മശാഇർ ട്രെയിനുകൾ നടത്തിയത് 2200 യാത്രകൾ

ജിദ്ദ: ഇത്തവണത്തെ ഹജ്ജ് വേളയിൽ പുണ്യഭൂമിയിലെ വിവിധ സ്ഥലങ്ങൾക്കിടയിൽ മശാഇർ ട്രെയിൻ നടത്തിയത് 2200 യാത്രകൾ. മിനക്കും അറഫക്കും ഇടയിൽ ഹജ്ജ് ദിനങ്ങളിൽ നടത്തിയ ഇത്രയും യാത്രകളിൽ 13 ലക്ഷം തീർഥാടകർ സഞ്ചരിച്ചതായും സൗദി അറേബ്യൻ റെയിൽവേ വ്യക്തമാക്കി. മിനയിലെ ജംറകൾ സ്ഥിതി ചെയ്യുന്ന പാലം മുതൽ അറഫ വരെ ഒമ്പത് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് നടത്തിയ ഹജ്ജ് യാത്രാപദ്ധതി പൂർണ വിജയമായിരുന്നു എന്ന് മെട്രോ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി

തീർഥാടകർ ഹജ്ജിന്റെ പ്രധാന കർമങ്ങൾ നിർവഹിക്കുന്ന അറഫ, മുസ്ദലിഫ, മിന എന്നീ സ്ഥലങ്ങൾക്കിടയിലാണ് സൗദി റെയിൽവേക്ക് കീഴിലുള്ള മശാഇർ മെട്രോ സർവിസ് നടത്തുന്നത്. ഹജ്ജിന്റെ ആദ്യദിനങ്ങളിൽ യാത്രികർ കുറവായിരുന്നെങ്കിലും ദുൽഹജ്ജ് എട്ട് രാത്രി മുതൽ മിനായിൽനിന്ന് അറഫയിലേക്കും അവിടെനിന്ന് മുസ്‌ദലിഫയിലേക്കുമുള്ള യാത്രകളിൽ തീർഥാടകരുടെ എണ്ണം ഗണ്യമായി ഉയർന്നു. മുസ്ദലിഫയിലെ രാപ്പാർക്കലിന് ശേഷം മിനായിലേക്കുള്ള മടക്കയാത്രയിൽ രണ്ടര ലക്ഷത്തോളം തീർഥാടകർ ട്രെയിൻ സൗകര്യം ഉപയോഗപ്പെടുത്തി. ദുൽഹജ്ജ് 10ന് ശേഷമുള്ള 'തഷ്രീഖ്' ദിനങ്ങളിൽ ആറര ലക്ഷത്തിലധികം പേരാണ് മിന-1, മിന-2, മുസ്ദലിഫ-3 സ്റ്റേഷനുകൾക്കിടയിൽ യാത്ര ചെയ്യുന്നതിന് മശാഇർ ട്രെയിനിനെ ആശ്രയിച്ചത്.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.