ത്വാഇഫ്: ത്വാഇഫിന്റെ ഹൃദയഭാഗത്ത് ഇസ്ലാമിക ചരിത്രത്തിന്റെ പ്രൗഢിയും പൗരാണികതയുടെ ശേഷിപ്പും വിളിച്ചോതി സന്ദർശകരെ ഏറെ ആകർഷിക്കുന്ന പള്ളിയാണ് അബ്ദുല്ല ഇബ്നു അബ്ബാസ് മസ്ജിദ്. ത്വാഇഫ് സൂഖ് ബലദിന് അടുത്തായി നഗരിയുടെ ഹൃദയഭാഗത്താണ് ചരിത്രത്തിൽ അടയാളപ്പെടുത്തിയ ഈ പള്ളി സ്ഥിതിചെയ്യുന്നത്.
മുഹമ്മദ് നബിയുടെ പിതൃപുത്രനും പ്രശസ്ത പണ്ഡിതനുമായ അബ്ദുല്ല ഇബ്നു അബ്ബാസിന്റെ പേരിലറിയപ്പെടുന്ന പള്ളി ഇപ്പോഴും അതിന്റെ വൈജ്ഞാനിക മേഖല വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇബ്നു അബ്ബാസിന്റെ ഖബറിടം പള്ളിയോടടുത്ത് സ്ഥിതി ചെയ്യുന്നതിനാലാണ് പള്ളിക്ക് ആ പേര് ലഭിച്ചത്. ഇദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടുന്ന പ്രസിദ്ധമായ ഒരു പുരാതന ലൈബ്രറിയും പള്ളിയോട് ചേർന്ന് സ്ഥാപിച്ചിട്ടുണ്ട്.
പഴയകാലത്ത് ചെറിയൊരു പള്ളിയായിരുന്നു അബ്ദുല്ല ഇബ്നു അബ്ബാസ് മസ്ജിദ്. മുസ്ലിംകളുടെ വിശുദ്ധ നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തിരുന്ന ഓട്ടോമൻ സാമ്രാജ്യത്തിന് കീഴിൽ ആധുനിക വാസ്തുകലകൾ കോർത്തിണക്കി പല ഘട്ടങ്ങളിലായി പള്ളി പുതുക്കിപ്പണിയുകയുണ്ടായി .
ഖുർആൻ വ്യഖ്യാതാക്കളുടെ നേതാവായാണ് അബ്ദുല്ല ഇബ്നു അബ്ബാസ് ചരിത്രത്തിൽ അറിയപ്പെടുന്നത്. ഹിജ്റയുടെ മൂന്നു വർഷം മുമ്പാണ് അദ്ദേഹം ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടപ്പോൾ 13 വയസ്സുള്ള ബാലനായിരുന്നു ഇബ്നു. എന്നാൽ ചുരുങ്ങിയ കാലം കൊണ്ട് ഇസ്ലാമിക ലോകത്തിന്റെ പ്രകാശ ഗോപുരമായി മാറാൻ കഴിഞ്ഞതോടെയാണ് അദ്ദേഹം ഏറെ പ്രസിദ്ധനായത്.
മുഹമ്മദ് നബിയുടെ പിതാ മഹനായിരുന്ന അബ്ദുൽ മുത്തലിബ് തന്നെയായിരുന്നു ഇബ്നു അബ്ബാസിന്റെയും പിതാമഹൻ. മക്കയിലെ ഖുറൈശ് ഗോത്രത്തിൽപെട്ട ബനൂഹാഷിമായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. ഖുർആൻ വ്യഖ്യാതാവ്, നിയമജ്ഞൻ എന്നീ നിലകളിൽ സമകാലികർക്ക് അദ്ദേഹം ഏറെ ആദരണീയനായിരുന്നു. രണ്ടാം ഖലീഫ ഉമറിന്റെ കൂടിയാലോചന സദസ്സിൽ ഇദ്ദേഹം സജീവ പങ്കുവഹിച്ചു.
ഖലീഫ അലിയുടെ അടുത്ത കൂട്ടുകാരനും സഹായിയുമായി പല യുദ്ധങ്ങളിൽ പങ്കെടുത്തു. ഖുർആൻ പാരായണ ശാസ്ത്രം, അറബി ഭാഷാ വ്യാകരണം, ചരിത്രം, കവിത തുടങ്ങി വിവിധ മേഖലകളിലും ഇദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ കേൾക്കാൻ ധാരാളം ആളുകൾ അന്ന് തടിച്ചുകൂടുമായിരുന്നുവെന്ന് അറബി ചരിത്ര ഗ്രന്ഥങ്ങൾ വ്യക്തമാക്കുന്നു.
