അറബ് ലീഗ് ഉച്ചകോടി; സിറിയൻ പ്രതിനിധി സംഘം സൗദിയിൽ

റിയാദ്: ഈ മാസം 19 ന് ജിദ്ദയിൽ സമ്മേളിക്കുന്ന അറബ് ലീഗ് ഉച്ചകോടിക്ക് മുന്നോടിയായുള്ള തയാറെടുപ്പ് യോഗങ്ങളിൽ പങ്കെടുക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സിറിയൻ പ്രതിനിധി സംഘം തിങ്കളാഴ്ച സൗദി അറേബ്യയിലെത്തി. രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട വിമതനീക്കങ്ങൾ ക്രൂരമായി അടിച്ചമർത്തിയതിന്റെ പേരിൽ 2011ൽ അറബ് സഖ്യത്തിൽ നിന്ന് പുറത്താവുകയും സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ബന്ധം വിച്ഛേദിക്കുകയും ചെയ്ത സിറിയയെ തിരികെ പ്രവേശിപ്പിക്കാൻ ഒരാഴ്ച മുമ്പ് കൈറോവിൽ ചേർന്ന അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗമാണ് തീരുമാനിച്ചത്. സൗദി സന്ദർശനത്തെക്കുറിച്ചും ഉച്ചകോടിയെ സംബന്ധിച്ചും അഭിപ്രായമാരാഞ്ഞ മാധ്യമ സംഘത്തോട് സന്തോഷമുണ്ടെന്നും ഉച്ചകോടിയുടെ വിജയത്തിൽ പ്രതീക്ഷയുണ്ടെന്നുമാണ് മന്ത്രിമാർ പ്രതികരിച്ചത്.

കഴിഞ്ഞകാലത്തേക്കല്ല, ഭാവിയിലേക്കാണ് അറബ് സഹോദരങ്ങൾ നോക്കേണ്ടതെന്ന് വിദേശകാര്യ മന്ത്രി ഫൈസൽ മിഖ്ദാദ് പറഞ്ഞതായി സിറിയൻ ഔദ്യോഗിക വാർത്ത ഏജൻസിയായ 'സന' റിപ്പോർട്ട് ചെയ്തു.

തിങ്കളാഴ്ച സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദ്ആൻ ജിദ്ദയിൽ ഉദ്ഘാടനം ചെയ്ത അറബ് ലീഗ് മന്ത്രിമാരുടെ സാമ്പത്തിക, സാമൂഹിക കൗൺസിൽ യോഗത്തിൽ സിറിയയുടെ സാമ്പത്തിക, വാണിജ്യ മന്ത്രി മുഹമ്മദ് സമർ അൽ ഖലീൽ പങ്കെടുത്തിരുന്നു.

ആഭ്യന്തര യുദ്ധത്തിൽ തകർന്ന തങ്ങളുടെ രാജ്യത്ത് നിക്ഷേപം നടത്താൻ അറബ് രാജ്യങ്ങളോട് അൽഖലീൽ അഭ്യർഥിച്ചു. സംരംഭകർക്ക് രാജ്യം വാഗ്ദാനം ചെയ്യുന്ന വിവിധ അവസരങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇറാനും സൗദിയും തമ്മിലുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കപ്പെട്ടതോടെയാണ് മേഖലയിൽ ഒറ്റപ്പെട്ട സിറിയക്ക് അറബ് ലീഗിലേക്കുള്ള പുനഃപ്രവേശം സാധ്യമായത്.

Tags:    
News Summary - Arab League Summit; Syrian delegation in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.