ഹൃദ്രോഗം ‘മത്ലൂബാക്കി’: പൊതുമാപ്പ് ഉപയോഗപ്പെടുത്താനാവാതെ പ്രദീപ്
text_fieldsറിയാദ്: ആശുപത്രി ബിൽ അടയ്ക്കാത്തതിന് കേസിൽ കുടുങ്ങിയ മലയാളി പൊതുമാപ്പ് നീട്ടികിട്ടിയിട്ടും ഉപയോഗിക്കാൻ കഴിയാത്തതിെൻറ വിഷമത്തിൽ. അങ്ങാടിപ്പുറം സ്വദേശി പ്രദീപാണ് (56) ഹൃദ്രോഗം സമ്മാനിച്ച ‘മത്ലൂബി (വാൻറഡ്)’ ൽ കുടുങ്ങി റിയാദിൽ കഴിയുന്നത്. ഇഖാമയുടെ കാലാവധി കഴിഞ്ഞിട്ട് മാസങ്ങളായി. ഇതിനിടയിൽ ‘ഹുറൂബ്’ നിയമകുരുക്കിലുമായി. നാട്ടിലേക്ക് മടങ്ങൽ മാത്രമാണ് ഏക രക്ഷാമർഗം. പൊതുമാപ്പിെൻറ ആനുകൂല്യം കിട്ടണമെങ്കിൽ സ്വകാര്യ ആശുപത്രിയിലെ മൂന്ന് ദിവസത്തെ ചികിത്സക്ക് ചുമത്തിയ ബിൽ കെട്ടി കേസിൽ നിന്ന് വിമുക്തി നേടണം. എത്രയും വേഗം പണം അടച്ച് കേസ് തീർത്താൽ ഒക്ടോബർ പകുതി വരെ നീട്ടിയ പൊതുമാപ്പിെൻറ ആനുകൂല്യത്തിൽ നാട്ടിൽ പോകാം.
എന്നാൽ തടസം 10,000 റിയാലാണ്. അത്രയും പണത്തെ കുറിച്ച് ചിന്തിക്കാൻ പോലും ശേഷിയില്ലാത്ത അവസ്ഥയിലാണ് ഇൗ ദുർബല ഹൃദയൻ. രണ്ടുവർഷം മുമ്പ് ഹൗസ് ഡ്രൈവർ വിസയിലാണ് റിയാദിലെത്തിയത്. അതിന് മുമ്പ് 1994 മുതൽ 2003 വരെ റിയാദിലുണ്ടായിരുന്നു. ഭേദപ്പെട്ട വരുമാനമുള്ള ജോലിയൊന്നും അന്നും കിട്ടിയിരുന്നില്ല. വളരെ കഷ്ടപ്പെട്ടാണ് കുടുംബം പോറ്റിയത്. നാട്ടിൽ ഒരു പലചരക്ക് കട തുടങ്ങിയെങ്കിലും അത് വിജയിക്കാതെ കടബാധ്യതയുമായി വീണ്ടും വിമാനം കയറേണ്ടി വന്നു. കുവൈത്തിൽ പോയെങ്കിലും സ്പോൺസർ മരുഭൂമിയിൽ കൊണ്ടുപോയി കഷ്ടപ്പെടുത്തിയതിനാൽ തിരിച്ചുവരേണ്ടി വന്നു. ഇതിനിടയിൽ മൂന്ന് പെൺമക്കളുടേയും വിവാഹം നടത്തി. എന്നാൽ ഇതുമൂലം കടം പിന്നേയും പെരുകി. ആകെയുള്ള മൂന്ന് സെൻറ് വസ്തുവും വീടും അർബൻ സഹകരണ ബാങ്കിൽ പണയത്തിലാണ്. മൂന്ന് ലക്ഷം രൂപയുടെ വായ്പയിന്മേൽ ഇതുവരെ ഒന്നര ലക്ഷം രൂപ പലിശയായി മാത്രം അടച്ചു. എന്നിട്ടും നാല് ലക്ഷത്തിലേറെ രൂപ ബാക്കി നിൽക്കുന്നു. അതിെൻറ പേരിൽ കിടപ്പാടം ജപ്തി ഭീഷണിയിലാണ്.
രക്ഷയുടെ കച്ചിത്തുരുമ്പ് തേടിയാണ് വീണ്ടും റിയാദിലേക്ക് വന്നത്. സ്പോൺസറുടെ കീഴിൽ ലോൻഡ്രിയിലായിരുന്നു ജോലി. ആറുമാസമായപ്പോൾ ഹൃദയാഘാതമുണ്ടായി. സ്പോൺസർ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ചെയ്തു. എന്നാൽ നെഞ്ച് വേദനക്ക് ശമനമില്ലാതിരുന്നതിനാൽ ശുമൈസി ആശുപത്രിയെ അഭയം പ്രാപിച്ചു. ഹൗസ് ഡ്രൈവർ വിസയായതിനാൽ അവിടെ സൗജന്യ ചികിത്സ കിട്ടി. ദിവസങ്ങളോളം അവിടെ കഴിഞ്ഞു. ഇപ്പോഴും അവിടുത്തെ ചികിത്സയിലാണ്. ഇതിനിടയിൽ തുടർ ചികിത്സക്ക് വേണ്ടി നാട്ടിൽ പോയി. തിരിച്ചെത്തിയപ്പോൾ എയർപോർട്ടിലെ എമിഗ്രേഷൻ പരിശോധനക്കിടെയാണ് കേസുണ്ടെന്ന് അറിഞ്ഞത്. ബില്ല് അടക്കാത്തതിന് സ്വകാര്യ ആശുപത്രി നൽകിയ കേസാണെന്ന് മനസിലായി. കോടതിയിലെത്താനായിരുന്നു നിർദേശം.
16,000 റിയാലാണ് ബില്ലെന്ന് കോടതിയിൽ നിന്ന് അറിഞ്ഞു. അതിനിടയിൽ സാമൂഹിക പ്രവർത്തകൻ ഷാനവാസ് രാമഞ്ചിറയുടെ സഹായത്തോടെ ലേബർ കോടതിയിൽ പരാതി കൊടുത്തു. ആശുപത്രി ബിൽ പ്രദീപ് അടച്ചാൽ ഹുറൂബ് നീക്കി എക്സിറ്റ് നൽകാമെന്ന് സ്പോൺസർ കോടതിയിൽ സമ്മതിച്ചു. ബില്ലൊഴിവാക്കി കിട്ടാനുള്ള വഴി തേടി സാമൂഹിക പ്രവർത്തകരായ രവി നായർ, വിനോദ് എന്നിവർ ആശുപത്രിയധികൃതരെ സമീപിച്ചു. 6,000 കുറയ്ക്കാൻ അവർ സമ്മതിച്ചു. ബാക്കി കെട്ടണം. അതിന് കരുണയുള്ളവരുടെ സഹായം തേടുകയാണ് പ്രദീപ് (0564654042).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.