സൽസ്വഭാവിയും ദയാശീലനും അഗാധ പണ്ഡിതനുമായിരുന്ന ഇദ്ദേഹം മുഹമ്മദ് നബിയുടെ കുടുംബത്തോടൊപ്പം എല്ലാ പ്രശ്നങ്ങളിലും പങ്കുകൊണ്ടു. പ്രവാചകന്റെ പൗത്രനായ ഹുസൈൻ കൊല്ലപ്പെട്ടതിൽ അതീവ ദുഃഖിതനായിരുന്നു ഇബ്നു അബ്ബാസ് എന്ന് ചരിത്രരേഖയിൽ കാണാം. ജീവിതന്റെ ഏറിയ ഭാഗവും ത്വാഇഫിൽ ചെലവഴിച്ച ഇബ്നു അബ്ബാസ് ഹിജ്റ 68 ൽ അവിടെവെച്ചു തന്നെയാണ് നിര്യാതനായത്.
പ്രവാചക അനുചരന്മാരിൽ പ്രസിദ്ധരായ പത്ത് ഖുർആൻ വ്യഖ്യാതാക്കളുടെ കൂട്ടത്തിൽ ഒരാളായിരുന്നു അബ്ദുല്ലാഹിബിനു അബ്ബാസ്. ചെറുപ്രായത്തിൽ തന്നെ വിജ്ഞാനദാഹിയായിരുന്നു ഇബ്നു അബ്ബാസ്, യുവാവായപ്പോഴേക്കും, ഖുർആൻ വ്യാഖ്യാനത്തിലും പ്രവാചക ചര്യയിലും പാണ്ഡിത്യമുള്ളയാളായി മാറി. മതവിധികൾക്കായി, നാനാ ഭാഗത്തുനിന്നും ആളുകൾ അദ്ദേഹത്തെ സമീപിക്കുമായിരുന്നു.
മുഹമ്മദ് നബി ജീവിച്ചിരുന്ന സമയത്ത്, നബിയുടെ ഒരു സദസ്സും വിട്ടു പോവാതിരിക്കാനും പ്രവാചക വചനങ്ങൾ മനപ്പാഠമാക്കാനും പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അദ്ദേഹത്തിന്റെ ഖുർആൻ വിശദീകരണങ്ങൾ കൃത്യതയുള്ളതും തെളിമ യാർന്നതും യുക്തിപൂർണവുമായിരുന്നു. തക്കതായ ചരിത്ര വസ്തുതകളുടേയും പ്രമാണ പാഠങ്ങളുടേയും പിൻബലത്തോടെ, വശ്യമായ രീതിയിലാണ് അദ്ദേഹം തന്റെ കാഴ്ചപ്പാടുകൾ അവതരിപ്പിച്ചിരുന്നത്.
ഇബ്നു അബ്ബാസിന്റെ മഹത്തായ സേവനങ്ങൾ പ്രകീർത്തിക്കാനും ഇസ്ലാമിക ചരിത്ര വഴികൾ പുതു തലമുറക്ക് പകുത്തു നൽകാനും വേണ്ടി ഹിജ്റ 592 ലാണ് ഇബ്നു അബ്ബാസ് മസ്ജിദ് പണിതത്. ഹിജ്റ 675 ൽ പള്ളിയുടെ ഒന്നാമത്തെ പരിഷ്കരണം നടന്നു. 1378 ൽ സഊദ് രാജാവിന്റെ കാലത്ത് പള്ളിയുടെ വികസനം 15,000 ചതുരശ്രമീറ്ററിൽ കൂടുതൽ നടക്കുകയുണ്ടായി.
പിന്നീടും ഓരോ കാലത്തും പള്ളിയുടെ വികസനം പൂർത്തിയാക്കി. പള്ളിയും പരിസരത്തുള്ള സമുച്ചയങ്ങളും ഉൾപ്പെടെ മൊത്തം വിസ്തീർണം ഇപ്പോൾ 63.163 ചതുരശ്രമീറ്റർ ആണ്. 11,300 ലേറെ പുരുഷന്മാർക്കും 1000 ത്തിലേറെ സ്ത്രീകൾക്കും ഒരേ സമയം നമസ്കരിക്കാൻ പള്ളിയിൽ ഇപ്പോൾ സൗകര്യമുണ്ട്.
ഇസ്ലാം ചരിത്രങ്ങളുടെ അപൂർവ പുസ്തകങ്ങൾ ഉൾകൊള്ളുന്ന വിശാലമായ ലൈബ്രറിയും വിശുദ്ധ ഖുർആൻ മനപ്പാഠമാക്കുന്നതിനുള്ള പ്രത്യേകകേന്ദ്രവും ഇവിടെയുണ്ട്. സന്ദർശകരുടെ വരവ് വർധിച്ചതോടെ ഇബ്നു അബ്ബാസ് മസ്ജിദിന്റെ പരിസര പ്രദേശങ്ങളിൽ തെരുവ് കച്ചവടക്കാരുംകൂടിയിട്ടുണ്ട്.
നമസ്കാര പുടവകൾ, അത്തറുകൾ,ഈത്തപ്പഴം,ഇലക്ട്രോണിക് സാധനങ്ങൾ തുടങ്ങിയവ ഇവിടെ കച്ചവടം നടക്കുന്നുണ്ട്. മിക്ക സമയങ്ങളിലും പ്രദേശത്ത് ഇപ്പോൾ മലയാളികളടക്കമുള്ള സന്ദർശകരുടെ നല്ല സാന്നിധ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.