യാംബു: സൗദി സാംസ്കാരിക മന്ത്രാലയം 2023 അറബി കവിതാവർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളും കാവ്യോത്സവങ്ങളും തുടരുന്നു. കാൽപനിക കവിയെന്ന നിലയിൽ വിശ്രുതനായി മാറിയ ഇംറുൽ ഖൈസ് തുടങ്ങിയ പ്രാചീന അറേബ്യൻ കവികളുടെ ജീവിതവും കാവ്യങ്ങളും ഇതിവൃത്തമാക്കി കാവ്യനാടകങ്ങളും പ്രദർശനങ്ങളും ചർച്ചാസംഗമങ്ങളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്.
യാംബു റോയൽ കമീഷൻ അതോറിറ്റിയുടെ കീഴിലുള്ള സാമൂഹികസേവന വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാംസ്കാരിക മന്ത്രാലയവുമായി സഹകരിച്ച് കഴിഞ്ഞ ദിവസം റോയൽ കമീഷൻ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഡിറ്റോറിയത്തിൽ ‘മജ്ലിസ് കാഫിയ ലി ഷിഹ്രിൽ അറബി’ എന്ന പേരിൽ സംഘടിപ്പിച്ച സാംസ്കാരിക പരിപാടിയും കാവ്യസന്ധ്യയും ശ്രദ്ധേയമായി. പ്രമുഖ കവികളായ റാസിൻ അൽസലമി, അബ്ദുല്ല അൽജുഹാനി, പത്രപ്രവർത്തകനായ ബന്ദർ അൽകാഷി എന്നിവർ പരിപാടിയിൽ മുഖ്യാതിഥികളായി പങ്കെടുത്തു. യാംബുവിലെ കവികളും സാഹിത്യ, കവിതാസ്വാദകരുമായ ധാരാളം പേർ പരിപാടിയിൽ പങ്കെടുത്തു.
അറബ് സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും അടയാളപ്പെടുത്തലുകളിൽ ഏറെ സ്വാധീനം ചെലുത്തിയ അറബ് കവിതയെ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കാനും അറബ് ചരിത്രത്തിന്റെ നാൾവഴികളിൽ അറബ് കവികളും അവരുടെ ജനപ്രിയമായ കവിതകളും ചെലുത്തിയ സ്വാധീനം പുതുതലമുറക്ക് പകർത്താനും ലക്ഷ്യംവെച്ചാണ് സൗദി സാംസ്കാരിക മന്ത്രാലയം ഈ വർഷം കവിതയുടെ വർഷമായി ആചരിക്കുന്നത്.
അറബി കവിതയുടെ മഹിതമായ ചരിത്രത്തെ പുനരുജ്ജീവിപ്പിക്കാനും മനുഷ്യ നാഗരികതയിലെ നാൾവഴികളിൽ അറബ് കവികളും കവിതകളും ചെലുത്തിയ സ്വാധീനം സമൂഹത്തിന് പകർത്താനും അറബി കവിതാവർഷംകൊണ്ട് അധികൃതർ ലക്ഷ്യംവെക്കുന്നു. സൗദിയിലെയും അറബ് ലോകത്തെയും കാവ്യരംഗം ഇപ്പോഴും അഭിവൃദ്ധി പ്രാപിക്കുന്നതിനാൽ രാജ്യം ഈ വർഷം അറബി കവിതാവർഷമായി ആചരിക്കുന്നതും അതുവഴി വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിക്കുന്നതും ഏറെ ഫലംചെയ്യുമെന്ന് വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.