പുതിയ വിദ്യാഭ്യാസ പദ്ധതിക്ക് അംഗീകാരം

യാംബു: വിദ്യാഭ്യാസ രംഗത്തിന്റെ മികവിനുള്ള 2023 -2027 കാലയളവിലേക്കുള്ള തന്ത്രപ്രധാനപദ്ധതിക്ക് വിദ്യാഭ്യാസ പരിശീലന മൂല്യനിർണയ കമീഷൻ (ഇ.ടി.ഇ.സി) ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. വിദ്യാഭ്യാസ മേഖലയിലും പരിശീലന പദ്ധതികളിലും യോഗ്യതകൾ വിലയിരുത്തുന്നതിനും നിലവാരം പരിശോധിക്കുന്നതിനും അംഗീകരിക്കുന്നതിനുമുള്ള രാജ്യത്തെ ഔദ്യോഗിക അതോറിറ്റിയാണ് കമീഷൻ.

പൊതുമേഖലയിലും സ്വകാര്യ മേഖലയിലും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം ഉയർത്താനും സമ്പദ്‍വ്യവസ്ഥയുടെയും ദേശീയ വികസനത്തിന്റെയും പുരോഗതിയിൽ ഗണ്യമായ പങ്കുവഹിക്കാനും അതോറിറ്റിയുടെ സേവനങ്ങൾ ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്.

ആഗോളതലത്തിൽ തന്നെ വ്യവസായ, വാണിജ്യ മേഖലയിലും മറ്റും മുൻനിരയിൽ സൗദി മാതൃകയിൽ എത്തിച്ചേരാനുള്ള ശ്രമത്തിൽ രാജ്യത്തെ വിദ്യാഭ്യാസ, പരിശീലന മേഖല വികസിപ്പിക്കുക എന്നതാണ് നാലുവർഷത്തെ ഇ.ടി.ഇ.സിയുടെ പദ്ധതി ലക്ഷ്യമിടുന്നത്.

കമീഷന്റെ പ്രവർത്തനത്തിലൂടെ ദേശീയ വികസനവും സാമ്പത്തിക വളർച്ചയും കൈവരിക്കുന്നതിനാണ് സൗദി മാതൃക രൂപകൽപന ചെയ്തിരിക്കുന്നത്. തൊഴിൽ വിപണിയുടെയും വിഷൻ 2030ന്റെ മാനവ വിഭവശേഷി വികസന പദ്ധതിയുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിനായി ഉൽപാദനത്തിന്റെ ഗുണനിലവാരം ഉയർത്താനും ഇതുവഴി സാധിക്കുമെന്നുമാണ് വിലയിരുത്തൽ. സ്ട്രാറ്റജിക് പ്ലാൻ വിദ്യാർഥികളുടെയും പരിശീലകരുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ബഹുമുഖമായ കഴിവുകൾ വികസിപ്പിക്കാൻ കൂടി കഴിയുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

വിദ്യാർഥികളുടെ പഠനഫലങ്ങളും പ്രകടനവും മെച്ചപ്പെടുത്തുക, നിലവാരം ഉയർത്തുക, ലൈസൻസുകൾ നൽകുക, മികവിലേക്കുള്ള വേഗം വർധിപ്പിക്കുക എന്നിവകൂടി ഇ.ടി.ഇ.സി പദ്ധതി വഴി സാധിക്കുമെന്ന് കമീഷൻ വ്യക്തമാക്കി.   

Tags:    
News Summary - Approval of new education scheme

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.