റിയാദ്: റിയാദിലെ കോഴിക്കോട് തെക്കേപ്പുറം നിവാസികളുടെ കൂട്ടായ്മയായ സംഗമം കൾച്ചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന 28-ാമത് ആഷ്ടെൽ സംഗമം സോക്കർ 2022 - ഡഫൊഡിൽസ് ഇന്റർസ്കൂൾ ടൂർണമെൻറ് സീസൺ രണ്ട് മത്സരങ്ങൾക്ക് വാദി ലബൻ സോക്കർ ഫീൽഡ് സ്റ്റേഡിയത്തിൽ തുടക്കം കുറിച്ചു. വർണശബളമായ മാർച്ച് പാസ്റ്റോടുകൂടിയായിരുന്നു ഉദ്ഘാടനം. ജാസ്സിം, റമീസ് ഹനാൻ എന്നിവർ മാർച്ച് പാസ്റ്റിനു നേതൃത്വം നൽകി.
പി.ടി. മെഹബൂബ്, കെ.എം. ഇല്യാസ്, പി.എം. മുഹമ്മദ് ഷാഹിൻ, ആദം ഓജി, ബഷീർ മുസ്‍ലിയാരകം, ഐ.പി. ഉസ്മാൻ കോയ, പി. നൗഷാദ് അലി, ഫറാജ് ആഷ്ടെൽ, ബി.വി. ഫിറോസ്, എം.എം. റംസി, പി. മുഹമ്മദ് ഇഖ്‌ബാൽ, പി. സലിം എന്നിവർ പരേഡ് സ്വീകരിച്ചു.
മുൻ ഇന്ത്യൻ നാഷനൽ ഫുട്ബാൾ കളിക്കാരനും റിട്ടയേർഡ് ഡി.വൈ.എസ്.പിയുമായ പി.ടി. മെഹബൂബ് ഉദ്ഘാടനം നിർവഹിച്ചു. സംഗമം പ്രസിഡന്റ് കെ.എം. ഇല്യാസ് അധ്യക്ഷത വഹിച്ചു. ആദം ഓജി, ബഷീർ മുസ്‍ലിയാരകം, ഐ.പി. ഉസ്മാൻ കോയ, പി. നൗഷാദ് അലി, ബി.വി. ഫിറോസ്, എം.എം. റംസി, ഫറാജ്, മുഹമ്മദ് ഇഖ്‌ബാൽ പൂവായിൻടക്കം തുടങ്ങിയവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി മുഹമ്മദ് പി.എം. ഷാഹിൻ സ്വാഗതവും ട്രഷറർ മിർഷാദ് ബക്കർ നന്ദിയും പറഞ്ഞു. റിസ്‌വാൻ അഹമ്മദ് ടൂർണമെന്റും കെ.വി. അൻവർ റഫറി പാനലും നിയന്ത്രിച്ചു. വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ നേടിയതടക്കമുള്ള നേട്ടങ്ങളെ മുൻനിർത്തി പി.ടി. മെഹബൂബിനെ ചടങ്ങിൽ ആദരിച്ചു. പ്രസിഡന്റ് കെ.എം. ഇല്യാസ് പ്രശംസാഫലകം സമ്മാനിച്ചു. മുൻ സംഗമം പ്രസിഡന്റ് ബഷീർ മുസ്‍ലിയാരകം പൊന്നാട അണിയിച്ചു. പ്രളയ കാലത്തുൾപ്പടെയുള്ള ക്ഷേമ, ഭവന പദ്ധതികളിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് ആദം ഓജിയെ ഫലകം സമ്മാനിച്ച് ആദരിച്ചു. മുൻ സംഗമം പ്രസിഡന്റ് ഐ.പി. ഉസ്മാൻ കോയ പൊന്നാട അണിയിച്ചു.
ഡഫൊഡിൽസ് ഇന്റർസ്കൂൾ ടൂർണമെൻറ് സീസൺ രണ്ട് ആദ്യ മത്സരത്തിൽ യാര ഇൻറ്റർനാഷനൽ സ്കൂളും ഇൻറ്റർനാഷനൽ ഇന്ത്യൻ സ്കൂളും മാറ്റുരച്ചു. യാര സ്കൂൾ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ജയിച്ചു. യാര സ്കൂളിനുവേണ്ടി ഹനീൻ, സമാഹിർ സൈഫ് എന്നിവർ ഗോളുകൾ നേടി. പ്ലയെർ ഓഫ് ദ മാച്ചായി ഹനീൻ തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് സോക്കർ അക്കാദമിയും അൽയാസ്മിൻ ഇൻറ്റർനാഷനൽ സ്കൂളും മാറ്റുരച്ച രണ്ടാമത്തെ മത്സരത്തിൽ ഫൈസാൻ രണ്ടു ഗോളുകളും തസ്ഹിൻ ഒരു ഗോളും നേടി യൂത്ത് സോക്കർ അക്കാദമി വിജയികളായി. അബ്ദുൽ ഗഫൂർ അൽയാസ്മിൻ സ്കൂളിനുവേണ്ടി ആശ്വാസ ഗോൾ നേടി. പ്ലയെർ ഓഫ് ദ മാച്ചായി ഫൈസാൻ (യൂത്ത് സോക്കർ അക്കാദമി) തെരഞ്ഞെടുക്കപ്പെട്ടു.
