റമദാനിലെ 27ാം രാവ്; ഇരു ഹറമുകളും പ്രാർഥനാമുഖരിതമായി
text_fieldsമക്ക: റമദാൻ 27ാം രാവിൽ പ്രാർഥനാ മുഖരിതമായി ഇരുഹറമുകളും. 27ാം രാവിന്റെ പുണ്യംതേടി മക്കയിലേയും മദീനയിലേയും ഹറമുകളിൽ സ്വദേശികളും വിദേശികളുമായി പതിനായിരങ്ങളാണ് എത്തിയത്. കർശനമായ മുൻകരുൽ നടപടികൾക്കിടയിൽ ഹറമിൽ നമസ്കാരത്തിനും ഉംറക്കും അനുമതി ലഭിച്ചവർ ശനിയാഴ്ച സുര്യാസ്തമനത്തിനു മുമ്പ് ഹറമിലെത്തി തുടങ്ങിയിരുന്നു.
ഇഫ്താറിൽ പങ്കെടുത്തും മഗ്രിബ്, ഇശാഅ്, തറാവീഹ്, തഹജ്ജുദ് നമസ്കാരങ്ങൾ നിർവഹിച്ചും കഅ്ബക്ക് ചുറ്റും അവർ പ്രാർഥനാനിരതരായി. പാപമോചനം തേടിയും കോവിഡ് എന്ന മഹാമാരിയിൽ നിന്ന് ലോകത്തിന് എത്രയും വേഗം മോചനമുണ്ടാകണമേയെന്ന് മനമുരുകി പ്രാർഥിച്ചുമാണ് അവർ ഹറമുകളോട് വിടപറഞ്ഞത്. ഒരോ വർഷവും 27 ആം രാവിൽ ഇരുഹറമുകളിൽ വിദേശ തീർഥാടകരടക്കം ലക്ഷങ്ങളാണ് എത്താറ്. എന്നാൽ ഇത്തവണ കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ നിശ്ചിത നിബന്ധനകൾ പൂർത്തിയാക്കിയവർക്കും അനുമതി പത്രം ലഭിച്ചവർക്കും മാത്രമാണ് ഹറമുകളിലേക്ക് പ്രവേശനം നൽകിയത്.
റമദാൻ അവസാന പത്തിലെ, പ്രത്യേകിച്ച് 27 ആം രാവിലുണ്ടാകുന്ന തിരക്ക് മുൻകുട്ടി കണ്ട് മസ്ജിദുൽ ഹറാമിലും മസ്ജിദുന്നബവിയിലും സുരക്ഷ വകുപ്പും ഇരുഹറം കാര്യാലയത്തിനു കീഴിലെ സേവന വകുപ്പുകളും വേണ്ട ഒരുക്കങ്ങൾ മുൻകുട്ടി പൂർത്തിയാക്കിയിരുന്നു. കൂടുതൽ സ്ഥലങ്ങൾ നമസ്കാരത്തിനായി സജ്ജീകരിച്ചിരുന്നു. ആരോഗ്യ മുൻകരുതൽ നടപടികൾ ഉറപ്പുവരുത്താൻ നടപാതകളിലും കവാടങ്ങളിലും കൂടുതൽ പേർ രംഗത്തുണ്ടായിരുന്നു. സംസം വിതരണത്തിനും അണുമുക്തമാക്കുന്നതിനും ശുചീകരണത്തിനും പോക്കുവരവുകൾ വ്യവസ്ഥാപിതമാക്കാനും കൂടുതൽ പേരെ നിയോഗിച്ചിരുന്നു. 27 ആം രാവിൽ രണ്ട് ലക്ഷത്തിലധികം ബോട്ടിൽ സംസം മക്ക ഹറമിൽ വിതരണം ചെയ്തതായാണ് കണക്ക്. സംസം വിതരണത്തിനായി 1000 ത്തിലധികമാളുകളെ നിയോഗിച്ചിരുന്നതായി വകുപ്പ് മേധാവി അഹ്മ്മദ് ശംമ്പർ പറഞ്ഞു. മതാഫിലും മസ്അയിലും സംസം വിതരണത്തിനായി പത്ത് മൊബൈൽ ഉന്തുവണ്ടികൾ ഒരുക്കിയിരുന്നു. ബാഗുകളിൽ സംസം ചുമന്ന് വിതരണം ചെയ്യുന്നതിനും നിരവധിപേർ രംഗത്തുണ്ടായിരുന്നുവെന്ന് സംസം വകുപ്പ് മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.