റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഗസ്റ്റിൽ നടത്തിയ പരിശോധനയിൽ 31,517 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയതായി സൗദി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. 2,19,369 ട്രാൻസ്പോർട്ട് വാഹനങ്ങളും 235 വിദേശ വാഹനങ്ങളും പരിശോധിച്ചു. റോഡ് ട്രാൻസ്പോർട്ട് മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 2146 പരിശോധനകൾ നടത്തി.
സമുദ്ര ഗതാഗത മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 2102 പരിശോധനകളും നടത്തി. റോഡ് ഗതാഗതമേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ 31,517 നിയമലംഘനങ്ങളും സമുദ്രമേഖലയിൽ ആറു നിയമലംഘനങ്ങളും കണ്ടെത്തി. ഇതിൽ 2790 ലംഘനങ്ങൾ കാമറകൾ വഴിയാണ് കണ്ടെത്തിയത്.
കഴിഞ്ഞ മാസം ഗതാഗതനിയമങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾക്ക് മൊത്തത്തിലുള്ള പ്രതിബദ്ധത റോഡ് ഗതാഗത മേഖലയിൽ 91 ശതമാനവും സമുദ്ര ഗതാഗതമേഖലയിൽ 99 ശതമാനവുമായിരുന്നു. ഡ്രൈവിങ് ലൈസൻസില്ലാതെ വാഹനമോടിക്കൽ, ഓപറേറ്റിങ് പെർമിറ്റില്ലാതെ ട്രാൻസ്പോർട്ട് വാഹനം ഓടിക്കൽ, ചരക്കുനീക്കരേഖകൾ ഇല്ലാതിരിക്കൽ, ട്രക്കുകളിൽ സുരക്ഷ സ്റ്റിക്കറുകളുടെ അഭാവം, അംഗീകൃത സുരക്ഷ അഭാവം എന്നീ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
ടാക്സി, എയർപോർട്ട് ടാക്സി, ബസുകൾ എന്നിവകളിലും നിയമലംഘനങ്ങൾ കണ്ടെത്തി. ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് സൗദി കിഴക്കൻ പ്രവിശ്യയിലാണ്-7504. 7069 നിയമലംഘനങ്ങൾ റിയാദിലും 6668 എണ്ണം മക്കയിലും 1563 നിയമലംഘനങ്ങൾ തബൂക്കിലും റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.