'ആഷ്ടെൽ സംഗമം സോക്കർ 2022' ആദ്യ മത്സരത്തിൽ പാർട്ടി ഓഫീസ് റോയൽസ്, മിന്നൽ റവാബി ടീമുകൾ അണിനിരന്നു. കളിയുടെ തുടക്കത്തിൽ ലഭിച്ച പെനാൽറ്റി പാർട്ടി ഓഫീസ് റോയൽസ് വൈസ് കാപ്റ്റൻ എസ്.എം. ജംഷീദ് ഗോളാക്കി. ഇടവേളക്കു മുമ്പ് യാഷിൻ റഹ്മാന്റെ ഗോളോടുകൂടി പാർട്ടി ഓഫീസ് മുന്നേറ്റം തുടർന്നു. ഇടവേളക്കു ശേഷം എസ്.വി. യാസർ മൂന്നാമത്തെ ഗോളും നേടി. ശേഷം മിന്നൽ റവാബിയുടെ ശക്തമായ മുന്നേറ്റമാണ് കണ്ടത്.
മിന്നൽ റവാബിക്ക് വേണ്ടി ഡാനിഷ് ബഷീറും ഹാഫിസും ഓരോ ഗോളുകൾ വീതം നേടി ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും രണ്ടിനെതിരെ മൂന്നിന് പാർട്ടി ഓഫീസ് റോയൽസ് ജേതാക്കളായി. പ്ലയെർ ഓഫ് ദ മാച്ചായി യാഷിൻ റഹ്മാനെ തെരഞ്ഞെടുത്തു. രണ്ടാമത്തെ മത്സരത്തിൽ കല്ലുമൽ എഫ്.സിയും അവുത്തത്തെ എഫ്.സിയും തമ്മിൽ മാറ്റുരച്ചു. ഗോൾ രഹിത സമനിലയിൽ ഇടവേളവരെ നീണ്ടു. ശേഷം കല്ലുമൽ എഫ്.സിയുടെ അജിത് റഹ്മാൻ നേടിയ മനോഹര ഗോളിലൂടെ കല്ലുമൽ എഫ്.സി മേൽക്കോയ്മ നേടി.
കളി അവസാനിക്കാൻ അഞ്ചുമിനിറ്റു ബാക്കിയുള്ളപ്പോൾ ശക്തമായ മുന്നേറ്റത്തോടെ അവുത്തത്തെ എഫ്.സിയുടെ ഫൈസൽ നേടിയ ഗോളിലൂടെ മത്സരം സമനിലയിൽ അവസാനിച്ചു. പ്ലയെർ ഓഫ് ദ മാച്ചായി ഫൈസലിനെ തെരഞ്ഞെടുത്തു. പി.ടി. അൻസാരി, പി.എ. സക്കീർ, ഇ.വി. ഡാനിഷ്, എസ്.വി. സക്കരിയ എന്നിവരടങ്ങിയ ഫുഡ് കമ്മിറ്റി ഗ്രൗണ്ടിൽ ഭക്ഷണം വിളമ്പി. ഇന്റർസ്കൂൾ ടീമുകൾക്കുള്ള 'സേ നോ ടു ഡ്രഗ്സ്' എന്ന സന്ദേശത്തോട് കൂടിയ ഫുഡ് കിറ്റ് കെ.വി. ഷംഷീർ, നൗഷിൻ, അലി ജാഫർ, കെ.വി. ഷമീർ എന്നിവരുടെ നേതൃത്വത്തിൽ വിതരണം ചെയ്തു.
വെള്ളിയാഴ്ച നടക്കുന്ന രണ്ടാംവാര മത്സരങ്ങളിൽ, സോക്കർ ക്ലബ് റിയാദ് അക്കാദമിയും യാര ഇൻറ്റർനാഷനൽ സ്കൂളും രണ്ടാമത്തെ കളിയിൽ ഇൻറ്റർനാഷനൽ ഇന്ത്യൻ സ്കൂളും യൂത്ത് സോക്കർ അക്കാദമിയും മാറ്റുരക്കും. 'ആഷ്ടെൽ സംഗമം സോക്കർ 2022' ആദ്യ മത്സരത്തിൽ അവുത്തത്തെ എഫ്.സി, പാർട്ടി ഓഫീസ് റോയൽസ് ടീമിനോടും രണ്ടാമത്തെ മത്സരത്തിൽ കല്ലുമൽ എഫ്.സി, മിന്നൽ റവാബി ടീമിനോടും മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.