കൃ​ത്രി​മ മ​ഴ​ക്കാ​യി മേ​ഘ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ത്തേ​ജ​ക പ​ദാ​ർ​ഥ​ങ്ങ​ൾ വി​ത​റു​ന്ന വി​മാ​നം

സൗദിയിൽ കൃത്രിമ മഴ പെയ്യിക്കാൻ നടപടി തുടങ്ങി

ജിദ്ദ: സൗദിയിൽ കൃത്രിമ മഴക്കായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദ്യഘട്ടത്തിൽ റിയാദ്, ഖസീം, ഹാഇൽ മേഖലകളിലാണ് ഇതിനുള്ള ശ്രമം തുടങ്ങിയതെന്ന് പരിസ്ഥിതി-ജല-കാർഷിക വകുപ്പ് മന്ത്രി എൻജി. അബ്ദുറഹ്മാൻ ബിൻ അബ്ദുൽ മുഹ്സിൻ അൽഫദ്ലി പറഞ്ഞു. ഈ ഭാഗങ്ങളിൽ മേഘങ്ങൾക്കിടയിലൂടെ വിമാനം പറത്തി പ്രത്യേക ഉത്തേജക പദാർഥങ്ങൾ വിതറാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. പ്രതിവർഷം 100 മില്ലി മീറ്ററിൽ കൂടാത്ത നിലവിലെ നിരക്കിൽനിന്ന് രാജ്യത്തെ ശരാശരി മഴയുടെ തോത് വർധിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സ്ഥിരമായ നദികളും തടാകങ്ങളുമില്ലാത്ത ലോകത്തെ ഏറ്റവും വരണ്ട രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. കൃത്രിമ മഴ പെയ്യിക്കാൻ അടുത്തിടെയാണ് സൗദി മന്ത്രിസഭ അനുമതി നൽകിയതെന്നും മന്ത്രി പറഞ്ഞു.

മഴമേഘങ്ങളെ നിരീക്ഷിക്കുന്നതിന് റിയാദിലെ ദേശീയ കാലാവസ്ഥ നിരീക്ഷണ ആസ്ഥാനത്ത് ഓപറേഷൻ റൂം ആരംഭിച്ചതായി കാലാവസ്ഥ കേന്ദ്രം സി.ഇ.ഒയും കൃത്രിമ മഴ പദ്ധതി സൂപ്പർവൈസറുമായ ഡോ. അയ്മൻ ഗുലാം പറഞ്ഞു. റിയാദ് മേഖലയിൽ ഇതിനായി വിമാനങ്ങൾ പറത്തിത്തുടങ്ങി. മേഘങ്ങൾക്കിടയിൽ ഉത്തേജക പദാർഥങ്ങൾ വിതറുന്നത് വിജയകരമായി തുടരുന്നു. സമയബന്ധിതമായി ഇത് പൂർത്തിയാക്കും. പദ്ധതി പുരോഗതി സംബന്ധിച്ച് കേന്ദ്രം ഇടക്കിടെ റിപ്പോർട്ട് പുറത്തിറക്കും. കാലാവസ്ഥ നിരീക്ഷണത്തിനുള്ള നൂതന സാങ്കേതികവിദ്യകളും റഡാറുകളും സജ്ജീകരിച്ചതാണ് മുഴുവൻ സമയവും പ്രവർത്തിക്കുന്ന ഓപറേറ്റിങ് റൂം. മേഘങ്ങളുടെ നിരീക്ഷണത്തിനും ഉത്തേജക വസ്തുക്കൾ വിതക്കുന്നതിനുള്ള സ്ഥലങ്ങൾ നിർണയിക്കുന്നതിനും അന്താരാഷ്ട്രതലത്തിലുള്ള ശാസ്ത്രജ്ഞരും വിദഗ്ധരുമുണ്ട്.

നിയുക്ത വിമാനങ്ങൾ മേഘങ്ങളുടെ പ്രത്യേക സ്ഥലങ്ങളിലാണ് 'പരിസ്ഥിതിസൗഹൃദമായ' ഉത്തേജക വസ്തുക്കൾ വിതറുന്നത്. ഇതിലൂടെ ലക്ഷ്യസ്ഥാനങ്ങളിൽ മഴ പെയ്യുന്ന പ്രക്രിയയെ ഉത്തേജിപ്പിക്കുകയും മഴയുടെ അളവ് വർധിപ്പിക്കുകയും ചെയ്യാനാകും. രണ്ടാം ഘട്ടത്തിൽ അസീർ, അൽബാഹ, ത്വഇഫ് മേഖലകൾ ഉൾപ്പെടും. ഗവേഷണപഠനങ്ങൾ, അനുഭവങ്ങളുടെ വിലയിരുത്തൽ, പ്രാദേശികവത്കരണം, രാജ്യത്ത് മഴ പെയ്യുന്നതിനുള്ള പരിജ്ഞാന കൈമാറ്റം എന്നിവയും പദ്ധതിൽ ഉൾപ്പെടുന്നു. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച ഗ്രീൻ മിഡിൽ ഈസ്റ്റ് ഉച്ചകോടിയുടെ ഫലങ്ങളിലൊന്നാണ് പദ്ധതി. വിഷൻ 2030 അനുസരിച്ച് മരുഭൂവത്കരണം കുറക്കുന്നതിനും ഹരിത ഇടങ്ങൾ വർധിപ്പിക്കുന്നതിനും ഇത് വലിയ സംഭാവനകൾ നൽകുമെന്നും ഡോ. അയ്മൻ ഗുലാം പറഞ്ഞു.

Tags:    
News Summary - Action has been taken to provide artificial rain in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.