റിയാദ്: റിയാദ് സീസന്റെ പ്രധാന വേദികളിൽ ഒന്നായ സുവൈദി പാർക്കിലേക്ക് വാരാന്ത്യത്തിലെത്തിയത് ആയിരക്കണക്കിന് ആസ്വാദകരാണ്. നഗര ഹൃദയത്തിലെ വിശാലമായ പാർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ നിറഞ്ഞൊഴുകി. പാർക്കിലെ പ്രധാന സ്റ്റേജിന് മുന്നിൽ ചുവടുവെച്ചും ആനന്ദരവം മുഴക്കിയും ആസ്വാദകർ ഇന്ത്യൻ സാംസ്കാരികോത്സവ രാവുകളെ അവിസ്മരണീയമാക്കി. ഇന്ത്യൻ ഗായകൻ ഹിമേഷ് രേഷാമിയ വേദിയിലെത്തിയതോടെ സദസ്സ് ഇളകിമറഞ്ഞു.
‘ആഷിക് ബനായ ആപ്നേ’ എന്ന ഇമ്രാൻ ഹാഷ്മി ചിത്രത്തിൽ ഹിമേഷ് പാടിയ പാട്ടോടെയുള്ള തുടക്കം കാത്തിരിപ്പുകാർക്കുള്ള സമ്മാനമായി. ഹിമേഷിന്റെ ദേശാതിർത്തികൾ ഭേദിച്ചുള്ള സംഗീത പ്രകടനത്തിന് നിലക്കാത്ത കൈയടികൾ സമ്മാനിച്ചവരിൽ ഇന്ത്യക്കാർ മാത്രമല്ല വ്യത്യസ്ത ദേശങ്ങളിലെ സംഗീതാരാധകരുമുണ്ടായി. ചെണ്ടമേളവും പഞ്ചാബി ഡാൻസും ഉൾെപ്പടെയുള്ള ഇന്ത്യൻ കലാരൂപങ്ങൾ നിറഞ്ഞ ഘോഷയാത്രയും ശ്രദ്ധയാകർഷിച്ചു.
ഫുഡ് സ്റ്റാളുകളിലും ഗെയിം പവലിയനുകളിലും നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കുട്ടികൾക്കുള്ള പ്രത്യേക സ്റ്റേജിലും പരിപാടികൾ വർണാഭമായിരുന്നു. വൈകീട്ട് നാല് മുതൽ ആരംഭിച്ച തിരക്ക് രാത്രി 12 വരെ നീണ്ടു. സുവൈദി പാർക്കിൽ ഇന്ത്യക്ക് അനുവദിച്ച ദിവസങ്ങൾ ഒക്ടോബർ 21-ന് അവസാനിക്കും.
അന്ന് മുതൽ 25 വരെ ഫിലിപ്പീൻസ്, 26 മുതൽ 29 വരെ ഇന്തോനേഷ്യ, 30 മുതൽ നവംബർ രണ്ട് വരെ പാകിസ്താൻ, നവംബർ മൂന്ന് മുതൽ ആറ് വരെ യെമൻ, ഏഴ് മുതൽ 16 വരെ സുഡാൻ, 17 മുതൽ 19 വരെ സിറിയ, 20 മുതൽ 23 വരെ ബംഗ്ലാദേശ്, 24 മുതൽ 30 വരെ ഈജിപ്ത് എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളുടെ സാംസ്കാരികോത്സവ തീയതികൾ. പ്രവേശനം പൂർണമായും സൗജന്യമാണെങ്കിലും webook.com എന്ന വെബ്സൈറ്റ് വഴിയോ ഇതേ പേരിലുള്ള മൊബൈൽ ആപ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.