ജിദ്ദ: കാർ വാടകക്കെടുക്കൽ കരാറുകൾ 'തഅ്ജീർ' പോർട്ടൽ വഴി ജൂലൈ 25 മുതൽ ആരംഭിക്കും. ഏകീകൃത ഇലക്ട്രോണിക് കരാർ രാജ്യത്തെ എല്ലാ റെൻറ് എ കാർ സ്ഥാപനങ്ങൾക്കും നിർബന്ധമാക്കുന്നതിെൻറ ഭാഗമായാണ് ഇൗ നടപടി.നാല് ഘട്ടങ്ങളായാണ് ഇത് നടപ്പാക്കുന്നത്. ഗതാഗത മേഖലയെ കൂടുതൽ വ്യവസ്ഥാപിതമാക്കുന്നതിനാണ് പുതിയ നടപടിയെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
റെൻറ് എ കാർ വ്യവസായത്തെ വികസിപ്പിക്കാനുള്ള പദ്ധതികളുടെ തുടർച്ചയായാണ് ഇൗ പുതിയ തീരുമാനം നടപ്പാക്കുന്നത്. ടൂറിസം, വിനോദം, ബിസിനസ് തുടങ്ങിയ മേഖലകളെ ശക്തിപ്പെടുത്തുന്നതിനും ലക്ഷ്യങ്ങൾ നേടാനും ഇതിലൂടെ സാധിക്കും. റെൻറ് എ കാർ മേഖലയിൽ ഗുണപരമായ കുതിച്ചുചാട്ടത്തിനും പുതിയ തീരുമാനം സഹായകരമാവുമെന്നാണ് കരുതുന്നത്. ഏകീകൃത കരാറിലൂടെ എല്ലാ കക്ഷികൾക്കും അവരുടെ അവകാശങ്ങൾ ഉറപ്പുനൽകാൻ കഴിയും. വാഹനം തിരിച്ചേൽപിക്കുന്നതും കാലതാമസം വരുത്തുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും ഇതിൽ വ്യക്തമാക്കുന്നു. നിലവിൽ റെൻറ് എ കാർ മേഖല അഭിമുഖീകരിക്കുന്ന നിരവധി പ്രശ്നങ്ങളെയും ദുരുപയോഗങ്ങളെയും ഇതിലൂടെ പരിഹരിക്കാനാകുമെന്നും പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
ജൂലൈ 25ന് ആരംഭിക്കുന്ന ആദ്യ ഘട്ടത്തിൽ 'കാറ്റഗറി ഡി' സ്ഥാപനങ്ങളിലാണ് പുതിയ നിയമം ബാധകമാക്കുക. സെപ്റ്റംബർ ഒന്നുമുതൽ രണ്ടാം ഘട്ടത്തിൽ സി കാറ്റഗറിയിലുള്ള എല്ലാ സ്ഥാപനങ്ങളിലും നിയമം നടപ്പാക്കും. മൂന്നാമത്തെയും നാലാമത്തെയും ഘട്ടങ്ങളുടെ തീയതി പിന്നീട് പ്രഖ്യാപിക്കും.
കാറ്റഗറി ബി, കാറ്റഗറി എ സ്ഥാപനങ്ങളാണ് അതിലുൾപ്പെടുക. റെൻറ് എ കാർ വ്യവസായം സുപ്രധാനവും സജീവവുമായ വാണിജ്യ മേഖലയായാണ് കണക്കാക്കുന്നത്. സൗദി പൗരന്മാർ, രാജ്യത്തുള്ള വിദേശികൾ, വിനോദസഞ്ചാരികൾ എന്നിവരുൾപ്പെടെ സമൂഹത്തിലെ വലിയൊരു വിഭാഗത്തിെൻറ ഗതാഗത ആവശ്യങ്ങൾ നിറവേറ്റുന്ന മേഖലയാണ് റെൻറ് എ കാർ.
സൗദിയിൽ റെൻറ് എ കാർ മേഖലയിൽ മൂന്നു ലക്ഷത്തിലധികം കാറുകളുണ്ടെന്നാണ് കണക്ക്. വിവിധ വകുപ്പുകളുമായി സംയുക്തമായി നടത്തിയ പരിശ്രമത്തിെൻറ ഫലമായി ഏകദേശം 22,000 സ്വദേശികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും റെൻറ് എ കാർ മേഖലയിൽ ജോലി നൽകാൻ സാധിച്ചതായും പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.