ദമ്മാം: എഴുതിത്തുടങ്ങിയ കാലവും പരിസരങ്ങളുമാണ് 'മയ്യഴിപ്പുഴയുടെ തീരങ്ങൾ' ഉൾപ്പടെ തന്റെ പല കൃതികളും പിറക്കാൻ കാരണമായതെന്ന് പ്രശസ്ത എഴുത്തുകാരൻ എം. മുകുന്ദൻ പറഞ്ഞു. ഒരു പക്ഷെ ഇന്നായിരുന്നുവെങ്കിൽ അത്തരം കൃതികൾ പിറക്കില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി മലയാളി സമാജം ദമ്മാമിൽ ഒരുക്കിയ 'മയ്യഴിയുടെ കഥാകാരനൊപ്പം' സാഹിത്യ ക്യാമ്പിൽ 'മാറുന്ന എഴുത്തുവഴികൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഴയൊരു കേരള പരിസരത്തിന്റെ ആധികളാണ് പിന്നീട് ആസ്വാദക ഹൃദയങ്ങളിൽ പെരുമ്പറപോലെ മുഴങ്ങിയ കഥകളുടെ ഹേതുവായത്. അന്ന് ചുറ്റും ദാരിദ്ര്യമായിരുന്നു. ആരുടെ പക്കലും പൈസയില്ല. പുരയിടം പണയപ്പെടുത്തി പഠിപ്പിച്ച വിദ്യാസമ്പന്നനായ മകൻ ജോലിയില്ലാതിരിക്കുമ്പോൾ ആദ്യം അച്ഛൻ അവനെ കുറ്റപ്പെടുത്തും. പിന്നെ സമൂഹം അത് ഏറ്റുപറയും. ഇതോടെ സമൂഹത്തോട് കലഹിക്കാൻ അവൻ നിർബന്ധിതനാകും.
ചിലർ നക്സലൈറ്റുകളാകും, ചിലർ ചരസും കഞ്ചാവും വലിക്കും. സമൂഹം അപ്പോഴൂം അവന് നേരെ വിരൽ ചൂണ്ടും. അപ്പോഴൂം അവനെ അങ്ങനെയാക്കിയ സാമൂഹികാവസഥകളെ ആരും കുറ്റപ്പെടുത്തിയിട്ടില്ല. ഇത്തരമൊരു ഏകാന്തതയിൽ ഞാനാരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടിയാണ് ഞാൻ കഥകളെഴുതിത്തുടങ്ങിയത് -അദ്ദേഹം വിശദീകരിച്ചു. എഴുത്തിന്റെ ആറുപതിറ്റാണ്ടുകൾ കഴിയുമ്പോൾ സാഹിത്യത്തിലും ആസ്വാദന രീതികളിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കപ്പെട്ടു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തുടർന്നുനടന്ന ചർച്ചയിൽ സബീന എം. സാലി, പ്രദീപ് കൊട്ടിയം, സുബൈദ കോമ്പിൽ, മോഹൻ വെള്ളിനേഴി, സാബു മേലതിൽ, ജയൻ തച്ചമ്പാറ, ഷംന ശശി, കമറുന്നിസ്സ വലിയകത്ത് തുടങ്ങിയവർ പങ്കെടുത്തു. ഖദീജ ടീച്ചർ ചർച്ചയുടെ ഉപസംഹാരം നിർവഹിച്ചു. ഡോ. സിന്ധു ബിനു സ്വാഗതവും ഹമീദ് കണിച്ചാട്ടിൽ നന്ദിയും പറഞ്ഞു.
'കഥ തിരക്കഥ' എന്ന വിഷയത്തിൽ മാധ്യമപ്രവർത്തകനും സിനിമ സംവിധായകനുമായ ഇ.എം. അഷറഫ് സംസാരിച്ചു. സിനിമ ഏറ്റവും വലിയ ജനകീയ മാധ്യമമാണ്. ജീവിതവും ആശയങ്ങളും സമന്വയിക്കുന്നതാണ് സിനിമ. എന്നാൽ സാമ്പത്തികം ഇതിനെ ചുറ്റിപ്പിണഞ്ഞു കിടക്കുന്നതാണ് ഇതിനെ സങ്കീർണമാക്കുന്നത്. ഒരു വാക്കിൽനിന്ന് ഒരു ചിന്തയിൽനിന്ന് ജീവിത മുഹുർത്തങ്ങളെ സൃഷ്ടിക്കുന്നതാണ് തിരക്കഥകൾ -അദ്ദേഹം പറഞ്ഞു. തുടർന്നു നടന്ന ചർച്ചയിൽ സുനീഷ് സാമുവൽ, രാജൻ, എൻ.കെ. ജയിൻ, ജോസ്, ഷനീബ് അബൂബക്കർ തുടങ്ങിയവർ പങ്കെടുത്തു. ജേക്കബ് ഉതുപ്പ് ചർച്ച ക്രോഡീകരിച്ചു.
നജ്മ വെങ്കിട്ട ആമുഖ പ്രഭാഷണം നിർവഹിച്ചു. എം. മുകുന്ദന്റെ കഥാപാത്രങ്ങളെ അധികരിച്ച് ഇ.എം. അഷറഫ് രചനയും സംവിധാനവും നിർവഹിച്ച 'ബോൺഴൂർ മയ്യഴി' എന്ന ഹ്രസ്വ സിനിമ ക്യാമ്പിൽ പ്രദർശിപ്പിച്ചു. മൻസൂർ പള്ളുർ സിനിമയെ കുറിച്ച് സംസാരിച്ചു.
'പ്രവാസത്തിന്റെ എഴുത്തുരീതികൾ' എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ 'മലയാളം ന്യൂസ്' ന്യൂസ് എഡിറ്റർ മുസാഫിർ സംസാരിച്ചു. മാലിക് മഖ്ബൂൽ, ഹുസ്ന ആസിഫ്, ഷാജു അഞ്ചേരി, ആസിഫ് കക്കോടി, സുരേഷ് രാമന്തളി, മഞ്ജു മണിക്കുട്ടൻ എന്നിവർ സംസാരിച്ചു. ഡോ. ഫ്രീസിയ ഹബീബ് സ്വാഗതവും സഹീർ മജ്ദാൽ നന്ദിയും പറഞ്ഞു. സാജിദ് ആറാട്ടുപുഴയായിരുന്നു ക്യാമ്പ് ഡയറക്ടർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.