പൊതുസ്ഥലങ്ങളിൽ തീയിട്ടാൽ 3000 റിയാൽ വരെ പിഴ

ബുറൈദ: സ്വന്തവും സുരക്ഷിതവുമല്ലാത്ത സ്ഥലങ്ങളിൽ ആരെങ്കിലും തീയിട്ടാൽ പിഴ ചുമത്തുമെന്ന് പരിസ്ഥിതിസുരക്ഷക്കായുള്ള സൗദി സ്‌പെഷൽ ഫോഴ്‌സ് മുന്നറിയിപ്പ് നൽകി. വനങ്ങൾ, പൊതുനിരത്തുകൾ, പാർക്കുകൾ, വന്യമൃഗസാന്നിധ്യമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ തീയിടുന്നത് ശ്രദ്ധയിൽപെട്ടാൽ നടപടിയെടുക്കുമെന്നും പിഴ ഈടാക്കുമെന്നുമാണ് മുന്നറിയിപ്പ്.

താരതമ്യേന ചെറിയ സംഭവങ്ങളിൽ ഇത് 3000 റിയാൽ വരെയാണെങ്കിൽ മണ്ണിനും പരിസ്ഥിതിക്കും തകരാറുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് വൻ തുകയായിരിക്കും പിഴ ചുമത്തുക.ഇത്തരം കേസുകൾ ശ്രദ്ധയിൽപെടുന്ന പൊതുജനങ്ങൾ മക്ക, റിയാദ് മേഖലകളിൽ 911 എന്ന നമ്പറിലും സൗദി അറേബ്യയുടെ മറ്റു ഭാഗങ്ങളിൽ 999, 996 എന്നീ നമ്പറുകളിലും വിവരം നൽകണമെന്ന് സേനാവൃത്തങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. പരിസ്ഥിതിക്കും വന്യജീവികൾക്കുംനേരെയുള്ള ആക്രമണം ഉണ്ടാകുന്ന സാഹചര്യത്തെ സേന ഗൗരവത്തോടെയാണ് കാണുന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരിസ്ഥിതി മലിനീകരണം നടത്തിയതിന് രണ്ടുപേരെ ജിദ്ദയിൽ അറസ്റ്റ് ചെയ്തതായി പരിസ്ഥിതിസുരക്ഷ പ്രത്യേക സേനയിലെ ഉദ്യോഗസ്ഥർ ഒരാഴ്‌ച മുമ്പ് വെളിപ്പെടുത്തിയിരുന്നു.

ചെമ്പ് ശേഖരിക്കുന്നതിനായി വ്യവസായിക മാലിന്യങ്ങൾ കത്തിക്കുന്ന ചിത്രങ്ങൾ ഒരാഴ്ച മുമ്പ് പ്രചരിച്ചിരുന്നു. പരിസ്ഥിതി മലിനമാക്കുകയും മണ്ണ് നശിപ്പിക്കുകയും ചെയ്ത ഈ കുറ്റത്തിന് സുഡാൻ വംശജരായ രണ്ടുപേരെ സേന പിന്നീട് അറസ്റ്റ് ചെയ്തു. വ്യവസായിക മാലിന്യം കത്തിക്കുന്ന നടപടി നിയമവിരുദ്ധമായ രീതിയിലാണ് ഇവർ നടത്തുന്നതെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

മണ്ണിന്റെ പ്രകൃതിദത്തമായ ഗുണങ്ങൾ നഷ്ടപ്പെടുത്തുന്നതോ ഉപയോഗത്തെ പ്രതികൂലമായി ബാധിക്കുന്നതോ ആയ പ്രവർത്തനങ്ങൾക്കും മലിനീകരണത്തിനും നേരിട്ടോ അല്ലാതെയോ കാരണമായാൽ സംഭവത്തിന്റെ വ്യാപ്തിയും ഗൗരവവും അനുസരിച്ച് 10 ദശലക്ഷം റിയാൽ വരെ പിഴ ലഭിച്ചേക്കാമെന്നും സേനാവൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    
News Summary - A fine of up to 3000 Riyals for setting fire in public places

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.