അൽഉല: സൗദി അറേബ്യൻ ചരിത്രത്തിന്റെയും അൽഉല പ്രദേശത്തിന്റെ തനത് ഭൗമശേഷിപ്പുകളുടെയും പരിരക്ഷക്ക് പാരിസ് ആസ്ഥാനമായുള്ള ലുവ്റെ മ്യൂസിയവുമായി അൽഉല റോയൽ കമീഷൻ അഞ്ചുവർഷത്തെ കരാറിൽ ഒപ്പുവെച്ചു. ബി.സി ആറാം നൂറ്റാണ്ടിലെ ലിഹ്‌യാനൈറ്റ് കാലഘട്ടവുമായി ബന്ധപ്പെട്ട ചരിത്രശേഷിപ്പുകൾ ഏറെയുള്ള അൽഉല നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ഓപൺ മ്യൂസിയമാണ്. ഇരുമ്പുയുഗം എന്നറിയപ്പെടുന്ന കാലയളവിൽ ജീവിച്ച കരുത്തരായ മനുഷ്യർ പാറകളിൽ കൊത്തിയുണ്ടാക്കിയ വലിയ ശിൽപങ്ങളും ശിലാലിഖിതങ്ങളും സൗദിയുടെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയായ അൽഉലയുടെ സവിശേഷതയാണ്.
സൗദി അറേബ്യയുടെയും അൽഉലയുടെയും ചരിത്രപരവും സാംസ്കാരികവുമായ പൈതൃകങ്ങൾ സംരക്ഷിക്കുന്നതിൽ ലുവ്റെ മ്യൂസിയം അവരുടെ പരിചയ സമ്പത്തും വൈദഗ്ധ്യവും ഉപയോഗപ്പെടുത്തും. സാംസ്‌കാരിക മേഖലയിലടക്കം സൗദി അറേബ്യയും ഫ്രാൻസും തമ്മിലുള്ള ബന്ധം കരുത്തുറ്റതാക്കാൻ കരാർ നിമിത്തമാകുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
അൽഉല മരുഭൂമിയിലെ 800 കിലോഗ്രാമിൽ കൂടുതൽ ഭാരമുള്ളതും രണ്ടു മീറ്ററിലധികം ഉയരമുള്ളതുമായ ശിലാനിർമിതികളും ലിഖിതങ്ങളും കരാർപ്രകാരം സംരക്ഷിക്കുകയും പ്രദർശനസജ്ജമാക്കുകയും ചെയ്യും. മണ്ണൊലിപ്പും പ്രകൃതിസവിശേഷതകളും കാരണം കേടുപാടുകൾ സംഭവിച്ചവ കണ്ടെത്തി സംരക്ഷിക്കും. പൂർവിക മനുഷ്യന്റെ കായികശേഷിയും സർഗാത്മകതയും വിളിച്ചോതുന്ന ശിലാവൈവിധ്യങ്ങളാൽ സന്ദർശകരെ ആകർഷിക്കുന്ന പ്രദേശത്തിന്റെ പ്രത്യേകത തിരിച്ചറിഞ്ഞ സൗദി ഭരണകൂടം 'വിഷൻ 2030'മായി ബന്ധപ്പെട്ട ടൂറിസം വികസനത്തിൽ വലിയ പ്രാധാന്യമാണ് അൽഉലാക്ക് നൽകിയിട്ടുള്ളത്.
ദൈവിക കൽപനകൾ ധിക്കരിച്ചതിന്റെ പേരിൽ ശിക്ഷ ഏറ്റുവാങ്ങിയ പ്രവാചകൻ സ്വാലിഹിന്റെ ജനത ജീവിച്ച 'മദാഇൻ സ്വാലിഹ്' അൽഉലാ നഗരത്തിന് അടുത്താണ്. ഖുർആനിൽ പരാമർശിച്ച ഈ പ്രദേശം യുനെസ്കോ പൈതൃകനഗര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ലിഹ്‌യാനൈറ്റ് നാഗരികതയുടെ അടയാളങ്ങളാണ് അൽഉലാ മേഖലയിൽ എന്നാണ് ചരിത്ര നിഗമനം.
'ദാദൻ' സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ പ്രദേശത്ത് നിലവിൽ പര്യവേക്ഷണം നടത്തുന്ന സംഘം കണ്ടെത്തിയിട്ടുണ്ട്. അൽഉല റോയൽ കമീഷൻ ദാദൻ പ്രദേശത്ത് സ്ഥാപിച്ച 'കിങ്ഡം ഇൻസ്റ്റിറ്റ്യൂട്ട്' ചരിത്രഗവേഷണത്തിന് ബഹുമുഖ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളത്.
'ദ ജേണി ത്രൂ ടൈം' എന്ന മാസ്റ്റർപ്ലാൻ പ്രകാരം നടക്കുന്ന പഠനങ്ങൾ ശ്രദ്ധേയവും ചരിത്രവിദ്യാർഥികൾക്കും ഗവേഷകർക്കും ഏറെ പ്രയോജനം ചെയ്യുന്നതുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.