റിയാദ്: കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റി പ്രത്യേക സാമ്പത്തികമേഖലയായി ഉടൻ മാറുമെന്ന് സൗദി നിക്ഷേപ മന്ത്രി എൻജി. ഖാലിദ് അൽഫാലിഹ് പറഞ്ഞു. റിയാദിൽ അന്താരാഷ്ട്ര ഖനിജ സമ്മേളനത്തിലെ ഡയലോഗ് സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിക്ഷേപസംവിധാനങ്ങൾ നവീകരിക്കുന്നതിന്റെ 80 ശതമാനം ലക്ഷ്യങ്ങളും നടപ്പാക്കി. പ്രാദേശിക, അന്തർദേശീയ നിക്ഷേപകരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന പുതിയ നിക്ഷേപ നിയമത്തിന്റെ കരട് തയാറാക്കാൻ തന്റെ മന്ത്രാലയം പ്രവർത്തിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
ഈ വർഷം തന്നെ നിയമം പ്രാബല്യത്തിൽ വരുത്തുമെന്നും രാജ്യം നടപ്പാക്കുന്ന മറ്റ് നിയന്ത്രണ, നിയമ പരിഷ്കരണങ്ങളിൽ ഇത് ചേർക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദി അറേബ്യയിലെ നിക്ഷേപ അന്തരീക്ഷത്തെ പിന്തുണക്കുന്നതിനായി വാണിജ്യ തർക്കപരിഹാര കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറ് ഭാഗത്ത് നിരവധി ഖനന സ്ഥലങ്ങളുണ്ട്.
25 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ ജിസാൻ നഗരത്തിൽ സാമ്പത്തികമേഖല സ്ഥാപിക്കുന്നത് പൂർത്തിയാക്കാൻ പോകുകയാണ്. 180 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള കിങ് അബ്ദുല്ല സിറ്റിക്ക് പുറമേയാണിത്. ഇതെല്ലാം രാജ്യത്തെ സമ്പദ് വളർച്ചക്ക് സഹായിക്കും. റാബിഗ് നഗരവും അതിന്റെ സൗകര്യങ്ങളും നിക്ഷേപങ്ങളുടെ പ്രധാന ലക്ഷ്യസ്ഥാനമാണ്.
വ്യവസായിക സമ്പദ് വ്യവസ്ഥയിൽ ഓക്സഗൺ നഗരം പോലുള്ള ധീരമായ നിക്ഷേപങ്ങൾ പ്രധാനമാണ്. കാർബൺ പുറന്തള്ളൽ പൂജ്യമാകുന്ന പുതിയ യുഗത്തിന് ഇതെല്ലാം വഴിയൊരുക്കുമെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങളുടെ പ്രാധാന്യം മന്ത്രി ഊന്നിപ്പറഞ്ഞു. 1400 കിലോമീറ്റർ ദൈർഘ്യമുള്ള അൽഖൈർ റോഡ് നിർമിക്കും. രാജ്യത്തുടനീളം 8000 കിലോമീറ്റർ റെയിൽവേ നീട്ടും. പുതിയ റെയിൽവേ രാജ്യത്തുടനീളം വ്യാപിപ്പിക്കുമെന്നും നിലവിലുള്ള ലൈനിൽ ചേരുമെന്നും ഇതോടെ യാത്രാ സൗകര്യങ്ങൾ കൂടുതൽ വിപുലമാകുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.