യാംബു: ഇതുവരെ പോയിട്ടില്ലാത്ത നാട്ടിലെ കാണാത്ത ബസിെൻറ ചെറുമാതൃക നിർമിച്ച് ശ്രദ്ധേയനായി മലയാളി മിടുക്കൻ. സൗദി അറേബ്യയിലെ പബ്ലിക് ട്രാൻസ്പോർട്ട് കമ്പനിയുടെ (സാപ്റ്റികോ) ബസിെൻറ മിനിയേച്ചർ നിർമിച്ചത് എറണാകുളം ജില്ലയിലെ കടയിരുപ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ 10ാം ക്ലാസ് വിദ്യാർഥി അനന്ദുവാണ്. അനന്ദു സൗദി അറേബ്യയെ കുറിച്ച് കേട്ടിട്ടേയുള്ളൂ.
അവിടെ പൊതുഗതാഗത രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട സാപ്റ്റികോ ബസുകളെ പടങ്ങളിൽ കണ്ട പരിചയവും. എന്നിട്ടും അതിശയിപ്പിക്കുന്ന രീതിയിൽ സാപ്റ്റികോ ബസിെൻറ കുട്ടിപ്പതിപ്പ് ഒരു കുറവുമില്ലാതെ മികവോടെ നിർമിച്ചു. വാഹനങ്ങളുടെ മിനിയേച്ചർ നിർമാണത്തിൽ സമർഥനെന്ന നിലയിൽ നാട്ടിൽ നേരത്തേതന്നെ വാർത്തകളിൽ ഇടംപിടിച്ചയാളാണ് അനന്ദു. കോവിഡ് കാലത്തെ വിരസതയകറ്റാൻ 'ഫോറെക്സ്' എന്ന പ്രത്യേകതരം ഷീറ്റ് ഉപയോഗിച്ച് നിർമിച്ച ബസുകളുടെ ചെറുപതിപ്പുകൾ കാഴ്ചയിൽ യഥാർഥ ബസുകളെ വെല്ലുന്നു.
ഓൺലൈൻ പഠനത്തിെൻറ ഇടവേളകളിൽ ബസ് നിർമാണ പണിപ്പുരയിൽ കയറുന്ന അനന്ദു മൂന്നുമാസം കൊണ്ടാണ് ആദ്യ ബസ് പുറത്തിറക്കിയത്. അത് കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചറായിരുന്നു. രണ്ടാമതൊരു കെ.എസ്.ആർ.ടി.സി കൂടി നിർമിച്ചു. ശേഷം ടൂറിസ്റ്റ് ബസും നിർമിച്ചു. എല്ലാം ഒന്നിനൊന്ന് മികച്ചത്. ഒറിജിനലിനെ വെല്ലുന്ന 'ഒറിജിനാലിറ്റി'. ഒറിജിനൽ അല്ല എന്ന് തോന്നിപ്പിക്കുന്നത് അവയുടെ കുഞ്ഞത്തരം മാത്രമാണ്.
മിനിയേച്ചറുകൾക്ക് കുഞ്ഞനാവാനല്ലേ കഴിയൂ. എന്തായാലും അനന്ദുവിെൻറ കരവിരുതിെൻറ ചാരുതയും വിസ്മയവും ബോധ്യപ്പെടുത്തുന്ന നിർമിതി. അനന്ദുവിെൻറ കഴിവ് ശ്രദ്ധയിൽപെട്ട പിതാവിെൻറ സുഹൃത്ത് കൂടിയായ, സൗദിയിലെ യാംബുവിൽ പ്രവാസിയായ ഷംനാദ് കൊട്ടാരക്കരയാണ് 'സാപ്റ്റികോ' ബസ് കൂടി നിർമിക്കാൻ പ്രേരണ നൽകിയത്. സൗദിയും സാപ്റ്റികോ ബസുമൊക്കെ കേട്ട് മാത്രം പരിചയമുള്ള അനന്ദുവിന് ഷംനാദ് ബസിെൻറ ഫോട്ടോ അയച്ചുകൊടുത്തു.
ചെറുപ്പം മുതലേ വരയോട് താൽപര്യമുള്ള അനന്ദു വാഹനങ്ങളോടുള്ള പ്രിയം മൂലം മിനിയേച്ചർ ബസുകളുടെ നിർമാണ മേഖലയിലേക്ക് തിരിയുകയായിരുന്നു. നിർമാണ രീതികൾ ആദ്യം യൂട്യൂബ് വിഡിയോകൾ കണ്ടാണ് പഠിച്ചത്. ബസിെൻറ യഥാർഥ രൂപവും സൗകര്യങ്ങളുമെല്ലാം മനോഹരമായി ആവിഷ്കരിച്ചിട്ടുണ്ട്. ടയർ, സീറ്റ്, സ്റ്റിയറിങ്, ലഗേജ് ബോക്സ് ഉൾപ്പെടെ ബസിനുവേണ്ട ഘടകങ്ങൾ ഒന്നും വിടാതെയാണ് നിർമാണം. ബാറ്ററി ഘടിപ്പിച്ച എൽ.ഇ.ഡി ബൾബുകൾ കൂടി മിന്നിച്ച് മുന്നോട്ടുനീക്കിയാൽ യഥാർഥ ബസ് സഞ്ചരിക്കുന്ന പ്രതീതിയാണ് ഉണ്ടാകുന്നത്. ഓരോ ബസും നിർമിക്കാൻ മൂന്നു മാസം വീതമാണ് എടുത്തത്.
പഠനത്തിനും മറ്റു തിരക്കുകൾക്കുമിടയിൽ കിട്ടുന്ന ഒഴിവുവേളകൾ മാത്രം ഉപയോഗിച്ചതുകൊണ്ടാണ് ഇത്രയും സമയമെടുത്തത്. അല്ലെങ്കിൽ 10 ദിവസം കൊണ്ട് നിർമിക്കാമെന്ന് അനന്ദു പറയുന്നു. ചേസിസും മോട്ടോറും ഘടിപ്പിച്ചാൽ സാധാരണ ബസ് പോലെ ഒാടിക്കാമെന്നും അനന്ദു കൂട്ടിച്ചേർക്കുന്നു.
മകെൻറ അഭിരുചിക്ക് നല്ല പ്രോത്സാഹനവുമായി കെ.എസ്.എഫ്.ഇ പട്ടിമറ്റം ശാഖ മാനേജറായ പിതാവ് വിശ്വനും കൊച്ചി ആകാശവാണിയിൽ ജീവനക്കാരിയായ സുനിതയും തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിൽ ബിരുദ വിദ്യാർഥിനിയായ സഹോദരി അനഘയും ഒപ്പമുണ്ട്. മിനിയേച്ചറുകളുടെ നിർമാണം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഗൾഫ് നാടുകളിൽനിന്നും ധാരാളം പേർ അനന്ദുവിനെ അഭിനന്ദനം അറിയിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.