ഹൃദ്രോഗം ‘മത്​ലൂബാക്കി’: പൊതുമാപ്പ്​ ഉപയോഗപ്പെടുത്താനാവാതെ പ്രദീപ്​

റിയാദ്​: ആശുപത്രി ബിൽ അടയ്​ക്കാത്തതിന്​ കേസിൽ കുടുങ്ങിയ മലയാളി പൊതുമാപ്പ്​ നീട്ടികിട്ടിയിട്ടും ഉപയോഗിക്കാൻ കഴിയാത്തതി​​െൻറ വിഷമത്തിൽ. അങ്ങാടിപ്പുറം സ്വദേശി പ്രദീപാണ്​​ (56) ഹൃദ്രോഗം സമ്മാനിച്ച ‘മത്​ലൂബി (വാൻറഡ്​)’ ൽ കുടുങ്ങി റിയാദിൽ കഴിയുന്നത്​. ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട്​ മാസങ്ങളായി. ഇതിനിടയിൽ ‘ഹുറൂബ്​’ നിയമകുരുക്കിലുമായി. നാട്ടിലേക്ക്​ മടങ്ങൽ മാത്രമാണ്​ ഏക രക്ഷാമർഗം. പൊതുമാപ്പി​​െൻറ ആനുകൂല്യം കിട്ടണമെങ്കിൽ സ്വകാര്യ ആശുപത്രിയിലെ മൂന്ന്​ ദിവസത്തെ ചികിത്സക്ക്​ ചുമത്തിയ ബിൽ കെട്ടി കേസിൽ നിന്ന്​ വിമുക്തി നേടണം. എത്രയും വേഗം പണം അടച്ച്​ കേസ്​ തീർത്താൽ ഒക്​ടോബർ പകുതി വരെ നീട്ടിയ പൊതുമാപ്പി​​െൻറ ആനുകൂല്യത്തിൽ നാട്ടിൽ പോകാം.

എന്നാൽ തടസം 10,000 റിയാലാണ്​. അത്രയും പണത്തെ കുറിച്ച്​ ചിന്തിക്കാൻ പോലും ശേഷിയില്ലാത്ത അവസ്ഥയിലാണ്​ ഇൗ ദുർബല ഹൃദയൻ. രണ്ടുവർഷം മുമ്പ്​ ഹൗസ്​ ഡ്രൈവർ വിസയിലാണ്​ റിയാദിലെത്തിയത്​. അതിന്​ മുമ്പ്​ 1994 മുതൽ 2003 വരെ റിയാദിലുണ്ടായിരുന്നു. ഭേദപ്പെട്ട വരുമാനമുള്ള ജോലിയൊന്നും അന്നും കിട്ടിയിരുന്നില്ല. വളരെ കഷ്​ടപ്പെട്ടാണ്​ കുടുംബം പോറ്റിയത്​. നാട്ടിൽ ഒരു പലചരക്ക്​ കട തുടങ്ങിയെങ്കിലും അത്​ വിജയിക്കാതെ കടബാധ്യതയുമായി വീണ്ടും വിമാനം കയറേണ്ടി വന്നു. കുവൈത്തിൽ പോയെങ്കിലും സ്​പോൺസർ മരുഭൂമിയിൽ കൊണ്ടുപോയി കഷ്​ടപ്പെടുത്തിയതിനാൽ തിരിച്ചുവരേണ്ടി വന്നു. ഇതിനിടയിൽ മൂന്ന്​ പെൺമക്കളുടേയും വിവാഹം നടത്തി. എന്നാൽ ഇതുമൂലം കടം പിന്നേയും പെരുകി. ആകെയുള്ള മൂന്ന്​ സ​െൻറ്​ വസ്​തുവും വീടും അർബൻ സഹകരണ ബാങ്കിൽ പണയത്തിലാണ്​. മൂന്ന്​ ലക്ഷം രൂപയുടെ വായ്​പയിന്മേൽ ഇതുവരെ ഒന്നര ലക്ഷം രൂപ പലിശയായി മാത്രം അടച്ചു. എന്നിട്ടും നാല്​ ലക്ഷത്തിലേറെ രൂപ ബാക്കി നിൽക്കുന്നു. അതി​​െൻറ പേരിൽ കിടപ്പാടം ജപ്​തി ഭീഷണിയിലാണ്​.​

രക്ഷയുടെ കച്ചിത്തുരുമ്പ്​ തേടിയാണ്​ വീണ്ടും റിയാദിലേക്ക്​ വന്നത്​. സ്​പോൺസറുടെ കീഴിൽ ലോൻഡ്രിയിലായിരുന്നു ജോലി. ആറുമാസമായപ്പോൾ ഹൃദയാഘാതമുണ്ടായി​. സ്​പോൺസർ​ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന്​ ദിവസം കഴിഞ്ഞപ്പോൾ ഡിസ്​ചാർജ്​ ചെയ്​തു. എന്നാൽ നെഞ്ച്​ വേദനക്ക്​ ശമനമില്ലാതിരുന്നതിനാൽ ശുമൈസി ആശുപത്രിയെ അഭയം പ്രാപിച്ചു. ഹൗസ്​ ഡ്രൈവർ വിസയായതിനാൽ അവിടെ സൗജന്യ ചികിത്സ കിട്ടി. ദിവസങ്ങളോളം അവിടെ കഴിഞ്ഞു. ഇപ്പോഴും അവിടുത്തെ ചികിത്സയിലാണ്​. ഇതിനിടയിൽ തുടർ ചികിത്സക്ക്​ വേണ്ടി നാട്ടിൽ പോയി. തിരിച്ചെത്തിയപ്പോൾ​ എയർപോർട്ടിലെ എമിഗ്രേഷൻ പരിശോധനക്കിടെയാണ്​ കേസുണ്ടെന്ന്​ അറിഞ്ഞത്​. ബില്ല്​ അടക്കാത്തതിന്​ സ്വകാര്യ ആശുപത്രി നൽകിയ കേസാണെന്ന്​ മനസിലായി. കോടതി​യിലെത്താനായിരുന്നു നിർദേശം.

16,000 റിയാലാണ്​ ബില്ലെന്ന്​ കോടതിയിൽ നിന്ന്​ അറിഞ്ഞു. അതിനിടയിൽ സാമൂഹിക പ്രവർത്തകൻ ഷാനവാസ്​ രാമഞ്ചിറയുടെ സഹായത്തോടെ ലേബർ കോടതിയിൽ പരാതി കൊടുത്തു. ആശുപ​ത്രി ബിൽ പ്രദീപ്​ അടച്ചാൽ ഹുറൂബ്​ നീക്കി എക്​സിറ്റ്​ നൽകാമെന്ന്​ സ്​പോൺസർ കോടതിയിൽ സമ്മതിച്ചു. ബില്ലൊഴിവാക്കി കിട്ടാനുള്ള വഴി തേടി സാമൂഹിക പ്രവർത്തകരായ രവി നായർ, വിനോദ്​ എന്നിവർ ആശുപത്രിയധികൃതരെ സമീപിച്ചു. 6,000 കുറയ്​ക്കാൻ അവർ സമ്മതിച്ചു. ബാക്കി കെട്ടണം. അതിന്​ കരുണയുള്ളവരുടെ സഹായം തേടുകയാണ്​ പ്രദീപ്​ (0564654042).

Tags:    
News Summary - amnesty-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.