തബൂക്ക്: പാലക്കാട് മലമ്പുഴയിൽ യുവാവ് മലയിൽ കുടുങ്ങിയതിന് സമാന രീതിയിൽ വടക്കൻ സൗദിയിലെ തബൂക്കിൽ യുവാവ് പാറക്കെട്ടിനിടയിൽ കുടുങ്ങി. അൽവാജ് ഗവർണറേറ്റിലെ അബുറാക്ക സെന്ററിൽ പാറക്കെട്ടിൽ വീണ 27 കാരനായ സ്വദേശി യുവാവിനെ തബൂക്ക് സിവിൽ ഡിഫൻസ് ടീം രക്ഷപ്പെടുത്തി.
പ്രദേശത്തെ പാറക്കെട്ട് കാരണം വാഹനങ്ങൾ കടന്നുപോകാനുള്ള ബുദ്ധിമുട്ടിനെ തുടർന്ന് രക്ഷാപ്രവർത്തനം 20 മണിക്കൂറോളം നീണ്ടതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് അറിയിച്ചു. പാറക്കെട്ടിനകത്ത് കുടുങ്ങിയത് മുതൽ രക്ഷാസംഘം യുവാവിന് വെള്ളവും ഓക്സിജനും ഭക്ഷണവും നൽകിക്കൊണ്ടിരുന്നു.
യുവാവ് കുടുങ്ങിയ പാറയിടുക്കിനകത്തേക്ക് പ്രവേശിക്കാൻ തടസ്സമായ പാറകൾ നീക്കം ചെയ്തായിരുന്നു രക്ഷാപ്രവർത്തനം. റെഡ് ക്രസന്റ് അതോറിറ്റി മെഡിക്കൽ ടീമുകൾ, തബൂക്ക്, അൽവാജ് ഗവർണറേറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള പ്രത്യേക സംഘം, വടക്കൻ സെക്ടറിലെ കിങ് ഫൈസൽ എയർബേസിൽ നിന്നുള്ള സപ്പോർട്ട് വിമാനം എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
സംഭവമറിഞ്ഞ തബൂക്ക് ഗവർണർ അമീർ ഫഹദ് ബിൻ സുൽത്താൻ യുവാവിന് ആവശ്യമായ ആരോഗ്യ സംരക്ഷണം നൽകാൻ ബന്ധപ്പെട്ട എല്ലാ അധികാരികളോടും നിർദേശിച്ചു. യുവാവ് വീണ സ്ഥലത്തുനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ഹെലികോപ്ടർ സൗകര്യം ഒരുക്കാനും അദ്ദേഹം നിർദേശം നൽകി.
ട്രക്കിങ്ങിനിടെ യുവാവ് ഇടുങ്ങിയ പാറയിടുക്കിലേക്ക് വീണ വിവരം ചൊവ്വാഴ്ചയാണ് തബൂക്കിലെ സുരക്ഷ അധികാരികൾ അറിഞ്ഞത്. തുടർന്ന് സിവിൽ ഡിഫൻസ് ടീമുകൾ നടത്തിയ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് ബുധനാഴ്ച വൈകീട്ടോടെ യുവാവിനെ രക്ഷിക്കാൻ കഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.