റിയാദ്: സൗദി സിനിമകൾ അന്താരാഷ്ട്ര തലത്തിൽ പ്രദർശനത്തിനെത്തിക്കാൻ വിവിധ രാജ്യങ്ങളിൽ ഓഫിസുകൾ തുറക്കുന്നു. സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ ഫർഹാനാണ് ഇക്കാര്യം അറിയിച്ചത്. സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള സൗദി ഫിലിം വിങ്ങാണ് ഓഫിസുകൾ ആരംഭിക്കുന്നത്.
ഇന്ത്യ, ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ് ആദ്യ ഘട്ടത്തിൽ ഓഫിസുകൾ തുറക്കുക. ഈ വർഷം ആദ്യ പകുതിയിൽ രാജ്യത്ത് ഏറ്റവും ഹിറ്റായ മൂന്ന് ചിത്രങ്ങളിൽ രണ്ടെണ്ണവും സൗദി സിനിമകളാണെന്നും മന്ത്രി പറഞ്ഞു. സൗദി സിനിമകൾ അന്താരാഷ്ട്ര തലത്തിൽ പ്രദർശനത്തിനെത്തിക്കാൻ ഓഫിസുകൾ ആരംഭിക്കാനുള്ള തീരുമാനത്തിൽ ചലച്ചിത്ര പ്രവർത്തകൾ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
സിനിമ മേഖലക്ക് അഭിവൃദ്ധിയും വളർച്ചയും കൈവരിക്കുന്നതിന് ഇത് സഹായം ചെയ്യും. സൗദി സിനിമകളുടെ ബോക്സോഫിസ് വരുമാനം ഇരട്ടിയാവും. സൗദി ചലച്ചിത്ര നിർമാണ മേഖല രാജ്യത്ത് അതിവേഗം വളരുന്ന മേഖലകളിലൊന്നാണെന്നും ചലച്ചിത്ര പ്രവർത്തകർ പറഞ്ഞു.
സൗദിയിലെ സിനിമാ വ്യവസായ വിപണി ഗണ്യമായ വളർച്ച കൈവരിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കാര്യം നേരത്തേ സൗദി സാംസ്കാരിക മന്ത്രി സൂചിപ്പിച്ചിരുന്നു. സിനിമാ ടിക്കറ്റ് വിൽപന ഏകദേശം 85 ലക്ഷം എത്തിയതായും ഈ വർഷം ആദ്യ പകുതിയിൽ വരുമാനം 42.18 കോടി റിയാൽ കവിഞ്ഞതായും മന്ത്രി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.