ജിദ്ദ: റെൻറ് എ കാർ മേഖലയിൽ കാർ വാടകക്കെടുക്കലിനുള്ള കരാറുകൾ രാജ്യത്ത് എല്ലായിടത്തും ഒരേ രീതിയിലാക്കാനുള്ള ഏകീകൃത കരാർ പദ്ധതി ആദ്യഘട്ടം പ്രാബല്യത്തിലായി. സൗദി ഗതാഗത വകുപ്പിെൻറ വെബ് പോർട്ടലിലെ 'വാടക കരാറുകൾ' എന്ന സേവനം ഉപയോഗിച്ച് കരാർ തയാറാക്കുന്ന സംവിധാനത്തിെൻറ ആദ്യഘട്ടമാണ് ഞായറാഴ്ച മുതൽ പ്രാബല്യത്തിലായത്.
എല്ലാ റെൻറ് എ കാർ കമ്പനികളും ഇൗ സംവിധാനത്തിന് കീഴിൽ രജിസ്റ്റർ ചെയ്യണം. അതിനാവശ്യമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ലൈസൻസ് നേടിയ സ്ഥാപനങ്ങൾക്ക് ഇൗ ഏകീകൃത കരാർ സേവനം ഉപയോഗപ്പെടുത്താനാകും. കാർ വാടകക്ക് നൽകുന്നവരുടെയും എടുക്കുന്നവരുടെയും അവകാശങ്ങൾ സംരക്ഷിക്കാനും നൽകുന്ന സേവനങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും സേവന ഗുണനിലവാരം ഉയർത്താനും സഹായിക്കുന്നതാണ് ഏകീകൃത കരാറെന്ന് പൊതുഗതാഗത അതോറിറ്റി വ്യക്തമാക്കി. വാഹനം വാടകക്ക് കൊടുക്കുന്ന സ്ഥാപനങ്ങളെ വിവിധ കാറ്റഗറികളായി തിരിച്ച് ഘട്ടങ്ങളായാണ് ഇൗ സംവിധാനം നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ ഡി-കാറ്റഗറി സ്ഥാപനങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. രണ്ടാംഘട്ടം സി-കാറ്റഗറിയിൽ സെപ്റ്റംബർ ഒന്ന് മുതൽ ആരംഭിക്കും.
ബി, എ കാറ്റഗറികളിൽ ഇത് പിന്നീട് നടപ്പാക്കും. അതിെൻറ തീയതി പിന്നീട് പ്രഖ്യാപിക്കും. ഏകീകൃത ഇലക്ട്രോണിക് കരാർ വഴി കാർ വാടകക്കെടുക്കുന്നതിൽ നിരവധി ഗുണങ്ങളുണ്ട്. എല്ലാ നിബന്ധനകളും പൂർത്തിയാക്കുന്ന ഒരു ഡോക്യുമെൻറഡ് കരാറാണ്. ഇരു കക്ഷികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതാണ് ഇത്. തർക്കങ്ങളും ബന്ധപ്പെട്ട വിവിധ വകുപ്പുകളുടെ ജോലി ഭാരവും ഇത് കുറക്കും. മാത്രമല്ല സേവനത്തിെൻറ ഗുണനിലവാരം ഉയരുകയും ചെയ്യും.
ഗുണഭോക്താക്കളുടെ ആത്മവിശ്വാസം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. റെൻറ് എ കാർ വ്യവസായ രംഗത്ത് മുതലിറക്കാൻ വരുന്നവരെ പ്രോത്സാഹിപ്പിക്കാനും കൂടിയാണ് ഇൗ സംവിധാനമെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.