റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം അനിശ്ചിതത്വത്തിൽ. ഏഴാം തവണയും കേസ് മാറ്റിവെച്ച് റിയാദ് ക്രിമിനൽ കോടതി. ഞായറാഴ്ച (ഫെബ്രു. രണ്ട്) രാവിലെ എട്ടിന് സിറ്റിങ്ങാരംഭിച്ച് അൽസമയത്തിനുള്ളിൽ മാറ്റിവെക്കുന്നതായി അറിയിച്ച് കേസിന്മേലുള്ള അന്നത്തെ നടപടികൾ അവസാനിപ്പിക്കുകയായിരുന്നു.
ഓൺലൈനായി നടന്ന സിറ്റിങ്ങിൽ പതിവുപോലെ ജയിലിൽനിന്ന് അബ്ദുൽ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരും റിയാദ് നിയമസഹായസമിതി പ്രവർത്തകരും പങ്കെടുത്തു. അടുത്ത സിറ്റിങ് ഫെബ്രുവരി 13ന് രാവിലെ 11.30ന് നടക്കുമെന്ന് കോടതി അറിയിച്ചു.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ വധശിക്ഷ ദിയാധനം സ്വീകരിച്ച് വാദിഭാഗം മാപ്പ് നൽകിയതോടെ കോടതി അഞ്ച് മാസം മുമ്പ് ഒഴിവാക്കിയിരുന്നു. എന്നാൽ പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസിൽ തീർപ്പാവാത്തതിനാൽ ജയിൽ മോചനം അനിശ്ചിതമായി നീളുകയാണ്. റിയാദിലെ ഇസ്കാൻ ജയിലിൽ കഴിയുന്ന റഹീമിന്റെ തടവുകാലം ഇപ്പോൾ 19ാം വർഷത്തിലേക്ക് കടന്നു. മോചനം സംബന്ധിച്ച് തീരുമാനമെടുക്കാൻ തുടർച്ചയായി ഏഴാം തവണയും കോടതി ചേർന്നിട്ടും തീർപ്പാവാതെ കേസ് മാറ്റിവെച്ചതോടെ മറ്റൊരു സിറ്റിങ്ങിനുള്ള കാത്തിരിപ്പിലായി.
ഒന്നരക്കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) മരിച്ച സൗദി ബാലന്റെ കുടുംബത്തിന് ദിയാധനം നൽകുകയും തുടർന്നുണ്ടായ അനുരഞ്ജന കരാറിന്റെ അടിസ്ഥാനത്തിൽ കോടതി വധശിക്ഷ റദ്ദു ചെയ്യുകയുമായിരുന്നു. പ്രൈവറ്റ് റൈറ്റ് പ്രകാരമുള്ള കേസ് മാത്രമാണ് ദിയാധനം എന്ന ഉപാധിയിന്മേൽ തീർപ്പായത്.
പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസാണ് ബാക്കി നിൽക്കുന്നത്. അതിന്മേലുള്ള ആദ്യ സിറ്റിങ് കഴിഞ്ഞ ഒക്ടോബർ 21നാണ് നടന്നത്. എന്നാൽ ബെഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബെഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി അന്ന് കേസ് മാറ്റിവെക്കുകയായിരുന്നു. തുടർന്ന് എല്ലാ മാസവും (ചില മാസങ്ങളിൽ രണ്ട് തവണയും) കോടതി കേസ് പരിഗണിച്ചെങ്കിലും അന്തിമ തീർപ്പിലെത്തിയില്ല.
2006 നവംബറിലാണ് സൗദി ബാലൻ അനസ് അൽ ഫായിസിന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീം അറസ്റ്റിലാകുന്നത്. 2012ലാണ് വധശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.