റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന് ഇന്നും മോചന ഉത്തരവില്ല. റിയാദ് ക്രിമിനൽ കോടതിയിൽ ഞായറാഴ്ച നടന്ന സിറ്റിങ്ങിനൊടുവിൽ വിധി പറയാനായി മാറ്റി.
ഓൺലൈനായി നടന്ന സിറ്റിങ്ങിൽ ജയിലിൽനിന്ന് റഹീമും അദ്ദേഹത്തിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പർ, ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കാഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധീഖ് തുവ്വൂർ എന്നിവരും പങ്കെടുത്തു. മോചനവുമായി ബന്ധപ്പെട്ട് മൂന്നാമത്തെ സിറ്റിങ്ങാണ് ഇന്ന് കോടതിയിൽ നടന്നത്. ഒന്നര കോടി സൗദി റിയാൽ (34 കോടി ഇന്ത്യൻ രൂപ) ദിയാധനം നൽകുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബർ 21നാണ് നടന്നത്.
എന്നാൽ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടത് എന്നും പറഞ്ഞ് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് കഴിഞ്ഞ നവംബർ 17 ന് വധശിക്ഷ ഒഴിവാക്കിയ ബഞ്ച് കേസ് പരിഗണിച്ചു. എന്നാൽ വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാൽ മറ്റൊരു സിറ്റിങ് ആവശ്യമുണ്ടെന്ന് പറഞ്ഞ് കേസ് മാറ്റി. ഡിംസബർ എട്ടിലേക്കാണ് അടുത്ത സിറ്റിങ് നിശ്ചയിച്ചത്. അത് പ്രകാരം രാവിലെ 11.30ഓടെ കേസ് വീണ്ടും പരിഗണിച്ച കോടതി എല്ലാ തലങ്ങളിലെയും സൂക്ഷ്മപരിശോധനക്കൊടുവിൽ വിധി പറയാനായി മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.