡുകളിലുള്ള ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. 
മുഴുവന്‍ ജീവനക്കാരോടും ബന്ധപ്പെട്ട ഓഫീസുകളിലത്തെി കരാര്‍ അവസാനിപ്പിക്കുന്ന പ്രക്രിയകള്‍ പൂര്‍ത്തിയാക്കാനും കമ്പനി അധികൃതര്‍ ആവശ്യപ്പെട്ടു. തൊഴിലാളികള്‍ക്ക് തൊഴില്‍ മന്ത്രാലയത്തിന്‍െറ ‘സാനിദ്’ പദ്ധതിയില്‍ പേര് രജിസ്റ്റര്‍ചെയ്ത് മറ്റുതൊഴില്‍ സാധ്യതകള്‍ തേടാവുന്നതാണ്. 
പിരിച്ചുവിടപ്പെട്ട ഭൂരിഭാഗം ജീവനക്കാരും പത്തിലേറെ വര്‍ഷങ്ങളായി ഖുര്‍ആന്‍ പ്രിന്‍റിങ് കോംപ്ളക്സില്‍ ജോലിചെയ്യുന്നവരാണ്. 1978 മുതലാണ് സൗദി ഓജര്‍ കമ്പനി കിങ് ഫഹദ് ഖുര്‍ആന്‍ പ്രിന്‍റിങ് കോംപ്ളസിന്‍െറ കരാര്‍ ജോലികള്‍ ആരംഭിച്ചത്. നിര്‍മാണ ജോലിയില്‍നിന്ന് തുടങ്ങി ക്രമേണ മുഴുവന്‍ മേഖലകളും കമ്പനി ഏറ്റെടുക്കുകയായിരുന്നു. കുറെ മാസങ്ങളായി ശമ്പളം വൈകിയതു കാരണം ജീവനക്കാര്‍ ദുരിതത്തിലായിരുന്നു. 
സൗദി ഓജര്‍ കമ്പനി കരാര്‍ അവസാനിപ്പിക്കുന്നതോടെ ജോലികള്‍ മറ്റേതെങ്കിലും കമ്പനിക്ക് നല്‍കുമെന്നും അതിലൂടെ തൊഴിലുകളില്‍ തുടരാമെന്നുമായിരുന്നു ജീവനക്കാരുടെ കണക്കുകൂട്ടല്‍. എന്നാല്‍ എല്ലാവരെയും അമ്പരപ്പിച്ചാണ് കരാര്‍ അവസാനിപ്പിക്കുന്നതായി അപ്രതീക്ഷിത അറിയിപ്പ് ലഭിച്ചത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.