ജിദ്ദ: അന്താരാഷ്ട്ര സമാധാനത്തിനും സുരക്ഷക്കുമെതിരായ യമൻ വിമതവിഭാഗമായ ഹൂതികളുടെ ഭീഷണി അവസാനിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് യു.എൻ സുരക്ഷ കൗൺസിലിനോട് സൗദി അറേബ്യ ആവശ്യപ്പെട്ടു.
അബഹ വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഐക്യരാഷ്ട്രസഭയിലെ സൗദിയുടെ സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുല്ല ബിൻ യാഹ് അൽമുഅല്ലമി സുരക്ഷ കൗൺസിലിന് അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇറാെൻറ പിന്തുണയുള്ള ഹൂതികൾ സൗദിക്കെതിരെ തുടരുന്ന ആക്രമണം അന്താരാഷ്ട്ര നിയമത്തിെൻറയും സുരക്ഷ കൗൺസിൽ തീരുമാനങ്ങളുടെയും കടുത്ത ലംഘനമാണ്.
ഇക്കഴിഞ്ഞ ആഗസ്റ്റ് 31നാണ് തെക്കൻ സൗദിയിലെ അബഹ അന്താരാഷ്ട്ര വിമാനത്താവളം ലക്ഷ്യമിട്ട് ഹൂതികൾ ഡ്രോൺ ഉപയോഗിച്ച് ആക്രമണം നടത്തിയത്.
ശ്രമം പരാജയപ്പെെട്ടങ്കിലും വിമാനത്താവളത്തിലെ കമ്പനി ജോലിക്കാരായ സൗദി അറേബ്യ, ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള എട്ടു പേർക്ക് പരിക്കേറ്റു. അവരിൽ ചിലരുടെ നില ഗുരുതരമാണ്. സ്ഥാപനങ്ങളെയും നിരപരാധികളായ സിവിലിയന്മാരെയും ലക്ഷ്യമിട്ടുള്ള ഇത്തരം ഭീകരപ്രവർത്തനം ഹീനമായ യുദ്ധക്കുറ്റമാണ്. അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾക്കനുസൃതമായി ഹൂതികൾക്കെതിരെ നടപടി ഉണ്ടാകേണ്ടതുണ്ടെന്നും സൗദി പ്രതിനിധി ആവശ്യപ്പെട്ടു. ഹൂതികളുടെ ആക്രമണങ്ങൾ യമനിൽ ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളെ ദുർബലപ്പെടുത്തുന്നതാണ്.
പ്രാദേശിക സുരക്ഷയെ അസ്ഥിരപ്പെടുത്തും. സമഗ്രവും സമാധാനപരവുമായ അന്താരാഷ്ട്ര സമാധാന രാഷ്ട്രീയ പരിഹാരത്തിലേക്ക് നയിക്കുന്നതിനെ തടയുകയും ചെയ്യും. ഹൂതികളുടെ ഇത്തരം നടപടികളെ സൗദി അറേബ്യ ശക്തമായി അപലപിക്കുന്നു.
അതോടൊപ്പം സൗദി അറേബ്യ അന്താരാഷ്ട്ര നിയമങ്ങൾക്ക് അസുസൃതമായി രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ജീവനും സ്വത്തിനുമുള്ള സുരക്ഷയും രാജ്യരക്ഷയും ഉറപ്പുവരുത്താൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് യു.എൻ സുരക്ഷ കൗൺസിലിനോട് കത്തിലൂടെ സൗദി പ്രതിനിധി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.