ദമ്മാം: സൗദി അറേബ്യയുടെ പാർലമെൻറായ ശൂറ കൗൺസിലിലെ വിവിധ സമിതികളിൽ വനിത അംഗങ്ങളുടെ പങ്കാളിത്തം വൻതോതിൽ വർധിച്ചു.24 വനിതകൾ കൂടിയാണ് ശൂറ കൗൺസിലിെൻറ എട്ടാം സെഷനിൽ വിവിധ കമ്മിറ്റികളിൽ നിയമിതരായത്. രാജ്യത്തിെൻറ സുരക്ഷകാര്യ സമിതിയിലുൾപ്പെടെ 14 സമിതികളിലാണ് വിവിധ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിത രത്നങ്ങൾ ഇടംപിടിച്ചത്. അതത് മേഖലകളിൽ വിദഗ്ധരും പ്രഗല്ഭരുമായ സ്ത്രീകളാണ് ശക്തമായ സാന്നിധ്യം അറിയിക്കുന്നത്. സ്ത്രീശാക്തീകരണത്തിലുടെ പുതിയ യുഗപ്രവേശനത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ സൗദി അറേബ്യയിലെ സുപ്രധാന തീരുമാനമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ശൂറയിലെ ഒാരോ ഉപസമിതിയിലും ചെയർമാനും ഡെപ്യൂട്ടി ചെയർമാനും ഉൾപ്പെടെ 11 അംഗങ്ങളാണുള്ളത്.
അവരുടെ പ്രവർത്തന മേഖലയിലെ അനുഭവസമ്പത്തിെൻറ അടിസ്ഥാനത്തിലാണ് ശൂറ കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെടുക. ഒരു വർഷമാണ് ഇൗ സമിതികളുടെ കാലാവധി. ഇതിെൻറ ചെയർമാനെയും ഡെപ്യൂട്ടി ചെയർമാനെയും അംഗങ്ങൾ രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുക്കുന്നത്. ആരോഗ്യ സമിതി ചെയർപേഴ്സനായി ഡോ. സൈനബ് ബിൻത് മുത്തന്ന അബൂത്വാലിബിനെയും ഡെപ്യൂട്ടി ചെയർമാനായി ഡോ. സാലിഹ് അൽ ഷുഹൈബിനെയും തെരഞ്ഞെടുത്തു.
സമിതിയിലെ പകുതി അംഗങ്ങളും സ്ത്രീകളാണ്. ഡോ. അമീറ അൽബലവി, ഡോ. ആലിയ അൽദഹ്ലവി, ഡോ. മോനാ അൽമുഷയ്ത്, ഡോ. നജ്വ അൽഗംദി എന്നിവരാണ് ബാക്കിയുള്ള അംഗങ്ങൾ. ആരോഗ്യ, ഭരണ മേഖലകളിൽ വനിത അംഗങ്ങളുടെ ശ്രദ്ധേയമായ സംഭാവനകൾക്കുള്ള അംഗീകാരം കൂടിയാണിത്. സാംസ്കാരികം, മാധ്യമം, ടൂറിസം, പുരാവസ്തു എന്നിവയുടെ സംയുക്ത സമിതിയിൽ മൂന്ന് വനിത അംഗങ്ങളുണ്ട്. ഡോ. ഇമാൻ അൽജബ്രീൻ, ഡോ. ഹൈഫ അൽ ഷമ്മരി, മോനാ ആബിദ് ഖസന്ദർ എന്നിവരാണ് അവർ. വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ സമിതിയുടെ ഡെപ്യൂട്ടി ചെയർപേഴ്സനായി ഡോ. അമൽ അൽ ഷമാൻ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഡോ. ആയിഷ സക്രി അംഗമായി പ്രവർത്തിക്കും. പ്രമുഖ വ്യക്തിയായ കവതർ അൽഅർബാഷിനെ മനുഷ്യാവകാശ സമിതിയുടെ ഡെപ്യൂട്ടി ചെയർപേഴ്സനായും പാർലമെൻറിലെ പരിചയസമ്പന്നയായ ഡോ. ലത്തീഫ അൽ ഷാലൻ അംഗവുമാണ്.
മാനവ വിഭവശേഷി, ഭരണകാര്യ സമിതിയുടെ പുതിയ ഡെപ്യൂട്ടി ചെയർപേഴ്സനാണ് ഡോ. സമിയ ബുഖാരി. ഡോ. അമീറ അൽ ജാഫരി, ഡോ. സുൽത്താൻ അൽ ബദാവി, ഡോ. മോന അൽ ഫദ്ലി എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. തൊഴിൽ ഫയലുകൾ കൈകാര്യം ചെയ്യുന്നതിനും സ്ത്രീകളുടെ അവശേഷിക്കുന്ന പ്രശ്നങ്ങളും അവരുടെ തൊഴിൽ ആശങ്കകളും പരിഹരിക്കുന്നതിനും ചുമതലപ്പെട്ടവരാണിവർ. സാമൂഹിക കാര്യങ്ങൾ, കുടുംബം, യുവാക്കൾ എന്നിവയുടെ സമിതി ഡെപ്യൂട്ടി ചെയർപേഴ്സനായി രാജകുമാരി അൽ ജവാര ബിൻത് ഫഹദ് അൽ സൗദ് തെരഞ്ഞെടുക്കപ്പെട്ടു. സമിതിയിലെ വനിത അംഗങ്ങൾ ഡോ. അമൽ അൽശൈഖ്, സോമയ ജബാർട്ടി, ഡോ. റീമ സാലിഹ് അൽയഹ്യ എന്നിവരാണ്. സൗദി കുടുംബങ്ങളുടെയും യുവാക്കളുടെയും അടിയന്തര ഫയലുകൾ അഭിസംബോധന ചെയ്യുന്നതിനാണ് ഇൗ സമിതിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഗതാഗതം, ആശയവിനിമയം, ഹജ്ജ് സേവനങ്ങൾ, വിദേശകാര്യങ്ങൾ, ജലം, കൃഷി എന്നിവക്കുള്ള സമിതികളെ പ്രതിനിധാനം ചെയ്ത് തെരഞ്ഞെടുക്കപ്പെട്ട വനിത അംഗങ്ങളാണ് ഡോ. ലത്തീഫ അബ്ദുൽ കരീം, ഡോ. അസ്മ അൽമുവായിഷർ, ഹുദ അൽഹൊലൈസി, ആയിഷ ഒറൈഷി. സാധാരണ പുരുഷ മേധാവിത്വമുണ്ടാകാറുള്ള സമിതികളാണിത്. മേജർ ജനറൽ അലി അൽഅസീരിയുടെ നേതൃത്വത്തിലുള്ള സുരക്ഷകാര്യ സമിതിയിലെ വനിത അംഗമാണ് ഡോ. മസ്തൂറ അൽ ഷമ്മരി. ആഭ്യന്തര മന്ത്രാലയത്തിെൻറ മുൻ വക്താവ് മേജർ ജനറൽ മൻസൂർ അൽ തുർക്കി, മറ്റ് അഞ്ചു ബ്രിഗേഡിയർമാർ, പ്രധാന ജനറൽമാർ എന്നിവരാണ് സമിതി അംഗങ്ങൾ.ഡോ. ഇമാൻ അൽസഹ്റാനിയും ഹനാൻ അൽസമരിയും സാമ്പത്തികകാര്യ, ഉൗർജകാര്യ സമിതിയിലെ വനിത അംഗങ്ങളാണ്. റെയ്ദ അബു നയൻ ധനകാര്യ സമിതിയിൽ അംഗമായിരിക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.