ജുബൈൽ: അനിയന്ത്രിത വേട്ടയാടൽ മൂലം വംശനാശ വക്കിലെത്തിയ 'അറേബ്യൻ ഓറിക്സ്' എന്ന മാൻവർഗത്തെ സൗദി അറേബ്യ കാട്ടിലേക്ക് (സ്വാഭാവിക ആവാസ വ്യവസ്ഥ) തിരിച്ചയക്കുന്നു. വളവില്ലാത്ത കുത്തനെയുള്ള കൊമ്പോടുകൂടിയ ഈ മാനുകൾ നിലവിൽ വളർത്തൽ കേന്ദ്രങ്ങളിലാണുള്ളത്. ഇത്തരത്തിൽ 7,000ത്തോളം ഓറിക്സുകൾ ഉണ്ട്. അവയെ തിരികെ കാട്ടിൽ വിടുന്നതിന് തയാറെടുപ്പ് തുടങ്ങിക്കഴിഞ്ഞു. ലോകത്ത് നാല് ഇനം ഓറിക്സുകളാണുള്ളത്. എന്നാൽ, അറേബ്യൻ ഉപഭൂഖണ്ഡത്തിൽ നിന്നുള്ള ഓറിക്സിന് വ്യത്യസ്ത വലുപ്പവും വ്യതിരിക്തമായ സവിശേഷതകളുമുണ്ട്. മുൻ വർഷങ്ങളിൽ ദേശീയ വന്യജീവി വികസന കേന്ദ്രം വിദഗ്ധരുടെ നേതൃത്വത്തിൽ ആരംഭിച്ച മൃഗങ്ങളുടെ സ്ഥലം മാറ്റ പരിപാടി വിജയിച്ചിരുന്നു.
ഇൻറർനാഷനൽ യൂനിയൻ ഫോർ കൺസർവേഷൻ ഓഫ് നാച്വറിെൻറ അന്തർദേശീയ നിലവാരത്തിന് അനുസൃതമായ വർഗീകരണമാണ് പദ്ധതിയുടെ തുടക്കം. അറേബ്യൻ ഓറിക്സ് അഥവാ വെള്ള ഓറിക്സ് (Oryx leucoryx) ഇടത്തരം വലുപ്പമുള്ള കൃഷ്ണമൃഗ വംശത്തിലുള്ള ജീവി വർഗമാണ്. വളരെ നീളമുള്ളതും എഴുന്നുനിൽക്കുന്നതുമായ കൊമ്പുകളും ജടകെട്ടിയ നിബിഢ വാലും ഇവയുടെ പ്രത്യേകതകളാണ്. ഓറിക്സ് വംശത്തിലെ വലുപ്പം കുറഞ്ഞ ഇവ അറേബ്യൻ ഉപദ്വീപിലെ മരുഭൂമികളിലും മരങ്ങളില്ലാത്ത വിശാലമായ പുൽമൈതാനങ്ങളിലും കാണപ്പെടുന്നു.
മുഖത്തും കാലുകളിലും ഇരുണ്ട അടയാളങ്ങളുണ്ട്. ഇത് ആക്രമണങ്ങളെ തടയാൻ സഹായിക്കുന്നു. കുത്തനെയുള്ളതും മൂർച്ചയുള്ളതുമായ കൊമ്പുകൾ വേട്ട നായ്ക്കളിൽനിന്ന് സ്വയം സംരക്ഷിക്കാനുള്ള കഴിവ് നൽകുന്നു. അറേബ്യൻ ഓറിക്സിന് ശരീര താപനിലയിൽ മാറ്റം വരുത്താനുള്ള കഴിവുമുണ്ട്. ഉഷ്ണരക്തമുള്ള സസ്തനി ആണെങ്കിലും ശരീര താപനില 36 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ മാറ്റാൻ കഴിയും. അറബി കാവ്യബിംബമാണ് ഈ മാൻ വർഗം. സൗന്ദര്യത്തിെൻറ പ്രതീകവുമാണ്. കവിതകൾക്ക് ഈ ബിംബങ്ങൾ ഭംഗിനൽകുന്നതായി നാഷനൽ സെൻറർ ഫോർ വൈൽഡ് ലൈഫ് ഡെവലപ്മെൻറ് റിസർച് ആൻഡ് ബ്രീഡിങ് സെൻററുകളുടെ സൂപ്പർവൈസർ അഹമ്മദ് അൽ ബൂക്ക് പറഞ്ഞു.
• രണ്ടിനം മാനുകളെ തുറന്നുവിട്ടു
ജിദ്ദ: ആഭ്യന്തര മന്ത്രിയും കിങ് അബ്ദുൽ അസീസ് റോയൽ റിസർവ് ഡെവലപ്മെൻറ് അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് റിയാദിലെ തൻഹാത് കിങ് അബ്ദുൽ അസീസ് വന്യജീവി സംരക്ഷിത പ്രദേശം സന്ദർശിച്ചു. അറേബ്യൻ റീം, അറേബ്യൻ ഓറിക്സ് എന്നീ ഇനങ്ങളിൽ പെട്ട മാനുകളെ ഈ സംരക്ഷിത മേഖലയിലേക്ക് തുറന്നുവിട്ടു.
70 അറേബ്യൻ റീം മാനുകളെയും 20 അറേബ്യൻ ഓറിക്സ് മാനുകളെയുമാണ് ആഭ്യന്തര മന്ത്രി തുറന്നുവിട്ടത്. വൈൽഡ് ലൈഫ് ഡെവലപ്മെൻറ് ദേശീയ കേന്ദ്രം, സ്പെഷൽ ഫോഴ്സ് ഫോർ എൻവയോൺമെൻറൽ സെക്യൂരിറ്റി എന്നിവയുമായി സഹകരിച്ചാണ് പ്രത്യേക സംരക്ഷിത പ്രദേശങ്ങളിൽ ഇത്രയും മൃഗങ്ങളെ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.