ജിദ്ദ: പ്രവാസലോകത്തെ വൈജ്ഞാനിക ചക്രവാളത്തില്‍ പുതിയ അധ്യായം കൂടി തുന്നിച്ചേര്‍ത്ത് ഡോ. ഇസ്മായില്‍ മരുതേരി വിടപറയുന്നു. ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയില്‍ ഇംഗ്ലീഷ് വിഭാഗം പ്രഫസറായി സേവനം ചെയ്തുവരുന്ന അദ്ദേഹം ഗള്‍ഫ് രാജ്യങ്ങളിലുടനീളമുള്ള മലയാളികളെ പ്രചോദിപ്പിച്ചും വൈജ്ഞാനികമായി ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുകയായിരുന്നു.
മേപ്പയൂര്‍ ഗവ. ഹയര്‍സെക്കൻഡറി സ്കൂളില്‍ ഇംഗ്ലീഷ് അധ്യാപകനായിരിക്കെയാണ് ലീവെടുത്ത് 2007 ആഗസ്റ്റിൽ ഡോ. ഇസ്മായില്‍ മരുതേരി പ്രവാസത്തേക്ക് കാലെടുത്തുവെച്ചത്. സൗദി അറേബ്യയിലെ താന്‍ പഠിപ്പിച്ച നിരവധി വിദ്യാർഥികള്‍ ജീവിതത്തിന്റെ ഉന്നത തലങ്ങളില്‍ വ്യവഹരിക്കുന്നത് ചാരിതാർഥ്യജനകമാണെന്ന് അദ്ദേഹം 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. പ്രവാസ കാലയളവില്‍ വിവിധ പ്രവാസി കൂട്ടായ്മകളുമായി സഹകരിക്കുവാനും വിവിധ വിഷയങ്ങളെക്കുറിച്ച് അവരെ അഭിസംബോധന ചെയ്യാനും കഴിഞ്ഞത് മറക്കാനാവാത്ത അനുഭവമാണ്.
പ്രവാസലോകത്ത് നിരവധി സാംസ്കാരിക കൂട്ടായ്മകള്‍ രൂപവത്കരിക്കുന്നതില്‍ ഡോ. ഇസ്മായില്‍ മരുതേരി നേതൃപരമായ പങ്ക് വഹിച്ചു. ഗുഡ് വിൽ ഗ്ലോബല്‍ ഇനിഷ്യേറ്റിവ്, സൈന്‍, ലീഡ്സ്, സൗഹൃദവേദി തുടങ്ങിയവ അവയില്‍ ചിലതാണ്. ഇത് കൂടാതെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളായ കെ.എം.സി.സി, നവോദയ, ഒ.ഐ.സി.സി തനിമ സാംസ്കാരിക വേദി, ഇസ്ലാഹി സെന്ററുകള്‍, ഇസ്ലാമിക് ദഅവ സെന്റർ, സമീക്ഷ, ഹജ്ജ് വെൽഫെയര്‍ ഫോറം, ഇസ്പാഫ് തുടങ്ങി നിരവധി സംഘടനകള്‍ക്ക് വേണ്ടിയും അദ്ദേഹം ക്ലാസുകളും ശില്പശാലകളും നയിച്ചിട്ടുണ്ട്.
വിവിധതരം പരിശീലന പരിപാടികളുടെ ഭാഗമായി സൗദി അറേബ്യയിലെ വിവിധ പ്രവശ്യകള്‍ക്ക് പുറമെ, യു.എ.ഇ, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, ഫ്രാന്‍സ്, സ്പെയിന്, തുര്‍ക്കി, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു.
ഫാറൂഖ് കോളജില്‍നിന്ന് എം.എ ഇംഗ്ലീഷ് ഡിഗ്രി എടുത്തശേഷം കോഴിക്കോട് സർവകലാശാലയില്‍നിന്ന് എം.എഡും ഡോക്ടറേറ്റും നേടി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍, സിജി റിസോഴ്സ് പേഴ്സൻ തുടങ്ങിയ സ്ഥാനങ്ങളിൽ ഇരുന്നുകൊണ്ടുള്ള പ്രവർത്തനങ്ങൾ, കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വര്‍ക് ഷോപ്പുകൾ, വെബിനാറുകളും തുടങ്ങിയവ നടത്തിയത്, ഇസ്ലാമിക് ഡെവലപ്മെന്റ് ബാങ്കില്‍ നേതൃപരിശീലന ക്ലാസ് എടുക്കാന്‍ കഴിഞ്ഞത്, മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സലിങ് നല്‍കിയത് തുടങ്ങിയവയെല്ലാം ചെയ്തുതീർക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയോടെയാണ് ഡോ. ഇസ്മായില്‍ മരുതേരി പ്രവാസത്തോട് വിടപറയുന്നത്. ഒന്നര പതിറ്റാണ്ടിന്റെ ധന്യസ്മരണകളുമായിട്ടാണ് ഡോ. ഇസ്മായില്‍ മരുതേരി വിടപറയുന്നത്.
ഭാര്യ: സമീറ. മക്കള്‍: റൂഹി ബാസിമ, നജാ ഫാതിമ, മുഹമ്മദ് റയ്യാന്‍. കോഴിക്കോട് ജില്ലയിലെ തുറയൂര്‍ പഞ്ചായത്തിലെ ഇരിങ്ങത്ത് ഗ്രാമത്തിലാണ് താമസം. നാട്ടില്‍ തിരിച്ചെത്തിയാല്‍ സ്കൂളില്‍ ജോലിയില്‍ പ്രവേശിക്കുമെന്നും സാമൂഹിക സാംസ്കാരിക രംഗത്ത് നിലകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. മൊബൈല്‍: 054115 6656.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.