മക്ക മസ്ജിദുൽ ഹറാമിൽ ഒരുമിച്ചുകൂടിയ വിശ്വാസികൾ

റമദാനിലെ 27ാം രാവ്; ഇരു ഹറമുകളും പ്രാർഥനാമുഖരിതമായി

മക്ക: റമദാൻ 27ാം രാവിൽ പ്രാർഥനാ മുഖരിതമായി ഇരുഹറമുകളും. 27ാം രാവിന്റെ പുണ്യംതേടി മക്കയിലേയും മദീനയിലേയും ഹറമുകളിൽ സ്വദേശികളും വിദേശികളുമായി പതിനായിരങ്ങളാണ് എത്തിയത്​​. കർശനമായ മുൻകരുൽ നടപടികൾക്കിടയിൽ ഹറമിൽ നമസ്​കാരത്തിനും ഉംറക്കും അനുമതി ലഭിച്ചവർ ശനിയാഴ്​ച സുര്യാസ്​തമനത്തിനു മുമ്പ്​ ഹറമിലെത്തി തുടങ്ങിയിരുന്നു.

മക്ക മസ്ജിദുൽ ഹറാമിൽ ഒരുമിച്ചുകൂടിയ വിശ്വാസികൾ.

ഇഫ്​താറിൽ പങ്കെടുത്തും മഗ്​രിബ്​, ഇശാഅ്​, തറാവീഹ്​, തഹജ്ജുദ്​ നമസ്​കാരങ്ങൾ നിർവഹിച്ചും കഅ്​ബക്ക്​ ചുറ്റും അവർ പ്രാർഥനാനിരതരായി. പാപമോചനം തേടിയും കോവിഡ്​ എന്ന മഹാമാരിയിൽ നിന്ന്​ ലോകത്തിന്​​ എത്രയും വേഗം മോചനമുണ്ടാകണമേയെന്ന് മനമുരുകി പ്രാർഥിച്ചുമാണ്​ അവർ ഹറമുകളോട്​ വിടപറഞ്ഞത്​. ഒരോ വർഷവും 27 ആം രാവിൽ ഇരുഹറമുകളിൽ വിദേശ തീർഥാടകരടക്കം ലക്ഷങ്ങളാണ്​ എത്താറ്​. എന്നാൽ ഇത്തവണ കോവിഡ്​ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ നിശ്ചിത നിബന്ധനകൾ പൂർത്തിയാക്കിയവർക്കും അനുമതി പത്രം ലഭിച്ചവർക്കും മാത്രമാണ്​​ ഹറമുകളിലേക്ക്​ പ്രവേശനം നൽകിയത്​.

മദീന മസ്ജിദുന്നബവിയിൽ ഒരുമിച്ചുകൂടിയ വിശ്വാസികൾ

റമദാൻ അവസാന പത്തിലെ, പ്രത്യേകിച്ച്​ 27 ആം രാവിലുണ്ടാകുന്ന തിരക്ക്​ മുൻകുട്ടി കണ്ട്​ മസ്​ജിദുൽ ഹറാമിലും മസ്​ജിദുന്നബവിയിലും സുരക്ഷ വകുപ്പും ഇരുഹറം കാര്യാലയത്തിനു കീഴിലെ സേവന വകുപ്പുകളും വേണ്ട ഒരുക്കങ്ങൾ മുൻകുട്ടി​ പൂർത്തിയാക്കിയിരുന്നു. കൂടുതൽ സ്​ഥലങ്ങൾ നമസ്​കാരത്തിനായി സജ്ജീകരിച്ചിരുന്നു. ആരോഗ്യ മുൻകരുതൽ നടപടികൾ ഉറപ്പുവരുത്താൻ നടപാതകളിലും കവാടങ്ങളിലും കൂടുതൽ പേർ രംഗത്തുണ്ടായിരുന്നു. സംസം വിതരണത്തിനും അണുമുക്തമാക്കുന്നതിനും ശുചീകരണത്തിനും പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കാനും കൂടുതൽ പേരെ നിയോഗിച്ചിരുന്നു. 27 ആം രാവിൽ രണ്ട്​ ലക്ഷത്തിലധികം ബോട്ടിൽ സംസം മക്ക ഹറമിൽ വിതരണം ചെയ്​തതായാണ്​ കണക്ക്​. സംസം വിതരണത്തിനായി 1000 ത്തിലധികമാളുകളെ നിയോഗിച്ചിരുന്നതായി വകുപ്പ്​ മേധാവി അഹ്​മ്മദ്​ ശംമ്പർ പറഞ്ഞു. മതാഫിലും മസ്​അയിലും സംസം വിതരണത്തിനായി പത്ത്​ മൊബൈൽ ഉന്തുവണ്ടികൾ ഒരുക്കിയിരുന്നു. ബാഗുകളിൽ സംസം ചുമന്ന്​ വിതരണം ചെയ്യുന്നതിനും നിരവധിപേർ രംഗത്തുണ്ടായിരുന്നുവെന്ന്​ സംസം വകുപ്പ്​ മേധാവി പറഞ്ഞു.

Tags:    
News Summary - 27th night, Ramadan, Grand Mosque, Makkah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.