റിയാദ്: റിയാദ് ഇന്ത്യൻ ഫുട്ബാൾ പ്രേമികളുടെ കളിയാവേശം വാനോളം ഉയർത്തി വാദ്യഘോഷങ്ങളുടെ അകമ്പടിയിൽ ഒരു രാജകുമാരനെപോലെ ഇവാൻ വന്നിറങ്ങി. ഏതാനും ദിവസങ്ങളായി റിയാദ് മലയാളികളുടെയിടയിൽ ചർച്ചയായിരുന്ന ഇവാൻ വുകോമനോവിച്ച് റിയാദ് സുലൈയിലെ അൽ മുതവ പാർക്ക് സ്റ്റേഡിയത്തിൽ കാലുകുത്തിയപ്പോൾ ആർപ്പുവിളികളും ആരവങ്ങളും കൊണ്ട് അന്തരീക്ഷം മുഖരിതമായി.
ബീറ്റ്സ് ഓഫ് റിയാദ് നാസിക് ഡോൾ മേളപ്പെരുക്കത്തിന്റെ അകമ്പടിയോടെ മീഡിയ വൺ സൂപ്പർ കപ്പ് ടൂർണമെൻറ് കമ്മിറ്റിയംഗങ്ങൾ വേദിയിലേക്ക് ആനയിച്ചു. റിയാദ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളും മീഡിയ വൺ ഉദ്യോഗസ്ഥരും പ്രായോജകരുമടങ്ങിയ സംഘം അദ്ദേഹത്തെ സ്വീകരിച്ചു.
ടൂർണമെൻറ് ഔപചാരിക ഉദ്ഘാടന ചടങ്ങിൽ മീഡിയവൺ ജനറൽ മാനേജർ സവാബ് അലി സ്വാഗതം ആശംസിച്ചു. ഹർഷാരവങ്ങളോടെ സ്വീകരിച്ച കാണികളോട് ആവേശകരമായ സ്വീകരണത്തിനും ആദരവിനും നന്ദി പറഞ്ഞുകൊണ്ടാണ് ഇവാൻ വുകോമനോവിച്ച് ഉദ്ഘാടന പ്രസംഗം ആരംഭിച്ചത്. കേരളത്തിലെ ജനങ്ങൾ ഒരു വികാരമാണെന്നും അവരുടെ ഭക്ഷണം, സംസ്കാരം, ഫുട്ബാളിനോടുള്ള താൽപര്യം എല്ലാം തനിക്ക് ഏറെ ഇഷ്ടമാണെന്നും ഇവാൻ പറഞ്ഞു.
ഇനിയും താൻ കേരളത്തിലേക്ക് തിരിച്ചുവരുമെന്നും ഇവിടെ മത്സരിക്കുന്ന കളിക്കാർക്ക് ചിലർക്കെങ്കിലും കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ‘കേറി വാ മക്കളേ...’ എന്ന് മലയാളത്തിൽ സദസ്സിനെ സംബോധന ചെയ്തത് ഗാലറിയിൽ വലിയ ഓളമുണ്ടാക്കി.
അദ്ദേഹത്തിന് ആദരവായി മൗലിക ഡാൻസ് അക്കാദമി കുരുന്നുകൾ കാഴ്ചവെച്ച നൃത്തത്തോടൊപ്പം ഇവാനും ചുവടുകൾ വെച്ചത് ഏറെ കൗതുകമുണർത്തി. മീഡിയ വൺ മിഡിലീസ്റ്റ് ജി.എം സവാബ് അലി ഇവാൻ വുകോമനോവിച്ചിന് ഉപഹാരം സമ്മാനിച്ചു. ഇവാന്റെ സുഹൃത്തും സൗദിയിലെ സെർബിയൻ അംബാസഡറുമായ ഡ്രാഗൻ ബിസെനിക്കിന് മീഡിയ വൺ സൗദി ഓപറേഷൻ ഹെഡ് അഹ്മദ് റാഷിദും ഉപഹാരം നൽകി.
അബ്ദുറഹ്മാൻ പട്ടർക്കടവൻ, നിപിൻ ലാൽ, ജൗഹർ, റയാൻ അൽ ബാഹുത്ത്, ശബീബ്, സാദിഖ്, ബഷീർ, ഹനീഫ, അർഷദ്, വി.പി. മുഷ്താഖ്, റഹീം, അജ്മൽ, മുജീബ് ഉപ്പട, റസാഖ്, നിഫ്രാസ്, സമീർ എന്നിവർക്ക് ഇവാൻ വുകോമനോവിച്ച് ഒപ്പിട്ട പന്തുകൾ സമ്മാനിച്ചു. ടൂർണമെൻറിൽ പങ്കെടുത്ത ക്യാപ്റ്റന്മാർക്ക് ഇവാൻ ഒപ്പിട്ട ജെഴ്സികളും സ്മരണികയായി നൽകി.
അൽ നസ്ർ ജൂനിയർ ക്ലബിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം പാങ്ങ് സ്വദേശിയായ മുഹമ്മദ് റാസിനും ഇവാൻ ആദരഫലകം നൽകി. നൃത്തമൊരുക്കിയ നീതു നിധിന് (മൗലിക ഡാൻസ് അക്കാദമി) മീഡിയ വൺ ചീഫ് കറസ്പോൺഡൻറ് അഫ്താബുറഹ്മാൻ ഫലകം സമ്മാനിച്ചു. സിദ്ദിഖ് ബിൻ ജമാൽ, അബ്ദുൽ കരീം പയ്യനാട്, അജ്മൽ ഹുസൈൻ, ഹിഷാം അബൂബക്കർ, അഹ്ഫാൻ, ഹസനുൽ ബന്ന എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. ടൂർണമെൻറ് കമ്മിറ്റി കൺവീനർ അഷ്റഫ് കൊടിഞ്ഞി നന്ദി പറഞ്ഞു. ഷെബി മൻസൂർ പരിപാടിയുടെ അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.